രചന : രമേഷ് ബാബു✍
ആദ്യത്തെ ഗുണം ആരും മതത്തിന്റെ പേര് പറഞ്ഞ് വീട്ടിൽ വരില്ല എന്നതാണ്,
എങ്ങാനും വന്നാൽ തന്നെ താത്പര്യമില്ല എന്ന് പറഞ്ഞാൽ വന്നവർ ഭീഷണിയൊന്നും മുഴക്കാതെ തന്നെ തിരികെ പൊയ്ക്കോളും,
രണ്ട്, നമ്മുടെ മുകളിൽ അധികാരം സ്ഥാപിക്കാനോ ഏതെങ്കിലും നിയമം അടിച്ചേൽപ്പിക്കാനോ പണ്ഡിതൻമാരോ ആത്മീയ ഗുരുക്കളോ തുനിയാറില്ല, അവരൊട്ടു വരാറുമില്ല,
പിന്നെ ദൈവം, അമ്പലം ഇവയിലൊന്നും തന്നെ നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ല,
അവനവൻ എങ്ങനെ ജീവിക്കണമെന്ന് അവനവന് തന്നെ തീരുമാനിക്കാം..
സ്വർഗം നരകം ഇതെല്ലാം തൊണ്ണൂറു ശതമാനം ഹിന്ദുക്കൾക്കും എന്നേപ്പോലെത്തന്നെ കേട്ട് കേൾവി മാത്രമായിരിക്കും ഉള്ളത്,
അതുകൊണ്ട് തന്നെ ആരും അതിനെക്കുറിച്ച് ബേജാറാകുന്നുണ്ടെന്ന് തോന്നിയിട്ടില്ല.
ജീവൻ പോയാൽ അവനവന്റെ തൊടിയില്ലോ പൊതു ശ്മശാനത്തിലോ കുഴിച്ചിടുകയോ, കത്തിക്കുകയോ താത്പര്യമുണ്ടെങ്കിൽ
പഠനത്തിനായി ബോഡി മെഡിക്കൽ കോളജിന് നൽകുകയോ ചെയ്യാം..
പിന്നെ സനാതനം, ഉപനിഷത്ത്, മനുസ്മൃതി ഇതെല്ലാം ഇപ്പോഴാണ് താഴേ തട്ടിൽ കേട്ടു തുടങ്ങിയത്,
ആകപ്പാടെ അറിയുന്നത് രാമായണം, മഹാഭാരതം എന്നിവയാണ് ഇത് തന്നെ സാധാരണക്കാരായിട്ടുള്ളവരിൽ വായിച്ചവർ വളരെ വിരളമാണ് എന്നാണ് എന്റെ അറിവ്..
ആകപ്പാടെ അറിയാവുന്നത്
നമ്പൂതിരി മുതൽ
ഹരിഗിരി വരെയുള്ള ജാതിപ്പേരുകളും അവർക്കായി വിഭജിച്ച തൊഴിലുകളും
അവർക്കായി കൽപ്പിച്ചു നൽകിയ അളവുകോലുകളും ലക്ഷ്മണ രേഖകളുമാണ്,
അതൊന്നും ലംഘിക്കാൻ പോകാത്തേടത്തോളം കാലം അവരും നമ്മളെ അറിയില്ല..
എല്ലാം ശൂന്യതയിൽ നിന്നും തുടങ്ങി ശൂന്യതയിൽ അവസാനിക്കുന്നു എന്നത് മാത്രമാണ് സത്യം,
വെളിച്ചവും, വെള്ളവും, ഓക്സിജനുമാണ് സർവവ്യാപിയായ സ്രോതസ്സ്..
അത് എന്ന് നിലയ്ക്കുന്നുവോ അന്ന് എല്ലാം തീരും..!!