രചന : കുന്നത്തൂർ ശിവരാജൻ✍
‘ ദേ സൂക്ഷിച്ചു നോക്ക്. ഇടിയുടെ ഒരുപാട് പോലുമില്ല. ഫൈൻ ടച്ചിങ്. ഫൈൻ ഫിറ്റിംഗ്….ഫൈൻ ഫിനിഷിംഗ്.’
വർക്ക് ഷോപ്പ്കാരൻ ബില്ല് നീട്ടിക്കൊണ്ട് പറഞ്ഞു.
നീര് കട്ടപിടിച്ചു കിടക്കുന്ന വലതുപാദം ഒരു വിധത്തിൽ വലിച്ചു മുന്നോട്ട് വച്ച് താൻ ഓട്ടോയ്ക്ക് അരികിലേക്ക് ചെന്നു.
ക്ഷേത്രത്തിൽ പൂജ കഴിച്ച് വലിയൊരു മാലയും ചാർത്തി രാവിലെതന്നെ എത്തിച്ചിരിക്കുകയാണ് തന്റെ ഓട്ടോയെ. ഇൻഷുറൻസ് തുകയ്ക്കും മീതെ ഒരു മുപ്പത്തിനാലായിരം കൂടിയായി.
‘ ഇത്രയും കിഴിവ് മറ്റാർക്കും മാനേജർ കൊടുത്തിട്ടില്ല. ഇനി ഇതിൽ ഒന്നും കുറയ്ക്കാനുമില്ല.’
അയാൾ ഒന്ന് നിർത്തിയിട്ട് ,
താക്കോൽ നീട്ടിക്കൊണ്ട്
ഇത്രയും കൂട്ടിച്ചേർത്തു
‘ പറഞ്ഞ സമയത്ത് തന്നെ തുകയങ്ങ് എത്തിച്ചേക്കണം ‘
അപ്പോഴേക്കും അയാളെ കൂട്ടാൻ എത്തിയ ഒരു ബൈക്കുകാരന്റെ പിന്നിൽ കയറി അയാൾ വളവ് തിരിഞ്ഞ്
കൺകളിൽ മറഞ്ഞു.
വാതിലിൽ പിന്നിൽ പകുതി മറഞ്ഞു നിൽപ്പുണ്ട് തന്റെ ഭാര്യ.
അവൾ എല്ലാത്തിനും സാക്ഷി മാത്രമാണ്.
മുറ്റത്തുനിന്ന് പടി കയറാൻ തുടങ്ങുമ്പോഴേക്കും അവൾ ഓടി വന്നു താങ്ങി. വാതിൽ കടന്നപ്പോൾ അവൾ ആരാഞ്ഞു.
‘ മൊത്തം എന്താകും? എല്ലാം കൂട്ടിവയ്ക്ക്. തുക എത്ര വരെ ആകുമെന്ന് ‘
‘ കൂട്ടത്തിൽ നിന്റെ കമ്മലും അല്ലേ?’
‘ എന്ന് ഞാൻ പറഞ്ഞൊ?അവൾ തിരിച്ചു ചോദിച്ചു.
ശരിയാണ്. അവൾ പറഞ്ഞില്ല.
ആ വിഷയം താനാണ് ഉണ്ടാക്കിയത്. അവൾക്ക് ഉണ്ടെന്നു പറയാൻ ഒന്നര പവന്റെ മെലിഞ്ഞു നീണ്ട ഒരു മാലയും അരപ്പവന്റെ കമ്മലും. അതിലൊന്നിന്റെ ആണി നഷ്ടപ്പെട്ടിട്ട് ആറുമാസമായി. വരവ് കമ്മലാണ് കാതിൽകിടക്കുന്നത്. അതിന്റെ നിറവും മങ്ങി തുടങ്ങിയിട്ടുണ്ട്.
അപകടത്തിൽ തനിക്കുള്ള നഷ്ടപരിഹാരത്തുക മൂന്നുലക്ഷം ആണെന്ന് എല്ലാ പത്രങ്ങളിലും വാർത്ത വന്നിട്ട് ഒരാഴ്ചയല്ലേ ആയിട്ടുള്ളു.
ഇതിനകം ഒരു പത്തു ലക്ഷത്തിന്റെ ഡിമാൻസ് നാല് ഭാഗത്ത് നിന്നും എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെ വരാനുണ്ടാകും… ചെറുതും വലുതുമായി!
തന്റെ ഓട്ടോയിൽ ചുരമിറങ്ങി വന്ന ഒരു തടിലോറി നിയന്ത്രണം വിട്ട് ഇടിച്ച്,തന്നെയും യാത്രക്കാരനേയും കൂടി കൊക്കയിലേക്ക് തള്ളിയിട്ടതാണ്… മൂന്നുവട്ടം കീഴ്മേൽ മറിഞ്ഞ് ഒരു കാട്ടുമരത്തിൽ തങ്ങിയാണ് ഓട്ടോ നിന്നത്. താനും യാത്രക്കാരനും അതിനു മുമ്പേ തെറിച്ച് ദൂരത്തേക്ക് വീണിരുന്നു. തന്റെ വലതുകാൽഒടിഞ്ഞു.ഫയർഫോഴ്സ് എത്തിയാണ്തങ്ങളെഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. മൂന്നാഴ്ച ഹോസ്പിറ്റലിൽ കിടന്നു.
വഴിമധ്യേ യാത്രക്കാരൻ മരിച്ചിരുന്നു.
‘ ദേ കുറച്ച് മുൻപേ നാത്തൂൻ വിളിച്ചിരുന്നു. അവര് ഉച്ചയോടെ വരുമെന്ന് ‘
അടുത്ത മുറിയിൽ നിന്ന് ഭാര്യ പറഞ്ഞു.
പെങ്ങൾ എത്തിയാൽ പിന്നെ കരച്ചിലും പറച്ചിലും ആകും. തന്നെ വളർത്തിയതും പോറ്റിയതും എല്ലാം എണ്ണിയെണ്ണി പറഞ്ഞു തുടങ്ങും. അവർക്ക് ഹാർട്ട് ഓപ്പറേഷന് രണ്ടര ലക്ഷം വേണം.
‘ വേറെ ആരും വിളിച്ചില്ലേ?’താൻ തിരക്കി.
‘ ഇന്നലെ വൈകിട്ട് ചേട്ടൻ വിളിച്ചത് മറന്നോ?’
അവളുടെ മറുചോദ്യം.
അവൾക്ക് ധൈര്യമായി അങ്ങനെ ചോദിക്കാം. അവൾക്ക് കൂടപ്പിറപ്പുകൾ ആരുമില്ലല്ലോ.
തന്റെ ഏറ്റവും മൂത്ത ജേഷ്ഠനാണ് ഇന്നലെ വിളിച്ചത് .
അദ്ദേഹത്തിന് ആകെ പത്തു സെന്റ് സ്ഥലം.രണ്ട് പെൺമക്കൾ പുര നിറഞ്ഞു നിൽക്കുന്നു. സ്നേഹമുള്ളവനാണ്. സ്വന്തം കഷ്ടപ്പാടിനിടയിലും തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഡ്രൈവിംഗിന് വിട്ടത്. ഒരു എം പാനൽ ജീവനക്കാരനാക്കിയത്…. അങ്ങനെ ഒരു പതിനാറു വർഷവും ശേഷം അഞ്ചു കൊല്ലവും കോർപ്പറേഷന്റെ സർവീസിൽ തുടരാൻ ആയത്…
‘ നീ കൈവിടരുത്. നിന്നെയൊരാളെ കണ്ടാ ഞാനാ ആലോചന ഉറപ്പിച്ചത്. മൂന്ന് ചോദിച്ചെങ്കിലും രണ്ടു ലക്ഷത്തിന് വാക്ക് കൊടുത്തു. ഒടുവിൽ അവർക്ക് സമ്മതം. ദേ ഞാനിപ്പോൾ ക്ഷേത്രം സെക്രട്ടറിയെ കണ്ട് കല്യാണതീയതി ബുക്ക് ചെയ്തിട്ട് വീട്ടിലോട്ട് കയറിയതേയുള്ളൂ. വന്നപാടെ നിന്നെ വിളിച്ച് കാര്യം പറയുവാ…അടുത്ത മകരം നാലിനാ കെട്ട്.’
മൂത്ത ചേട്ടൻ ഫോണിൽ പറഞ്ഞത് അയാൾ വീണ്ടും ഒരു നടുക്കത്തോടെ ഓർത്തു.
ഇതിലുംഭേദം മരണപ്പെടുന്ന തായിരുന്നു. കാലിലെ നീരും നീറ്റലും കുറഞ്ഞിട്ടില്ല. രാത്രി വെളിപ്പിച്ചെടുക്കാൻ എന്താ പാട്? ഈ ഓട്ടോ ഇനി എന്നാണ് തനിക്ക് നിരത്തിലിറക്കാൻ പറ്റുക? ആർക്കെങ്കിലും വിറ്റുകളയാം അയാൾ മനസ്സിൽ കരുതി.
അടുക്കളയിൽ പൈപ്പ് വെള്ളം വെള്ളത്തുണി കെട്ടി അരിച്ചെടുക്കുകയാണ് ഭാര്യ. രാവിലെ കഞ്ഞി വയ്ക്കേണ്ട?
വീടിനോട് ചേർന്നുള്ള തന്റെ നാല് സെന്റും കിണറും അയൽക്കാരന് രണ്ട് ലക്ഷത്തിന് വിറ്റാണ് ചികിത്സ നടത്തിയത്. അതിലും അധികമായി ഹോസ്പിറ്റലിൽ.
‘ നഷ്ട’പരിഹാരം കിട്ടുമ്പോൾ നല്ല ലാഭം കൊടുത്ത് നമുക്ക് അത് തിരികെ വാങ്ങാം.’
താൻ എത്ര തവണ അവളെ സാന്ത്വനിപ്പിച്ചു!
ഇനി തനിക്കതിനാകുമോ?
തിണ്ണയിലെ കസേരയിൽ അയാൾ വന്നിരുന്നു വഴിപോക്കരെയെങ്കിലും കാണാമല്ലോ.
തിണ്ണയിൽ കിടന്ന ഇളം വെയിൽ അയാളുടെ പാദങ്ങളിലേക്ക് കയറി.
ചെറിയൊരു ചൂട്.ചെറിയൊരു സുഖം.
മനസ്സിലാകട്ടെ വല്ലാത്ത ഒരു നീറ്റൽ!
രണ്ട് കിറുങ്ങണത്തിപ്പക്ഷികൾ പേരക്കമ്പിലിരുന്നു അയാളോട് ചോദിച്ചു
‘എല്ലാത്തിനും കൂടി തുക തികയുമോ?’