രചന : റാണി സുനിൽ ✍

ചിരിയുടെ നൂൽ പിടുത്തത്തിലൂടാണ്
ഞങ്ങളൊത്തവൃത്തത്തിലെത്തുന്നത്.
ഒറ്റ ചരടിലളന്നു ചുവടുകൾ ഒപ്പമെത്തിച്ച്
പൂവിട്ടു തൊഴുത് വണങ്ങും.
ആവർത്തനങ്ങളിട്ട് കുമ്മിയിടും
ചലനചടുലതയിൽ
കൊട്ടികറങ്ങി നന്മവരാൻ കൈകൊടുത്തുപോകും.
പ്രപഞ്ചത്തിലെല്ലാം ഉരുണ്ടു കറുങ്ങുമ്പോൾ ഞങ്ങളും
വട്ടത്തിനുള്ളിൽ
ഒരുമ കോർത്തെടുക്കുന്ന
താളത്തിന്റെ മുത്തുകൾ.
താള ചക്രത്തിനൊപ്പം കൊട്ടിപ്പാടി
ഭ്രമണപഥത്തിലുരുണ്ടൊഴുകുന്നു.
അമ്മമാരെ ഉമ്മവെക്കുന്ന ഓണകുഞ്ഞുങ്ങൾ ചുറ്റിനും.
ഓർമ്മകളുടെ തീവ്രതയ്‌ക്കായ്
ഒരുടീ ബ്രേക്ക്‌.
മനസ്സെത്തുന്നിടത്തു
താളമെത്തിക്കുന്ന വിദ്യയാണത്.
ഇഷ്ടത്തോടെ തിരഞ്ഞെടുത്ത
ചേലചുറ്റി ആടയാഭരണങ്ങളിട്ട്
ഒരുമിച്ചു കൊട്ടിപാടുമ്പോൾ
ഞങ്ങൾ അരികുകളില്ലാത്ത
പൂർണ്ണതയുടെ ഉരുണ്ട ഭൂമികയാവുന്നു.
ഓണത്തിരുവാതിരയാവുന്നു.

റാണി സുനിൽ

By ivayana