രചന : Sha Ly Sha ✍

നാളെ നിങ്ങൾ വഴിയിലെവിടെയെങ്കിലും
ഒരാളെ കാണും..
അയാൾ അത്യാധുനികനായ ഉന്മാദിയോ
പൂർണ്ണ ‘സ്വതന്ത്ര’ യായൊരു
സുമുഖിയോ ആവും..
അവർ നിങ്ങളുടെ ഏകാന്തതക്ക് കൂട്ടിരിക്കാമെന്നും
വേദനകളിൽ തൈലമാവാമെന്നും
മുറിവിൽ ഉപ്പ് പുരട്ടാമെന്നും
വാഗ്ദാനം തരികയും
സ്വർഗ്ഗം ഭൂമിയിലാണെന്ന്
പ്രബോധനം ചെയ്യുകയും ചെയ്യും..
നിങ്ങളിൽ ചഞ്ചല ചിത്തങ്ങളെ
ഒറ്റ നോക്കിൽ അളക്കപ്പെടുകയും
ഒരു ഗൂഢസ്മിതം
സ്വാഗതം ചെയ്യുകയും ചെയ്യും
ഉറങ്ങുന്ന മസ്തിഷ്കത്തെ
ഉണർത്താമെന്നും
തളർന്ന സിരകളിൽ
ചൂടു പടർത്താമെന്നും
സ്വകാര്യം പറയും..
പ്രകൃതിയേക്കാൾ സുന്ദരം
ഗല്ലികളാണെന്ന മായക്കാഴ്ചയിലൂടെ
ഇരുട്ടിലേക്ക് നടത്തും..
ഹിപ്പിക്കും ഫ്രീക്കനുമിടയിലെ
ഇടനാഴിയിൽ നിന്നിറങ്ങി
നടന്നവനെ പോലെ തോന്നിക്കുന്ന
കറുത്ത ചുണ്ടുകളും ചത്ത കണ്ണുകളുമുള്ള ഒരുവനെ ചൂണ്ടി ‘ദൈവ’ മെന്നും
അവൻ വെച്ചു നീട്ടുന്ന
വെളുത്ത ‘പൊടി’ യെ പ്രസാദമെന്നും പറയും..
അയാൾ നിങ്ങളോട്
നിറങ്ങളെ ചൊല്ലി കലഹിക്കുകയും
ശൂന്യതയെക്കുറിച്ചു
വാചാലനാവുകയും ചെയ്യും
നിശ്ചയം
പറുദീസയിലേക്ക് വഴി വരച്ച
അതേ പൊടി കൊണ്ടവർ
നിങ്ങൾക്ക് തുടല് കെട്ടുകയും
മൂക്കുകയർ കുത്തുകയും ചെയ്യും..
നമ്മുടേതെന്നു മാത്രം കരുതിയ
ഉടലിനെ അവരുടേതുമെന്നു
ചാപ്പ കുത്തുകയും
വീതിച്ചെടുക്കുകയും ചെയ്യും..
ഒരു ‘പൊടി’ കനിവിനായി
നിങ്ങളാ കാലുകളിൽ കുമ്പിടുകയും
ഒരു വെളുത്ത ശ്വാസത്തിനായി
ചെരുപ്പ് നക്കുകയും ചെയ്യുമ്പോൾ..
പണ്ടെങ്ങോ നമ്മുടേതായിരുന്ന
കണ്ണുകൾ നിറയുകയും… ഹൃദയം- നെഞ്ചത്തടിച്ച് തിരിച്ചു വിളിക്കുകയും ചെയ്യും,
ഓരിയിടാനും നാലു കാലിൽ നടക്കാനും
‘പൊടി’ പറയുമ്പോഴെങ്ങനെ
അനുസരിക്കാതിരിക്കുമെന്നാണ്…?

By ivayana