രചന : പ്രസന്നകുമാർ രാഘവ് ✍

അതേ, നമുക്ക് പ്രതിരോധിക്കാനും ഒഴിവാക്കാനും കഴിയുന്ന ഒരു സാമൂഹ്യ വിപത്താണ് ആത്മഹത്യ. സ്ഥിതിവിവരക്കണക്കുകൾ നമ്മെ അസ്വസ്ഥമാക്കുന്നവയാണ്. അത് വിട്ടുകളയാം.
കുടുംബത്തിലും സമൂഹത്തിലും ഒരു ആത്മഹത്യ സൃഷ്ടിക്കുന്ന ആഘാതം എത്ര വിനാശകരമാണ് !
എത്ര കാലമെടുത്താണ് ജീവിച്ചിരിക്കുന്നവർ അത്തരം ആഘാതങ്ങളിൽ നിന്ന് മുക്തരാവുന്നത്!
എന്തുകൊണ്ടാണിങ്ങനെ?
കുടുംബപ്രശ്നങ്ങൾ, ശാരീരികവും മാനസികവുമായ രോഗങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം, ജീവിതത്തിലുണ്ടാവുന്ന ഇടർച്ചകളെ നേരിടാനോ മറികടക്കാനോ ഉള്ള കഴിവുകളുടെ അഭാവം, മെച്ചപ്പെട്ട സാമൂഹ്യ ബന്ധങ്ങളുടെ കുറവ് തുടങ്ങിയവയാണ് ആത്മഹത്യയുടെ മുഖ്യകാരണങ്ങൾ.
ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണമാണെങ്കിലോ, ഭീമമാണ്.
നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുക എന്നതിന് പകരം അവയിൽ നിന്ന് രക്ഷപ്പെട്ടു പോവുക എന്ന കുറുക്കുവഴിയാണ് പലർക്കും ഇത്.
ആത്മഹത്യ ചെയ്യുന്നവരിൽ ഏറിയ പങ്കും ഏതെങ്കിലും മനോരോഗങ്ങൾ ഉള്ളവരാണെന്നും പഠനങ്ങൾ കാണിക്കുന്നു.
ജീവിതം ജീവിക്കാനുള്ളതാണ്, അനുഭവിക്കാനുള്ളതാണ്, ആസ്വദിക്കാനുള്ളതാണ്…
അതിനുവേണ്ട പ്രധാന കാര്യംജീവിച്ചിരിക്കുക എന്നതുതന്നെയാണ്…
ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏതുതരം പ്രശ്നങ്ങൾക്കും പരിഹാരം ഇവിടെത്തന്നെയുണ്ട്. നമുക്ക് തനിയെ അത് കണ്ടെത്താൻ കഴിയാതെ വരുമ്പോൾ മറ്റുള്ളവരുടെ സഹായം തേടുക.
നമ്മുടെ ജീവിതം പലർക്കും വിലപ്പെട്ടതാണ്. നമ്മളതറിയുന്നില്ലെന്ന് മാത്രം.
മഴ പെയ്തൊഴിയാൻ കാത്തു നിൽക്കുന്നതിന് പകരം
നനഞ്ഞു കൊണ്ട് നടക്കാൻ പഠിക്കുക…
ആത്മഹത്യ ഒരു മാർഗ്ഗമല്ല…
ഒരു വെറും തോൽവിയാണത്…

By ivayana