രചന : മായ അനൂപ് ✍
പ്രണയിക്കുന്നവർക്കിടയിലുള്ള വഴക്കുകളിൽ,
തെറ്റ് ചെയ്യാത്ത ഒരാളെ തെറ്റിദ്ധാരണ കൊണ്ട് മറ്റെയാൾ കുറ്റപ്പെടുത്തുമ്പോൾ, തെറ്റ് ചെയ്യാത്ത ആ ആളുടെ മനസ്സിൽ എത്ര മാത്രം വേദനയായിരിക്കാം ഉണ്ടാവുക…
താൻ തെറ്റ് ചെയ്യാത്ത ആ സാഹചര്യത്തിൽ പോലും, തന്റെ ഭാഗം സ്വയം ന്യായീകരിക്കാൻ ശ്രെമിക്കാതെ,
തന്നെ കുറ്റപ്പെടുത്തിയ തന്റെ പ്രിയപ്പെട്ട ആളുടെ മനസ്സിനെ മനസ്സിലാക്കാൻ
ഒരാൾ ശ്രെമിക്കുന്നു എങ്കിൽ, സ്നേഹക്കൂടുതൽ കൊണ്ടാണ് അവർ തന്നോട് വഴക്കുണ്ടാക്കിയത് എന്നുള്ള സത്യം തിരിച്ചറിഞ്ഞ് അതിനേ അംഗീകരിക്കുന്നു എങ്കിൽ, അങ്ങനെയുള്ള ആ മനസ്സ്….
അതെത്രത്തോളം വലുതായിരിക്കണം..
പ്രണയം…
അതെന്നും അങ്ങനെ ആയിരിക്കണം….
തങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നു എന്നുറപ്പുള്ള തങ്ങളുടെ പ്രിയപ്പെട്ടവർ,
ചില സാഹചര്യങ്ങളിൽ, അവർ നമ്മളെ കൂടുതലായി സ്നേഹിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ, ഉണ്ടാകുന്ന വഴക്കുകളിലും പിണക്കങ്ങളിലും, രണ്ടു പേരും ചിന്തിക്കണം….
നമ്മൾ വഴക്കിട്ട, അല്ലെങ്കിൽ നമ്മളോട് വഴക്കിട്ട് തല്ക്കാലത്തേയ്ക്ക് പിണങ്ങി അപ്പുറത്ത് നിൽക്കുന്ന ആ ആൾ, നമ്മൾ എതിർക്കേണ്ട ആളല്ല. അവർ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ തന്നെയാണ് എന്ന്.
അത് കൊണ്ട് തന്നെ, എപ്പോഴും ആ കൂടെ ഉണ്ടായിരിക്കേണ്ട നമ്മൾ, അവരുടെ എല്ലാ വിഷമങ്ങളിലും അവരെ അശ്വസിപ്പിച്ചു നമ്മളോട് ചേർത്തു നിർത്തേണ്ട നമ്മൾ, ആ നമ്മൾ തന്നെ അവരോട് വഴക്കിട്ട്, അവരിൽ നിന്നും നിമിഷനേരത്തേയ്ക്ക് ആണെങ്കിൽ പോലും മാറി നിന്ന്, അവരെ തനിച്ചാക്കി ഒരു നിമിഷം പോലും അവരെ വേദനിപ്പിക്കാൻ പാടില്ല എന്ന്….
ഇങ്ങനെ ചിന്തിക്കുന്നു എങ്കിൽ, പ്രണയിക്കുന്നവർക്ക്, സ്നേഹം കൂടിപ്പോയത് കൊണ്ടുണ്ടാകുന്ന പിണക്കങ്ങളിൽ, ഒരു നിമിഷം പോലും തനിക്കേറ്റവും പ്രിയപ്പെട്ടയാളെ തനിയെ വിട്ടിട്ട് പിണങ്ങിയിരിക്കാനാവില്ല…
കാരണം,
അവരുടെ മനസ്സ് ഇത്തിരിയെങ്കിലും വേദനിച്ചാൽ, അവരെക്കാൾ കൂടുതൽ നമുക്കല്ലേ വേദനിക്കുക ?