രചന : ബിന്ദു കമലൻ✍

നടത്തം തുടരുകയാണ്.
അയാളെന്റെ മുന്നിലായിരുന്നു സൂക്ഷ്മമായ പദവിന്യാസങ്ങളുടെ താളാത്മകത ഞാൻ ശ്രദ്ധിച്ചു.
മഴക്കോളുണ്ട്.
ഞാൻ കുട എടുത്തിരുന്നില്ല.വേഗം നടന്ന് ലക്ഷ്യസ്ഥാനമായ ഹൈപ്പർ മാർക്കറ്റിലെത്താൻ
മനസ്സ് കുതിച്ചെങ്കിലും കാലുകളൊപ്പം വന്നില്ല.
ചീകിയൊതുക്കിയ അയാളുടെ മുടിയിൽ അങ്ങിങ്ങായ് നര കാണാം
കോട്ടും,സ്യൂട്ടും,ഷൂസുമൊക്കെയായി ഒരു എക്സിക്യൂട്ടീവിന്റെ ലുക്കായിരുന്നു അയാൾക്ക്.
തോളത്തെ ലെതർബാഗിൽ ഭാരിച്ചതെന്തോ പോലെ.
പലതവണയായി അയാളെ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇന്നെന്തോ അയാളെ പിന്തുടരാൻ തോന്നി.
ഹേയ്…
ഹോയ്…
തലേദിവസം പെയ്ത കിടന്ന മഴവെള്ളം തെറിപ്പിച്ചു ബൈക്കുകാരന്റെ പോക്ക്.
വെളുത്ത ടോപ്പിൽ നാറ്റമുള്ള ചെളിവെള്ളം ചിത്രങ്ങൾ വരച്ചു.
അയാൾ കൺ മുന്നിൽ നിന്ന് മറഞ്ഞോ എന്ന് ശ്രദ്ധിക്കുന്നതിനിടയിൽ ബൈക്ക്കാരനെ പിരാകി മുടിക്കാൻ മറന്നു.
അന്തോം…കുന്തവും ഇല്ലാത്ത എന്റെ ചിന്തയിൽ അയാൾ ഒരു ബിസിനസുകാരനാണെന്ന നിഗമനത്തിലെത്തിയെങ്കിലും ചില പൊരുത്തക്കേടുകൾ വട്ടം ചുറ്റിച്ചു.
കാറോ..ബൈക്കോ ഉപയോഗിക്കാത്ത ബിസിനസുകാരനോ…!
ഇത്രയും ലുക്കുള്ള അയാൾ ആരെന്നറിയാൻകൗതുകം തോന്നി.
ഷോപ്പിംഗ് മാൾ കഴിഞ്ഞാൽ കിഴക്ക് വശത്തു ഫ്ലാറ്റുകളുടെ സമുച്ചയമാണ്. മാളിനും ഫ്ലാറ്റിനുമിടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ അയാൾ പോകുന്നത് കണ്ടു ഞാനും പുറകെ ചെന്നു.
ദൂരെ മതിൽക്കെട്ട് കാണാം..അവിടെ ആരോ കാത്തുനിൽക്കുന്നുണ്ട്.ഒരു കെട്ട് നോട്ട് കൊടുക്കുമ്പോൾ അയാൾ ബാഗ് തുറന്നു സാധനങ്ങൾ പുറത്തെടുത്തു.
ങേ…യ്യോ…
അവ്യക്തമായ ശബ്ദവീചികൾ എന്റെ തൊണ്ടയിൽ നിന്നും ചിതറിത്തെറിച്ചു.
തിരിഞ്ഞു നോക്കിയ അയാളുടെ
പൂച്ച കണ്ണുകൾ കണ്ടു ഭയന്ന ഞാൻ വേഗത്തിലോടി മറഞ്ഞു.
അപകടത്തിൽപ്പെട്ട പോലെ….
ഞാൻ വിറച്ചു.
ആരോടും ഒന്നും പറഞ്ഞില്ല പിന്നാലെ അയാൾ വരും എന്ന് ഭയന്ന്
അത് ഉണ്ടായില്ല.
അന്നത്തെ ദിവസമൊന്നും കഴിക്കാൻ തോന്നിയില്ല. രാത്രി പനിപിടിച്ചു വിറച്ചു ഒരാഴ്ച എങ്ങും പോയില്ല.വീട്ടിലിരിക്കുമ്പോൾഓർമ്മകളിൽ ആ കാഴ്ച വല്ലാതെ ഭയപ്പെടുത്തി.
ഉറക്കത്തിൽ അയാൾ പിന്നാലെ ഓടിവന്നു തന്നെ കൊല്ലുന്നത് സ്വപ്നം കണ്ടു പേടിച്ചു നിലവിളിച്ചു.
അമ്മയോട് പറഞ്ഞാലോ.!പോലീസിൽ അറിയിച്ചാലോ..
ആരാണയാൾ ❓️
കൊലപാതകിയാകുമോ… അതോ തീവ്രവാദിയോ… ❓️
ആരോടും ഒന്നും പറയാൻ തോന്നിയില്ല…
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഹൈപ്പർമാർക്കറ്റിലെ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ സമയം 5.30.തിരക്കിട്ട് നടക്കുമ്പോൾ ഒരു ഓട്ടോയിൽ കയറി പോകുന്ന അയാളെ കണ്ടു. ഒരു കാന്തികശക്തിയുടെ പ്രേരണ പോലെ ഞാനും മറ്റൊരു ഓട്ടോയിൽ കയറി അയാളുടെ പിറകെ സഞ്ചരിച്ചു.
മെയിൻ റോഡ് കഴിഞ്ഞ് ഓട്ടോ പോയത് റബ്ബർ എസ്റ്റേറ്റു കഴിഞ്ഞ് ഒരു മലഞ്ചെരുവിലേക്കായിരുന്നു.
കുറ്റിക്കാടിനിടയിലൂടെ പാറക്കെട്ടും കടന്നയാൾ പോകുന്നത് കണ്ടു.
മുട്ടോളമെത്തുന്ന പച്ചപ്പുല്ല് വകഞ്ഞു മാറ്റി ഞാൻ നടന്നു.
അയാൾ പെട്ടെന്ന് അപ്രത്യക്ഷനായിരിക്കുന്നു.
ഒറ്റയ്ക്ക് വന്നതിൽ ഞാൻ ഭയന്നു തുടങ്ങി.
വേണ്ടായിരുന്നെന്നു തോന്നി.
തിരിഞ്ഞു നടന്നു.
ഒന്നും വേണ്ടാന്ന് മനസിലുറപ്പിച്ചു.
കൂ ഊ.. കൂ ഊ..
കുയിലിന്റെ പാട്ടുകേട്ട് ഞാൻ തിരിഞ്ഞുനോക്കി.
ദൂരെ ആസ്ബറ്റോസ് മേഞ്ഞ ചെറിയ വീടുകൾ ശ്രദ്ധയിൽപ്പെട്ടു.
ചെറിയൊരാശ്വാസം പോലെ…
കുയിലിനു നന്ദി പറഞ്ഞ് അങ്ങോട്ടു നടന്നു.
തീജ്വാലകളുടെ പഴുത്ത നിറം കണ്ട ഒരു ഷെഡ്ഡിനു മുന്നിൽ ഞാൻ നിന്നു.
അതൊരു “ആല “ആയിരുന്നു.
ഉലയൂതിപെരുപ്പിച്ച തീയിൽ വെന്ത ഇരുമ്പിനെ ചുറ്റികയാൽ അടിച്ചു പതം വരുത്തുന്ന ഒരാൾ. മുഷിഞ്ഞ വേഷം. തലയിൽ കരിപുരണ്ട തോർത്തുകൊണ്ട് വട്ടംചുറ്റി കെട്ടിയിരിക്കുന്നു.
ഒരു കൊല്ലപ്പണിക്കാരന്റെയരികിലാണ് ഞാൻ നിൽക്കുന്നതെന്ന് മനസ്സിലായി.
ഞാനവിടെ എത്തിയത് അയാളറിഞ്ഞിട്ടില്ല.പണിയുടെ തിരക്കിലാണ്.
അമ്മാവാ ഇതിലെ കോട്ടണിഞ്ഞ ഒരാൾ പോകുന്നത് കണ്ടോ?
അയാൾ കേട്ടില്ലെന്ന് തോന്നുന്നു.
അമ്മാവാ…
ഞാൻ ഉച്ചത്തിൽ വിളിച്ചു.
അയാൾ തലയു യർത്തി നോക്കി…!
ഞാൻ രണ്ടടി പിന്നോട്ട് വേച്ചു പോയി.
“പൂച്ചകണ്ണുകൾ….”
തൊണ്ട വരണ്ട ഞാനിപ്പോൾ കരഞ്ഞു പോയേക്കാം..
അവിടെ ഉണ്ടായിരുന്ന സ്റ്റൂളിലൊരു കോട്ടും, സ്യൂട്ടും,ലതർബാഗും കണ്ടു.
എനിക്ക് സ്വയം നിന്ദ്യ തോന്നി.
എന്താ വേണ്ടേ… വാക്കത്തിയോ.. അരിവാളോ…
ഞാൻ…ആവിയായ് അപ്രത്യക്ഷയായത് പെട്ടന്നായിരുന്നു.

ബിന്ദു കമലൻ

By ivayana