കഴിഞ്ഞവർഷം ആണ്ടുബലിക്ക്
തോരാമഴയിൽ കണ്ടതാണു നിന്നെ ഞാൻ
ഇന്നു നീ മുതുമുത്തശ്ചനോടൊപ്പം
എൻ്റെ വീട്ടിൽ വന്നുവല്ലോ നന്ദി

കണ്ടാലറിയില്ലെന്നെയെങ്കിലും
മുത്തശ്ചാ സൂക്ഷിച്ചു നോക്കുക
തൂവെള്ള മുഖവസ്ത്രം ധരിച്ച
പഴയകാക്കക്കറുമ്പനാം കുട്ടിയെ

ഇന്നെനിക്ക് ബലി നിറയ്ക്കുവാൻ
മുറ്റത്തു ഞാൻ നട്ട വാഴയിലെ ഇല
തെക്കിനിയിൽ തളിർത്തു നിന്ന തുളസി
മുറ്റത്തു ചന്തംതീർത്തു വിരിഞ്ഞ തെച്ചി

പുത്തനാം മൺകലത്തിൽ ഞാൻ
വേവിച്ചെടുത്തൊരിത്തിരിയാം വറ്റ്
മുറ്റത്തു വഴിതെറ്റിക്കിളിർത്ത ദർഭ
വീട്ടിലെ നറുംചന്ദനത്തൊടുകുറി

ഞാൻ കാച്ചിയെടുത്ത ഉരുക്കെണ്ണയിൽ
തെളിഞ്ഞു കത്തും വിളക്കിനു മുന്നിൽ
വാൽക്കിണ്ടി നിറയെ എൻ്റെ കിണറ്റിൽ
നിന്നും പകർന്നതാം ജീവജലവും

എല്ലാം എൻ്റെമാത്രമായൊരുങ്ങുമ്പോൾ
ഞാനൊറ്റയ്ക്കിരിയ്ക്കുമ്പോൾ
എവിടെയോ നഷ്ടമാകുമെന്നാത്മസ്വത്വം
ബലിപ്പറവയായ് വന്നു വിളിയ്ക്കുന്നു.

ജയരാജ് മറവൂർ

By ivayana