രചന : ജസീന നാലകത്ത്✍

പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….
എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം മറുപടി പ്രതീക്ഷിച്ച് മെസേജ് വിടുമ്പോൾ ആ മെസ്സേജ് വായിക്കാതിരിക്കുകയോ വായിച്ചിട്ടും മറുപടി തരാതിരിക്കുകയോ ചെയ്യുമ്പോൾ വല്ലാത്തൊരു ഏകാന്തത അനുഭവിക്കാറുണ്ട്…


വിളിക്കുമെന്നോ വരുമെന്നോ പ്രതീക്ഷ തന്ന വ്യക്തി അപ്രതീക്ഷിതമായി വാക്ക് മാറ്റിപ്പറയുമ്പോൾ അറിയാതെ വേദനിക്കാറുണ്ട്…
ഇഷ്ടം പോലെ കൂടപ്പിറപ്പുകളും അച്ഛനും അമ്മയുമൊക്കെ ഉണ്ടായിട്ടും കുടുംബത്തിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കാറുണ്ട്. എന്തെങ്കിലും പരിപാടിയിൽ നിന്നും മാറ്റി നിർത്തുകയോ അല്ലെങ്കിൽ എല്ലാവർക്കും വാങ്ങിക്കൊടുക്കുന്ന ഒരു വസ്തു നമുക്ക് മാത്രം തരാതെ നമ്മെ മാത്രം മാറ്റി നിർത്തുകയോ ഇനി അതൊന്നുമല്ല, ഫാമിലി ടൂറിൽ നമ്മെ മനപ്പൂർവം ഒഴിവാക്കുകയോ ചെയ്താലും ഏകാന്തയുടെ നോവ് അനുഭവിക്കാറുണ്ട്…


ജീവന് തുല്യം സ്നേഹിക്കുന്ന കാമുകൻ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അകലം പാലിക്കുമ്പോഴും എന്ത്‌ ചോദിച്ചാലും മറുപടിയില്ലാതെ മൗനമായിരിക്കുമ്പോഴും ഒറ്റപ്പെടലിന്റെ കൂർത്ത മുള്ളുകൾ ഹൃദയത്തെ നോവിക്കാറുണ്ട്…
ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ എല്ലാ കാര്യങ്ങളും മക്കളുടെ ആവശ്യങ്ങളുമെല്ലാം ഭംഗിയായി നടത്തിക്കൊടുത്തിട്ടും കുത്തുവാക്കുകളും പഴിചാരലുകളും മാത്രം കേൾക്കേണ്ടി വരുമ്പോൾ ഏകാന്തതയുടെ കൊടുമുടിയിൽ വിതുമ്പി നിൽക്കേണ്ടി വരുന്നവരുണ്ട്…


സ്വന്തം സമ്പാദ്യം മുഴുവൻ മക്കൾക്ക് വേണ്ടി മാറ്റിവെച്ച് ഒടുവിൽ ആ മക്കളാൽത്തന്നെ തള്ളിപ്പറയുന്നത് കേൾക്കേണ്ടി വരുന്ന അച്ഛനും, സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നത് വരെ ഉറക്കമൊഴിച്ചു കാത്തിരുന്ന അമ്മയെ അധികപ്പറ്റെന്ന് ആക്ഷേപിക്കുന്ന മക്കളുടെ ഇടയിൽ കഴിയുന്ന അമ്മയും ഒറ്റപ്പെടലിന്റെ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്…
എത്ര നന്നായി ജോലി ചെയ്താലും മേലുദ്യോഗസ്ഥന്റെ വ്യക്തി താല്പര്യങ്ങൾക്ക് കൂട്ട് നിൽക്കാത്തതിനാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുമ്പോഴും ഒറ്റപ്പെടൽ അനുഭവിക്കാറുണ്ട്…


സൗഹൃദങ്ങൾ ഒത്തിരിയുണ്ടെങ്കിലും ഇത്തിരി അടുപ്പം കൂടുതലുള്ളവർ പണം കടം വാങ്ങി തിരിച്ചു തരാതെ അവരോട് കാശ് ചോദിച്ച പോലെ നമ്മെ അവഗണിക്കുമ്പോൾ ശരിക്കും വേദനിക്കാറുണ്ട്.
കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന പലരും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും അവരിലെ ഒരു സാധാരണക്കാരൻ മാത്രമാകാനാണ് പലർക്കും വിധിയുള്ളൂ. അവഗണനയും വിശ്വാസ വഞ്ചനയുമാണ് ഒറ്റപ്പെടലിന്റെ യഥാർത്ഥ കാരണമെന്ന് തോന്നുന്നു….


സ്വന്തം കാര്യം പോലും മാറ്റി വെച്ച്
മറ്റുള്ളവരുടെ ആവശ്യങ്ങൾക്കൊക്കെ കൂട്ട് നിൽക്കുന്നവരാണ് ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് എന്നതാണ് യാഥാർഥ്യം. എന്നിട്ടും ഇത്തരക്കാർ അവഗണിക്കുന്നവരെപ്പോലും മാറ്റി നിർത്താതെ ചേർത്തു പിടിക്കാറുണ്ട്…
അതങ്ങനെയാണ് പകൽ മുഴുവൻ വെളിച്ചം പകരുന്ന സൂര്യനും രാത്രിയിൽ നിലാവ് പരത്തുന്ന ചന്ദ്രനും ഒറ്റയ്ക്കാണല്ലോ…

ജസീന നാലകത്ത്

By ivayana