രചന : പോളി പായമ്മൽ✍
മക്കളോടൊപ്പം ടീച്ചറ് കൊടകര പോയപ്പോ കുറച്ച് റമ്പൂട്ടാൻ പഴം വാങ്ങി ട്ടാ.
വീട്ടില് വന്ന് എല്ലാരും കൂടി അതങ്ങു തിന്നു.
കുറച്ചു കഴിഞ്ഞപ്പോ ടീച്ചർക്ക് എന്തോ ഒരു അസ്വസ്ഥത പോലെ .
തൊണ്ടയില് റമ്പൂട്ടാൻ കുരുവെങ്ങാനും കുരുങ്ങിയോ. ഒരു ഡൗട്ട്.
അടുക്കളേല് പോയ് കുറെ വെള്ളം കുടിച്ചു. ചോറുരുട്ടി വിഴുങ്ങി.
എന്നിട്ടും തടച്ചില് മാറണില്ല. ടെൻഷനായ്. വെപ്രാളമായ്.
ചത്തു പോവോന്നൊരു പേടി.വേഗം തന്നെ ഫോണെടുത്തു
വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിച്ചു.
ഫേസ് ബുക്കിലിടാനുള്ള ഫോട്ടോയും തയ്യാറാക്കി.
ഓണത്തിനിടാൻ വാങ്ങി വച്ച ചുരിദാ റൊക്കെ ഉടുത്തൊരുങ്ങി.
പൊട്ടു തൊട്ടു കണ്ണെഴുതി.
അപ്പഴാ കൂട്ടക്കാരിയുടെ ഫോൺ വന്നേ.
“ടീച്ചറേ പേടിക്കേണ്ട റമ്പൂട്ടാൻ കുരു ഒന്നും തൊണ്ടേല് തടയില്ല. അതൊക്കെ വയറ്റിലേക്ക്
ഡയറക്ട് പോയിട്ടുണ്ടാകും. “
ടീച്ചർക്ക് പിന്നേം സംശയം. പേടിയും. കൂട്ടുക്കാരി പിന്നേയും ആശ്വസിപ്പിച്ചു.
“ടീച്ചറേ റമ്പൂട്ടാൻ കുരു അത്ര വല്യ കുരുവല്ലാന്നേ മാങ്ങണ്ടി വിഴുങ്ങിട്ട് വരെ ആൾക്കാര് ചാവണില്ല. പിന്നെയാ..”
ടീച്ചറ് തിരിച്ചു ചോച്ചു .
” റമ്പൂട്ടാന്റെ കുരു ചക്കക്കുരുവിനേക്കാൾ വലുതല്ലേ …”
” വാരി തിന്നപ്പോ അതൊന്നും നോക്കിലേ ടീച്ചറേ..”
അല്ലേലും നിനക്കൊന്നും ന്റെ വിഷമം മനസ്സിലാവില്ലടി പെണ്ണേ ന്ന് പറഞ്ഞ് ടീച്ചറ് ഫോൺ കട്ട് ചെയ്ത് മോളെ വിളിച്ച് അരികെ ചേർത്തിരുത്തി പറഞ്ഞു.
“റമ്പൂട്ടാൻ കുരു തൊണ്ടയിലെങ്ങാനും തടഞ്ഞിരിപ്പുണ്ടോന്നാ സംശയം..”
അതൊക്കെ തോന്നലാ. അമ്മേടെ ഒരു കാര്യം .ഇതെന്താ മീന്റെ മുളെളാന്നുമല്ലല്ലോ ന്ന് പറഞ്ഞ് ചിരിച്ച് അവള് ടീവി കാണാമ്പോയ്.
ഗൾഫിലുള്ള കെട്ട്യോനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു.
“ചത്തു പോയാ റമ്പൂട്ടാൻ കുരു തൊണ്ടേല് കുരുങ്ങി ചാവണ ലോകത്തിലെ ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന നാണക്കേടും വരല്ലോ ഈ സ രാ ..”
ഭാര്യടേ ആവലാതിയും വേവലാതിയും കേട്ടപ്പോ അങ്ങേര് പറഞ്ഞു.
“ടീ കഴുതേ എന്തേലും തൊണ്ടേല് കുരുങ്ങി യാ പിന്നെ എങ്ങനാ ഇത്രേം നേരം മിണ്ടാൻ പറ്റാ.നീ പോയ് കിടക്കാൻ നോക്ക്..”
അന്നു രാത്രി ഉറങ്ങാൻ കിടന്നിട്ടും ടീച്ചർക്ക് ഉറക്കം വന്നില്ല. ഒരു ധൈര്യത്തിന് മോളെ വിളിച്ച് കൂടെ കിടത്തി.
ഗുരുവായൂർക്കും പളനിക്കും നേർച്ചകൾ നേർന്നു.
ചത്തില്ലെങ്കി നാളെ മുതൽ ക്ലാസ്സിൽ വരണ കുട്ടികളെ ശാസിക്കുകയോ തല്ലുകയോ ചെയ്യില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. മക്കൾക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കാന്നും തീരുമാനിച്ചു.
എപ്പഴോ ടീച്ചറ് ഉറങ്ങിപ്പോയ്.
ടീച്ചറുടെ തൊണ്ടയിലിരുന്ന് റമ്പൂട്ടാൻ കുരു ഹിമാലയത്തോളം വളർന്നു. അതിന്റെ വേരുകൾ ടീച്ചറെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
ന്റമ്മേ..! ദു:സ്വപ്നത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ് ടീച്ചറ് മെല്ലെ തൊണ്ടയൊന്നു തടവി തഴുകി ഒരിറുക്ക് വെള്ളം കുടിച്ചു.
പിന്നെ ആലോചിച്ചു എന്തായാലും ചാവും മെല്ലെ എഴുന്നേറ്റ് ഫ്രിഡ്ജിൽ സൂക്ഷിച്ച ബാക്കി വന്ന റമ്പൂട്ടാൻ പഴങ്ങൾ ആർത്തിയോടെ തിന്ന് കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ എന്ന് പറഞ്ഞ് മോളെ കെട്ടിപ്പിടിച്ച് കിടന്നു.
നേരം വെളുത്ത് എഴുന്നേറ്റപ്പോ ടീച്ചർക്ക് ചിരി വന്നു.ചത്തില്ലല്ലോ. ശരിയാ
റമ്പൂട്ടാൻ കുരു അത്ര വല്യ കുരുവല്ല…!!
പിന്നീട് കൊടകരക്ക് പോവുമ്പോഴെല്ലാം റമ്പൂട്ടാൻ പഴങ്ങൾ വിൽക്കുന്ന ഒരു കടയിൽ പോലും ടീച്ചറ് കയറിയിട്ടില്ല. സത്യമായിട്ടും..!!!