രചന : സലിം ചേനം ✍
കുട്ടികൾക്ക് എപ്പോഴും
ചോക്ലേറ്റ് കൊടുക്കുന്ന
വലിയ മുഖമുള്ള
എന്റെ പ്രണയിനി.
ശാരദയുടെ പല്ലുകൾക്ക്
ചോക്ലേറ്റിന്റെ നിറവും
ചുണ്ടുകൾക്ക്
അതേ മധുരവുമാണ്.
അവളുടെ പിതാവിന്റെ മരണശേഷം
മിഠായിത്തെരുവിന് അപ്പുറത്തുള്ള
കുന്നിൻ ചരിവിലെ
ഒരു ഇടത്തരം വീട്ടിലാണ്
അവൾ താമസിക്കുന്നത്.
മഞ്ഞുകാലമായാൽ അവൾക്ക്
ചുമയും പനിയും വരുമെന്ന്
എനിക്കറിയാവുന്നതുകൊണ്ട്
മരുന്നും പുതപ്പും
രഹസ്യമായി ഒരു കുപ്പി വീഞ്ഞും വാങ്ങി
അവളെ കാണാൻ
ഗാന്ധി റോഡിലൂടെ
അതിവേഗം യാത്ര ചെയ്യുമ്പോൾ
അപായം എന്നെഴുതിയ
ബോർഡിന് മുന്നിൽ നിന്ന്
ഒരാൾ കൈ കാട്ടുന്നു.
പുറത്ത് മഴയായതിനാൽ
ഞാൻ കാറ് നിറുത്തി
ഡോർ തുറന്നു.
കാറിനുള്ളിൽ ഷഹബാസ് അമന്റെ സോളോ
അനാമിക പാടുകയാണ്.
ഞാൻ പാട്ടിന്റെ ശബ്ദം കുറച്ചു.
അയാൾ വണ്ടിയിലേക്ക് കയറിയിരുന്നു.
ഞാൻ ചോദിച്ചു നിങ്ങളാരാണെന്ന്
അയാളൊന്നും മിണ്ടിയില്ല
ഞാൻ വീണ്ടും ചോദിച്ചു.
അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
ഞാൻ മരിച്ചിട്ട് രണ്ടു വർഷമായെന്ന്
അയാൾ വീണ്ടും പറഞ്ഞു
മിഠായിത്തെരുവിൽ നടന്ന കലാപത്തിനെതിരെ
പ്രധിഷേധിച്ചതിനാണ് പോലീസെന്നെ
വെടിവച്ചു കൊന്നത്.
എനിക്ക് ഭയം തോന്നുന്നു.
ഞാനയാളെ വല്ലാതെ
സൂക്ഷിച്ചു നോക്കുമ്പോൾ
കണ്ണാടിയിൽ മഞ്ഞ് വീണതുപോലെ
അയാൾ അവ്യക്തമായി
വണ്ടിയിൽ നിന്നിറങ്ങിപ്പോകുന്നു.
ഇപ്പോൾ അയാളിരുന്നിടത്ത്
കാണാൻ കഴിയുന്നത്
ഒരു പാക്കറ്റ് നിറയെ
ചോക്ലേറ്റുകളാണ്.
ഭയാകുലനായ ഞാൻ
പുതപ്പും വീഞ്ഞും
ചോക്ലേറ്റുമെടുത്ത്
ശാരദയുടെ മുന്നിലെത്തുമ്പോൾ
അവളത് വാങ്ങി
അലമാരി തുറക്കുമ്പോഴാണ്
ഞാനത് കണ്ടത്.
എന്റെ മുഖഛായയുള്ള
ഒരു ഫോട്ടോ
ഞാനത് എടുത്തു നോക്കുമ്പോൾ
ശാരദ പറയുന്നു .
സഖാവ് അബ്ബാസിനെ പോലീസ്
വെടിവച്ചുകൊല്ലുമെന്നുറപ്പുണ്ടായിട്ടും
അവർക്കെതിരെ
വിപ്ലവഗാനം പാടുന്ന
എന്റെ പ്രിയപ്പെട്ട സഖാവ്.
ശാരദ കരഞ്ഞുകൊണ്ട്
എന്റെ മാറിലേക്ക് ചായുന്നു.
ഞാനവളോട് പറഞ്ഞില്ല
അവളുടെ
കയ്യിലിരിക്കുന്ന ചോക്ലേറ്റ്
സഖാവ് അബ്ബാസ് തന്നതാണെന്ന്.