രചന : ജയരാജ് മറവൂർ✍

ചിത്രശലഭങ്ങളുടെ ചിത്രങ്ങളുള്ള
കൂട്ടിൽ പേനകൾ
സൂക്ഷിക്കാറുണ്ടായിരുന്നു അയാൾ
അതിൽ ഒരു പേന
ബഷീറിന്റെ ഫൗണ്ടൻ പേന പോലെ
ഭൂഖണ്‌ഡാന്തരങ്ങൾ യാത്ര ചെയ്തു
ലിഖിതമെഴുതും പൊറ്റക്കാട്ടിൻ പേന പോലെ
ഓരോ പേനയും പുറത്തെടുത്ത് നോക്കവേ
അതിലൊരു പേന
ഖസാക്കിലെ വിദ്യാലയത്തിൽ നിന്നും
കുട്ടികളെഴുതിയ പേന
നിളയുടെ കരയിലൊറ്റയായ്
പേപ്പറിൽ കാവ്യനഖക്ഷതങ്ങളേൽപ്പിച്ച
പി യുടെ ഫൗണ്ടൻപേന
ഏകാന്ത യാത്രികൻ
പൂതപ്പാട്ടു വായിച്ച്
തെച്ചിക്കോലു വച്ച്
നിർമ്മിച്ചൊരു പേനയുണ്ട്
വിഷാദത്തിന്നധ്യായം മുഴുമിപ്പിക്കാതെ
തുണ്ടുകടലാസ് ചീന്തിയെടുത്ത്
കുറിപ്പെഴുതി ആത്മഹത്യ ചെയ്ത
കവിയുടെ പേനയുണ്ട്
ഒടുവിൽ വിധിന്യായം വായിച്ച്
പ്രതിയെ തൂക്കിക്കൊല്ലുവാൻ വിധിച്ച്
കുത്തിയൊടിച്ച ജഡ്ജിയുടെ പേനയുണ്ട്
എങ്കിലുമെനിക്കെന്നുമിഷ്ടം
ഒരേ തൂലിക
ഒരേ നാരായം

ജയരാജ് മറവൂർ

By ivayana