രചന : ശങ്കൾ ജി ടി ✍

പണ്ട്പണ്ട് മഹാപര്‍വ്വതം പോലെ
കൂനകുടിയ നിശബ്ദതയാ
മഹാവിസ്ഫോടനത്തോടെ ശബ്ദങ്ങളുടെ
അഗ്നിപര്‍വ്വതമായ് ബഹളങ്ങളുടെ
ലാവയൊഴുക്കി ഇങ്ങനെ നില്ക്കുന്നതെന്നു തോന്നിപ്പോകും…..
മഹാശൂന്യതയില്‍നിന്ന്
സൃഷ്ടികളിങ്ങനെ
ആര്‍ത്തലച്ച്
കൊടുമ്പിരികൊണ്ടു നില്ക്കു‍ന്നതുപോലെ…
മഹാതമസ്സില്‍നിന്നും ഈ
തേജോഗോളങ്ങളുരുവായ് വന്ന്
അന്തംപറിഞ്ഞ്
ഇങ്ങനെ ഘോരഘോരം പ്രകാശിക്കുന്നതുപോലെ…….
എന്തിന്‍റെയെങ്കിലും
ആതിക്യത്തിലേ അതിന്റെ
വിപരീതം ഉണ്ടായ് വരൂ
എന്ന് പ്രകൃതിക്കു
വല്ലാത്ത വാശിതന്നെയാ എന്ന തോന്നലുതോന്നും ……
അഗ്നിക്കൊടുവില്‍
ഉരുവാകുന്ന,കരിക്കട്ടകള്‍പോലെ
ഇല്ലായ്മയുടെ അടിത്തട്ടില്‍പ്പോലും
അടിഞ്ഞുകൂടും
ഉണ്മയുടെ
മത്തുപിടിപ്പിക്കുന്ന വെളിച്ചത്തരികള്‍…
എന്‍റെ ഇല്ലായ്മയുടെ
ആതിക്യത്തില്‍നിന്നുമാണ് ഞാനുരുവായത്
എന്‍െറ പൂര്‍ണ്ണതയായ
എനിക്കൊടുവില്‍ എന്റെ ശൂന്യത
എഴുതപ്പെട്ടുകിടക്കുന്നു
എന്നാല്‍
ഏതുതെളിച്ചത്തുമില്ല
ഇരുണ്ട കാര്‍മേഘങ്ങള്‍ക്കുനടുവിലെ
മഴവില്ലിന്‍റെ
സാധ്യതപോലൊന്ന്……..
ഇല്ലായ്മയിലല്ലാതെ ഉണ്മയിലെങ്ങുമില്ല
എന്‍റെ ഈ
ഘനീഭവിച്ച ഞാന്‍പോലൊന്ന്…..

ശങ്കൾ ജി ടി

By ivayana