വരുന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്കാനയിൽ ശനിയാഴ്ച നടത്തിയ 14, 883 ടെസ്റ്റുകളിൽ 1284എണ്ണം പോസിറ്റീവാണ്. ഇതോടെ ഇവിടെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 2, 52, 700
ആണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17% ആണ് cumulative sample positivity rate. അതായത് 42959 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 30607പേർ രോഗമുക്തരായിട്ടുണ്ട്. ബാക്കി 12352 രോഗികളിൽ ഏകദേശം 10,000 പേർ തലസ്ഥാനമായ ഹൈദരാബാദ് നഗരപരിധിയിൽ ജീവിക്കുന്നവരാണ്.
പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ഹൈദരാബാദിൽ നൂറിൽ ഒരാൾ കോവിഡ് രോഗിയാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. (നഗരപരിധി 625ച. കി. മി ആണ് ഓരോ ചതുരശ്ര കിലോമീറ്ററിലും 15-16രോഗികൾ. )
സ്ഥിരീകരിച്ചരോഗികളിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയും ഇപ്പോൾ അവരവരുടെ വീടുകളിൽ താമസിപ്പിക്കുകയാണ്.മുൻപ് ചെയ്തിരിന്നതുപോലെ രോഗികൾ ഉള്ള വീടുകൾ ഇപ്പോൾ അടയാളപ്പെടുത്തുന്നില്ല. ഒരാൾ രോഗിയാണെന്ന് സ്വയം വെളിപ്പെടുത്തുന്നതുവരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും കഴിയില്ല.
ഇത്രയേറെ രോഗീബാഹുല്യമുണ്ടായിട്ടും കർശനമായ നിയന്ത്രണങ്ങൾ ഒരിക്കലും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങൾ ഭയവിഹ്വലരുമല്ല. കർഫ്യൂ കാലത്തും പോക്കുവരവുകൾക്കും ഇടപാടുകൾക്കും കാര്യമായ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല. പൊതുവിൽ ഇപ്പോൾ രോഗത്തെപ്പറ്റി ജനങ്ങൾ ബോധവാന്മാരാണ്. വെളിയിലിറങ്ങുന്ന മിക്കവരും മാസ്ക് ധരിക്കുന്നുണ്ട്. ഇടവിട്ട് സാനിറ്റിസെർ ഉപയോഗിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നുണ്ട്. അഥവാ വിരളമായി ആരെങ്കിലും ഇതൊന്നും പാലിക്കുന്നില്ലായെങ്കിൽ അതാരും ശ്രദ്ധിക്കാറുമില്ല. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്, പക്ഷേ ആരും രോഗത്തെ ഭയക്കുന്നില്ല. അതാണ് അഭികാമ്യവും.
കണക്കുകൾ അനുസരിച്ച് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡിന്റെ പ്രഭാവം വളരെവളരെ നേരിയതാണ്.
രോഗവ്യാപനത്തിനെതിരെ ഗവണ്മെന്റിന്റെയും ജനങ്ങളുടെയും അഭിനന്ദനീയമായ കരുതലാണ് കേരളത്തെ ഇത്തരത്തിൽ നിലനിർത്തുന്നതെങ്കിലും അമിതമായ ഭയവും അനാവശ്യമായ ഉത്കണ്ഠയും കേരളീയരെ ബാധിച്ചിട്ടുണ്ട്.
ചുറ്റിത്തിരിയുന്ന ഒരു രോഗിയെ ഓടിച്ചിട്ടു പിടിക്കുക, രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്തതുകൊണ്ട് (മാസ്കുധരിച്ച് )ബസ്സിൽ യാത്രചെയ്യുന്ന ഒരു സ്ത്രീയെ ബസ്സ് തടഞ്ഞുനിർത്തി ബലമായി പിടിച്ചുകൊണ്ടുപോകുക, രോഗം ഭേദമായി വരുന്നവരെ സ്വന്തം വീട്ടിലേയ്ക്കുപോലും സ്വീകരിക്കാതിരിക്കുക, ഇവയെല്ലാം വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക, ഇതൊക്കെ കേരളത്തിലല്ലാതെ മറ്റെവിടെയാണ് സംഭവിക്കുക? മാനുഷിക പരിഗണനയില്ലാത്ത ഇത്തരം ക്രൂരതകളിലൂടെയാണ് നമ്മൾ കോവിഡ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതെങ്കിൽ, വസൂരി വന്നവരെ ജീവനോടെ ദഹിപ്പിച്ച പഴയ കാലത്തുനിന്നും നമ്മൾ പുരോഗതി പ്രാപിച്ചിട്ടില്ല. പക്ഷിപ്പനി വന്നാൽ ഒരു പ്രദേശത്തെ കോഴികളെ ഒന്നടങ്കം കൊന്നുകളയുന്ന നടപടിക്രമങ്ങൾതന്നെ കോവിഡിനും ബാധകമാക്കുമോ കേരളം എന്നാണിപ്പോൾ എന്റെപേടി.
ഈ രോഗം ബാധിക്കുന്നവരിൽ നൂറിൽ ഒന്നോരണ്ടോ പേർക്കുമാത്രമാണ് ആശുപത്രിസംവിധാനങ്ങൾ വേണ്ടിവരുന്നത്. രോഗമുക്തിനേടിയ നിരവധി സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചതിനനുസരിച്ച് ‘ചെറിയൊരു പനി ‘
എന്നതിനപ്പുറം പേടിക്കേണ്ടയൊരു രോഗമല്ല കോവിഡ്.
മാസ്ക് ധരിക്കാതെ ഒരു ക്ഷയരോഗി പൊതുവിടങ്ങളിൽ ചുറ്റിക്കറങ്ങുന്നതും തിരക്കുള്ള ബസ്സിലും ട്രെയിനിലും സഞ്ചരിക്കുന്നതും പോലെ (രണ്ടു മാസം മുൻപുവരെ അങ്ങനെയായിരുന്നല്ലോ )അത്ര ഭീകരമല്ല മാസ്‌ക് ധരിച്ചുകൊണ്ട് ഒരു കോവിഡ് രോഗി വെളിയിൽ ഇറങ്ങുന്നത്.
രോഗം വരാതെ നോക്കാനും അതു പടരാതെ ശ്രദ്ധിക്കാനും ഓരോ പൗരന്മാരും ബാധ്യസ്ഥരാണ്. അതിനുപകരിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ തീർച്ചയായും പാലിക്കുക. പക്ഷേ രോഗിയെ പേപ്പട്ടിയെപ്പോലെ ഭയപ്പെടുകയും മാലിന്യത്തെപ്പോലെ തിരസ്കരിക്കുകയും ചെയ്യുന്ന പൊതുസാഹചര്യം മാറണം. സമൂഹത്തിൽ നിലനിൽക്കുന്ന അമിതമായ ഭയം അനാവശ്യമാണ്.