രചന : സതി സുധാകരൻ പൊന്നുരുന്നി✍
മലയാള മക്കളെ കാണുവാനായ്
ഉത്രാടരാത്രിയിൽ വന്നു മന്നൻ.
ഉത്രാടപ്പാച്ചിൽ കണ്ട നേരം
അന്തം വിട്ടങ്ങനെ നിന്നു പോയി.
കുരവയും ആർപ്പും വിളികളോടെ , മാലോകർ
മാവേലി മന്നനെ സ്വീകരിച്ചു.
പുലികളി കണ്ടു രസിച്ച നേരം,
കൈകൊട്ടിക്കളിയും കണ്ടു നിന്നു.
ആയിരം മങ്കമാർ അണിഞ്ഞൊരുങ്ങി,
നൃത്തച്ചുവടുകൾ കണ്ടു കൊതിച്ചു പോയി.
തെരുവുകൾ തോറും നടന്നു,
ചേലൊത്ത പൂക്കളെക്കണ്ടു നിന്നു .
നാട്ടിലെ പൂക്കളെ കാണ്മാനില്ല
എല്ലാം എവിടെ പ്പോയൊളിച്ചു.
തെരുവിൻ്റെ മക്കളെ കണ്ടു മന്നൻ,
തലയിൽ കൈവച്ചനുഗ്രഹിച്ചു.
ഇനിയുള്ള കാലം നിങ്ങളെല്ലാം
സുഖമായി വാഴേണമെന്നു ചൊല്ലി.
തൂശനിലയും മുറിച്ചു വച്ച് മാലോകർ ,
മാവേലി മന്നനെ കാത്തിരുന്നു.
തിരുവോണ സദ്യ കഴിഞ്ഞ നേരം
തിരികെ പോകാനൊരുങ്ങി മന്നൻ.
ആടയാഭരണങ്ങളുഴിച്ചു വച്ച്
തലയും കുനിച്ചു നിന്ന നേരം,
തുമ്പയും തുളസിയും’ മുക്കുറ്റിപ്പൂക്കളും
സങ്കടം കൊണ്ടു വിതുമ്പിപ്പോയി.
കരയണ്ട മക്കളെ നിങ്ങളെ കാണുവാൻ,
തിരുവോണ നാളിൽ ഞാൻ തിരികെയെത്തും.
കള്ളത്തരങ്ങളും, ചതിയേതുമില്ലാത്ത
മാലോകരായ് നിങ്ങൾ വാണിടേണം.
കേരള മക്കൾക്കു വരം കൊടുത്ത്
പാതാള ത്തിലേയ്ക്കു യാത്രയായി.