രചന : ജയരാജ്‌ പുതുമഠം✍

“പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ…
കേട്ടു കേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ…
കരളിന്റെ കാതലേ…”
മലയാളി മനസ്സിനെ എക്കാലത്തും വിസ്മയിപ്പിച്ച ഒരു താരാട്ട് പാട്ടായിരുന്നു,1970 ൽ ‘സീത’ എന്ന ചിത്രത്തിന് വേണ്ടി അഭയദേവ്
എഴുതി ദക്ഷിണാമൂർത്തി സംഗീതമേലങ്കി അണിയിച്ച് വശ്യസാന്ദ്രമായ ശബ്ദസമ്പന്ന പി.സുശീല പാടി അനശ്വരമാക്കിയ ഈ ഗാനം.
ഇന്നും ഈ ഗാനശകലങ്ങൾ കേൾക്കുന്ന ഏതൊരുമനസ്സും അല്പനേരത്തേക്കെങ്കിലും മറ്റെല്ലാം മറന്ന് വാത്സല്യത്തിന്റെ പൊന്നൂഞ്ഞാലിൽ ആടിമയങ്ങുന്ന നിമിഷങ്ങൾ ഉണർന്ന് പെയ്യാറുണ്ട്.
പക്ഷേ, കാലം ചക്രവാളസീമകളെ മാറ്റിമറിച്ചുകൊണ്ട് മുന്നോട്ട് ഉരുണ്ടപ്പോൾ ജീവിത താളങ്ങളിലെ ശ്രുതികൾക്കും വ്യതിയാനം സംഭവിച്ചുകൊണ്ടേയിരുന്നു.
പക്ഷേ,താരാട്ട് പാടിയുറക്കാൻ ഇന്ന് പല അമ്മമാർക്കും സമയമില്ല. അമ്മിഞ്ഞപകരാൻ മിക്കവാറും തള്ളമാർ താൽപ്പര്യം കാണിക്കുന്നില്ല. പ്രസവിക്കാൻപോലും വിമുഖത കാണിക്കുന്ന സ്ത്രീ ജന്മങ്ങളുടെ ആധിക്യം ന്യായീകരണങ്ങൾ തേടുന്ന കാലഘട്ടത്തിലാണ് ആധുനിക സമൂഹങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
പ്രസവിച്ചിട്ട കുരുന്നുകൾ Baby Care എന്ന ‘ഓമന’ സ്ഥാപനങ്ങളിൽ അഭയം തേടേണ്ടതായ ഗതികേടുകളിലാണ് മിക്കവാറും ലോകം മുഴുവൻ ഇപ്പോൾ.
ഇവിടെ മറഞ്ഞുനിൽക്കുന്ന ഭീകരമായ അപകടങ്ങളിലേക്ക് മിഴിക്കൂർപ്പിക്കുവാൻ എത്ര രക്ഷിതാക്കൾ മനസ്സ് തുറന്നിട്ടുണ്ടെന്നത് ചിന്തോദ്ദീപകമായ വിഷയമാണ്.
ഇടയ്ക്കിടെ അമേരിക്കൻ നാടുകളിൽ സന്ദർശനം നടത്താറുള്ള എന്റെ സുഹൃത്ത് പറയുന്നു “Baby Care കേന്ദ്രങ്ങളിൽ പകലുകൾ കഴിഞ്ഞുകൂടുവാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ബാലവാശികൾ എളുപ്പത്തിൽ പരിഹരിക്കുവാൻ അമേരിക്കയിലെ പലയിടങ്ങളിലും ചെയ്തുപോരുന്നത് താരാട്ടുപാട്ടുകളോ, കളിക്കോപ്പുകളോ അല്ല, നേരിയതോതിലുള്ള ലഹരി മിശ്രിതം ശിശുവിലേക്ക്‌ ആഹാരത്തോടൊപ്പം കടത്തിവിടുകയാണ് ചെയ്യുന്നത്.”
ആയമാരുടെ സ്വകാര്യതക്ക് വിഘ്നം വരാതെ കുട്ടികളെ ‘സംരക്ഷിക്കാ’നുള്ള നൂതന വിദ്യയാണത്രേ ഇത്തരം ലളിത ലഹരി പ്രയോഗം. പതിയെപ്പതിയെ ലഹരിയുടെ രുചി കുട്ടികളുടെ രക്‌തശീലത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി പരിവർത്തിക്കപ്പെടുകയും തുടർന്നുള്ള ജീവിതചക്രത്തിന്റെ അവിഭാജ്യമായ ഉത്തേജനശക്തിയായി മാറുകയും ചെയ്യുന്നു.
ഈ ദുരവസ്ഥ വളർന്ന് വലുതായി ജീവിതംതന്നെ നിഷ്‌ക്രിയാവസ്ഥയിലേക്ക് മാറിപ്പോകുന്ന “Zombies” എന്ന മാരകമായ സ്ഥിതിയിൽ എത്തിനിൽക്കുകയാണ് ഇന്ന് പ്രകൃതി.
ഈ വഴിയേതന്നെയാണ് നമ്മുടെ നാടും പോയിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് നാം കേട്ടും വായിച്ചും അറിഞ്ഞുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന വാർത്തകൾ മാവേലിനാട് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനകൾ തന്നുകൊണ്ടിരിക്കുന്നുണ്ട്.
ജനങ്ങളും, ജനപ്രതിനിധികളും(?), ഉദ്യോഗസ്ഥമേലാളന്മാരും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ അടയാളം തന്നെയാണ് ഈ ലഹരിവിളവിന്റെ സമൃദ്ധി.
നമുക്ക് രക്ഷപ്പെടേണ്ടേ…?

ജയരാജ്‌ പുതുമഠം

By ivayana