രചന : മംഗളൻ എസ്✍

ചിങ്ങത്തിൽ മുറ്റത്തൊരത്തക്കളം
ചിങ്ങവെയിലിനുവെൺ തിളക്കം
ചിങ്ങക്കാറ്റൂതുന്നു പൊൻ കുരവ
ചിങ്ങനിലാവിൻ കളഭാമൃതം!

മുറ്റത്തെ മുല്ലതൻ പൂമൊട്ടുകൾ
മുറ്റം നിറയ്ക്കുന്നൊരത്തക്കളം
മുറ്റത്തെ മാങ്കൊമ്പിലൂയ്യലാട്ടം
മുറ്റത്തു കുട്ടികൾക്കോണക്കളി!

ഓണപ്പുലരിയിലാറ്റിൽമുങ്ങി
ഓണക്കുളി കഴിഞ്ഞോടിയെത്തി
ഓണപ്പുടവയുടുത്തൊരുങ്ങി
ഓണമുറ്റത്ത് പൂക്കളമൊരുക്കി!

ഓണപ്പുലികളിയാർപ്പുവിളി
ഓണത്തിരുവതിര കളിയും
ഓണവിരുന്നെത്തുംമാവേലിക്കായ്
ഓണസദ്യയൊരുക്കവുമായി!

പച്ചടി കിച്ചടി ഇഞ്ചിത്തീയൽ
പച്ചപ്പാവയ്ക്കവറുത്തുപ്പേരി
പച്ചമോരും പരിപ്പും സാമ്പാറും
പച്ചരിപ്പായസം പാലടയും!

By ivayana