രചന : എം പി ശ്രീകുമാർ✍

കണ്ണുകൾ കാന്തിയിൽ രമിക്കേണം
കാതുകൾ ഗീതങ്ങൾ നുകരേണം
നാവു രുചിയിൽ മുഴുകേണം
ബുദ്ധിയിലറിവു ലയിക്കേണം
മനസ്സിൽ ജീവിതരതി വേണം
താനതിൽ കുരുങ്ങാതിരിക്കേണം
മനസ്സിൽ ജീവിതരതി വേണം
ഇല്ലെങ്കിലിരുളവിടെത്തീടാം
ജീവിതവാഹിനി നീന്തുമ്പോൾ
കർമ്മഫലങ്ങളിൽ കുരുങ്ങാതെ
കഴിവു പോൽ കർമ്മം രചിക്കേണം
ശില്പിയെ പോലതിൽ ലയിക്കേണം
താമരയിലയിൽ ജലം പോലെ
മുത്തുകളാകണം കർമ്മങ്ങൾ
താമരത്തണ്ടിൽ പൂ വിരിയും
നീർക്കണമെങ്ങൊ പോയ്മറയും
മാരികൾ പിന്നെയും പെയ്തിറങ്ങും
താമരയിലയിൽ നൃത്തമാടും
ദേഹവും മോഹവും വിട്ടു പിന്നെ
മണ്ണും മനസ്സുമകലെയാക്കി
പിന്നെയു മാത്മാവനന്തമായി
അങ്ങനെയെങ്ങൊ പറന്നു പോകും
കണ്ണുകൾ കാന്തിയിൽ രമിക്കേണം
കാതുകൾ ഗീതങ്ങൾ നുകരണം
മനസ്സിൽ ജീവിതരതി വേണം
താനതിൽ കുരുങ്ങാതിരിക്കേണം.

എം പി ശ്രീകുമാർ

By ivayana