രചന : ബിനോയ് പുലക്കോട് ✍
മലമ്പുഴ യക്ഷിയുടെ മുന്നിൽനിന്ന്
ഫോട്ടോഎടുക്കുമ്പോൾ
യക്ഷിയുടെ മാറിലേക്ക് തന്നെ
നോക്കി നിന്നു
എന്ന കുറ്റത്തിനായിരുന്നു
ആദ്യത്തെ കൊലപാതകം.
മാറിടങ്ങളേക്കാൾ ഞാൻ ശ്രദ്ധിച്ചത്
യക്ഷിയുടെ മുടികൾക്കിടയിൽ
കൂടുകൂട്ടിയ ഒരണ്ണാനേയും,
അത് കണ്ടു മടുത്ത
യക്ഷിയുടെ ശരീരത്തെപ്പറ്റിയുമാണ്.
വരുന്നവഴിയിൽ
ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി ഒതുക്കി
സീറ്റ് ബെൽറ്റ് കഴുത്തിൽ ചുറ്റി
ശ്വാസം മുട്ടിച്ചാണ്
ആദ്യം അവൾ എന്നെ കൊന്നത്.
വാടാനപ്പിള്ളി ബീച്ചിൽ വച്ച് നടന്ന
മരണത്തിന് എനിക്കും ചെറിയ പങ്കുണ്ട്.
നമ്മുടെ ചുംബനങ്ങൾക്ക്
ഉപ്പുരുചി വന്നതിനെ പറ്റിയുള്ള
തർക്കത്തെ തുടർന്നായിരുന്നു
അത് സംഭവിച്ചത്.
തിരിച്ചുവരുമ്പോൾ ഒരുമിച്ച് കഴിച്ച
അത്താഴത്തിൽ
വിഷം കലർത്തിയായിരുന്നു
ആ കൊലപാതകം.
സത്യത്തിൽ കടൽകാറ്റേറ്റ
ചുംബനങ്ങൾക്ക്
ഉപ്പുരുചിയുണ്ടാകുന്നത്
സ്വാഭാവികമായിരുന്നു.
ഉപ്പുതിന്നവനല്ലേ
വെള്ളം കുറേ കുടിക്കേണ്ടിവന്നു.
സിനിമ കൊട്ടകയിലെ ഇരിപ്പിടങ്ങൾക്ക്
ചുവന്ന നിറമായത് എത്ര നന്നായി
എന്നിൽ നിന്നും വാർന്നുപോയ
ചോരയെ എത്ര ഒതുക്കത്തോടുകൂടിയാണ്
അത് മറച്ചു പിടിച്ചത്
ആ സിനിമ കാണുമ്പോൾ
നീ എന്റെ
അടുത്തിരിക്കുന്നത് പോലും
ഞാൻ മറന്നു പോയിരുന്നു.
ഇത്ര തൊട്ടുതൊട്ടിരുന്നിട്ടും
എന്നെ ഒന്ന്
തൊട്ടതുപോലുമില്ലല്ലോ
എന്ന് നീ പറഞ്ഞു തുടങ്ങിയ വഴക്ക്
ചെന്നവസാനിച്ചത്
എന്റെ നെഞ്ചിൽ കഠാര കയറ്റിയാണ്.
ഇങ്ങനെ എത്ര തവണ കൊന്നാലും
നീതന്നെയാണല്ലോ എന്നെ
ഉയർപ്പിച്ചിട്ടുള്ളതും,
നിന്നിലേക്ക് തന്നെയല്ലോ
വീണ്ടുമെന്റെ ഉയർത്തെഴുന്നേല്പുകളെല്ലാം
പക്ഷേ !
കുറെ ചത്ത് കഴിഞ്ഞാൽ
ഈ ശവത്തിന്
പുനർജനിക്കാനായി
നിന്റെ ഉയിർപ്പിന്റെ
മന്ത്രങ്ങൾ ഒന്നുമേൽക്കാതെ വരും
ചുണ്ടുകൊണ്ട് നീ ഊതികയറ്റിയ
പ്രാണന്റെ വായുവിന്
എന്റെ ഹൃദയത്തിലെ
നീതന്നെയുണ്ടാക്കിയ
പഴുതകളിലൂടെ ചോർന്ന് പോകും
ഒരിക്കലും
പുനർജനിക്കാനാഗ്രഹിക്കാത്ത
ശവവുമായി ഞാൻ മാറും.
പറ്റുമെങ്കിൽ ഒരു കുഴികുത്തി
അതിലിട്ടു മൂടുക
ചീഞ്ഞു തീരാനായാലും,
മുളപൊട്ടനായാലും
മണ്ണിന്നടിത്തന്നെ വേണമല്ലോ.