രചന : പിയുഷ് ക്രിസ്✍

ചിറകിന് കരുത്താർജ്ജിക്കുമ്പോൾ പക്ഷി കൂടുവിട്ട് പറന്നുയരുന്നു; അത്രയും നാൾ തനിക്ക് അഭയമായിരുന്ന കൂടിനോട് യാതൊരു ഗൃഹാതുരതയുമില്ലാതെ. ഇനി ആകാശമാണ് അവളുടെ ഗൃഹം. അതുപോലെ സ്വന്തമായതെല്ലാം വെടിഞ്ഞ് ചിദാകാശത്തിന്റെ അനന്തതയിലേക്ക് സ്വയം സമർപ്പിക്കുന്ന ചില ആത്മാക്കളുണ്ട്. അപ്പുപ്പൻ താടികൾ പോലെ കാറ്റിനൊപ്പം യാത്രപോയവർ. അവരാണത്രെ അവധൂതർ.
അവധൂതർ നമ്മെ സ്വാധീനിക്കുന്നത് പ്രത്യക്ഷമായല്ല. അവരുടെ കേവല സാന്നിധ്യം കൊണ്ട് മാത്രം ഒരു നാടിന്റെ ഊർജ്ജമണ്ഡലത്തെ വിമലീകരിക്കുന്നു.

ദിനവും ദേഹശുദ്ധി വരുത്തുക, ചികിത്സ തേടുക തുടങ്ങിയ നാഗരികമായ യാതൊരു ശീലങ്ങളും അവർക്കുണ്ടാകില്ല. എങ്കിലോ രോഗപീഡകളോ ദേഹം അശുദ്ധമാകലോ അവരിൽ സംഭവിക്കുന്നില്ല. ഉറക്കമോ ഉറക്കമുണരലോ അവരിലില്ല. എല്ലാ സാമൂഹ്യ സാമ്പ്രദായിക നിയമങ്ങളും മറികടന്നുകൊണ്ട് ഈ ലോകത്ത് കൂടി ഗഗനചാരിയായ ഒരു പക്ഷിയെ പോലെ അവർ കടന്നുപോകുന്നു. പിന്നിൽ പാടുകൾ അവശേഷിപ്പിക്കാതെ.


കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. എന്നാൽ അത്തരമൊരാൾ ഇന്നലെ വരെ നമുക്കിടയിൽ ഉണ്ടായിരുന്നു. തലശ്ശേരിയിൽ. തിരുവങ്ങാട്ടമ്മ എന്ന് വിളിപ്പേരുള്ള ഒരു അവധൂത. ഏകദേശം അൻപത് വർഷങ്ങൾക്ക് മുൻപാണത്രെ അമ്മ തലശ്ശേരിയിൽ എത്തുന്നത്. അലസമായി വാരിചുറ്റിയ ചേലയുമായി മഴയെയും വെയിലിനേയും ഒരു പോലെ സ്വീകരിച്ച് സദാ നിസ്സംഗഭാവത്തിൽ അലഞ്ഞ് തിരിഞ്ഞ അമ്മയിലേക്ക് പൂക്കളിലേക്ക് പൂമ്പാറ്റകളെന്ന പോലെ ചില മനുഷ്യർ ആകൃഷ്ടരായി. രാത്രി കാലങ്ങളിൽ കടലിൽ തിരമാലകൾക്കൊപ്പം ഏറെ ദൂരം അവർ ഒഴുകിനീങ്ങുന്നത് മായികമായ ഒരു കാഴ്ചയായിരുന്നു. ഇടക്ക് അജ്ഞാതമായ ഏതോ ഭാഷയിൽ ഗാനം മൂളുമായിരുന്നതൊഴിച്ചാൽ മറ്റൊരിക്കലും ഭാഷ ഉപയോഗിച്ചിരുന്നില്ല. കുട്ടികളെ അമ്മക്ക് ഒരുപാട് ഇഷ്ടമായിരുന്നത്രെ.

അമ്മക്ക് ആഥിത്യമേകിയിരുന്ന ജയകുമാർ എന്ന വ്യക്തിയുടെ വീട്ടിലെ ഒരു മുറിയിൽ നിറയെ പാവകളുണ്ടായിരുന്നു. അപൂർവ്വമായേ ‘അമ്മ അവിടേക്ക് വന്നിരുന്നുള്ളു എങ്കിലും പാവകൾ അമ്മക്കിഷ്ടമായിരുന്നു.
മൗനസഞ്ചാരത്തിന്റെ സുദീർഘമായ ആ ജീവിതം ഇവിടെ പൂർണ്ണമാവുകയാണ്. അജ്ഞാതമായ നിയോഗങ്ങൾ സഫലീകരിച്ചുകൊണ്ട് ദേഹം വെടിഞ്ഞ് ദേഹി യാത്രയായി; യുക്തിയുടെ മുഴക്കോലുകൊണ്ട് അളക്കാവുന്നതിലും ആഴം ജീവിതമെന്ന ആഴിക്കുണ്ടന്ന് നമ്മെ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട്.
പ്രണാമം🙏🏻❤️

By ivayana