രചന : എം ബഷീർ ✍

മരിക്കുന്നതിന്റെ
തൊട്ടു മുമ്പത്തെ നിമിഷം
ദൈവമെന്നോട് ചോദിച്ചു
ഇനി ആരായി
നിനക്കീ ഭൂമിയിൽ
ജനിക്കണം ?
ഒട്ടും ചിന്തിക്കാതെ
ഞാൻ പറഞ്ഞു
എനിക്കൊരു
ശലഭമായാൽ മതി .
ദൈവം മൂക്കത്ത് വിരൽ വെച്ച്
അത്ഭുതം കൂറി .
അൽപായുസ്സാണ്
ശലഭജന്മം
വേഗം തീർന്നുപോകും.
എനിക്ക് അത്രയും മതി
ഒരു വസന്തകാലം .
അതുമില്ലെങ്കിൽ
ഒരു രാവും പകലും
അല്ലെങ്കിൽ
ഒരു നിമിഷനേരം മതി
ദൈവം എന്റെ പാതിയടഞ്ഞ
കണ്ണുകളിലേക്ക് നോക്കി
തരിച്ചിരുന്നു
ഇത്രയും ശുഷ്‌കിച്ച
ഒരു ജന്മം കൊണ്ട്
നീയെന്തു ചെയ്യാനാണ്
എനിക്ക്….
എന്റെ പ്രിയപ്പെട്ടവളുടെ
കവിളിൽ
ചെന്നിരിക്കാം
ചുണ്ടിൽ തൊടാം
വിരലുകളിലൂടെ
അരിച്ചു നടക്കാം
ഹൃദയത്തിന് മുകളിൽ
നൃത്തം ചെയ്യാം
ആത്മാവിലേക്ക്
നിറം പകരാം
കൊഴിഞ്ഞു തീരുന്ന
വാക്കുകളാൽ
ഞാൻ പറഞ്ഞൊപ്പിച്ചു
അതിന്
മനുഷ്യ ജന്മം പോരേ
മൃത്യുവിന്റെ സൂചികൾ
തുന്നിച്ചേർത്ത
എന്റെ ചുണ്ടുകളിൽ
മനുഷ്യനെക്കുറിച്ചുള്ള
ദൈവത്തിന്റെ അന്തക്കേടോർത്ത്
അവസാനത്തെ ചിരി പൂത്തു
പോരാ…
പത്ത് മനുഷ്യ ജന്മം
കിട്ടിയാലും കഴിയില്ലത്
ദൈവം
കണ്ണ് തുടച്ച വിരലുകളാൽ
എന്റെ മിഴികളടച്ചു….

വാക്കനൽ

By ivayana