രചന : റോബി കുമാർ✍
വേർപിരിയലിന്റെ ഒൻപതാം നാൾ അവന്റെ വാരിയെല്ലിൽ
ഒരു പേമാരി പെയ്തു.
പേരറിയാത്തവൾ അവന്റെ കണ്ണുകളെ പൊത്തി വെച്ചു.
അവന്റെ അഗ്നിപർവതങ്ങൾ അവളുടെ നെഞ്ചിന്റെ തണുപ്പ് കൊണ്ടവൾ കെടുത്തി.
അവന്റെ കണ്ണീരിന്റെ ചാലുകളവൾ കുടിച്ച് വറ്റിച്ചു.
കറുത്ത പകലുകളിൽ ഒരു മെഴുതിരി കത്തിച്ചു വെച്ചവൾ പറഞ്ഞു;
ഹേയ് മുറിവേറ്റ കാമുകനായ കവിയെ…
ഇതാ നിന്റെ ഉന്മാദിയായ കാമുകി,
നീ ഒന്ന് ഉണർന്നെഴുന്നേൽക്കുക,
എന്റെ കൈ തണ്ടയിൽ മുറുകെ പിടിക്കുക.
നിന്റെ മുറിവുകളിവൾ കണ്ണീരു പുരട്ടി ഉണക്കിയിരിക്കുന്നു
നിന്റെ കാൽപാദങ്ങളുടെ വിണ്ട ഉപ്പൂറ്റിയിലിവൾ മന്ത്രവാദിനിയെ പോലെ ഒറ്റ തലോടലിൽ നടക്കാനുള്ള ശേഷി തന്നിരിക്കുന്നു,
നിന്റെ കണ്ണുകളിലെ കറുത്ത വിഷാദപാടുകളിവൾ
ഉമിനീർ പുരട്ടി സുന്ദരമാക്കിയിരിക്കുന്നു,
നിന്റെ എല്ലുന്തിയ നെഞ്ചിൻകൂടിവൾ മുഖം ചേർത്തു,ഏറ്റവും കരുത്തുള്ള ഒരു മരത്തെ പോലെ ബലമുള്ളതാക്കിയിരിക്കുന്നു.
വരണ്ടു പോയ നിന്റെ കണ്ണുകളിവൾ രാത്രിയിലെ ഒറ്റ നക്ഷത്രം പോലെ തിളക്കമുള്ളതാക്കിയിരിക്കുന്നു.
എന്റെ ഉന്മാദിയായ പ്രിയപ്പെട്ടവളെ;
ഇവനിതാ പുനർജ്ജനിച്ചിരിക്കുന്നു.
എനിക്ക് നടക്കാനാവുന്നു.
ചത്തു പോയ ചിരികളെ ചുണ്ടിൽ നിറക്കാനാവുന്നു,
ഇനി നിന്റെ കാൽപാടുകളിലൂടെ ഞാനൊന്നു നടന്നു തുടങ്ങട്ടെ, ജീവിച്ചു തുടങ്ങട്ടെ 🌺