രചന : സതി സുധാകരൻ പൊന്നുരുന്നി ✍
നീലക്കടമ്പുകൾ പൂക്കുന്ന നാളിൽ
നീലവിരിയിട്ട മണ്ണിൽ,
നീലക്കാർവർണ്ണനെ കാണാൻ,
നീലക്കടമ്പേറി ഞാനും.
നീലമയിൽപ്പീലി ചൂടി
മഞ്ഞപ്പട്ടാടയും ചാർത്തി
പാദസ്വരങ്ങൾ കിലുക്കി,
ഒരു നോക്കു കാണുവാൻ വായോ!.
നീലമേഘക്കൂട്ടം നിന്നെ
കാണാതലയുന്നു വാനിൽ,
യമുനാനദിക്കര നോക്കി
തോണി തുഴഞ്ഞു പോകുന്നു.
യമുനാനദിയിലെ ഓളം
താമരമെത്ത വിരിച്ച് ,
ഒരു നോക്കുകാണുവാൻ കണ്ണാ
നിന്നേയും കാത്തിരിപ്പൂ.
മഞ്ഞല പെയ്യുന്ന രാവിൽ ,
ദേവദാരുപ്പൂ വിരിഞ്ഞു
കുഞ്ഞിളം കാറ്റൊന്നു വീശി
ആലോലമാട്ടുന്നു കണ്ണാ …
ബാലിക മാരൊത്തുകൂടി
നൃത്തച്ചുവടുകൾ വച്ച്,
പാട്ടും പാടി നടന്ന് കാലിയെ
മേയ്ക്കുവാൻ പോകാം…
തൃക്കൈ വെണ്ണ തന്നീടാം
പാൽപ്പായസം നേദിച്ചു നല്കാം
ഒരു നോക്കു കാണുവാൻ കണ്ണാ,
നിന്നെ കാത്തിരിപ്പു ഞാനും.