രചന : സജി കല്യാണി✍

ചിലപ്പോൾ, കാലഭേദമില്ലാതെ മഴപെയ്യുന്ന സമയമുണ്ടാവും. അത് വേദനയുടെ തുരങ്കങ്ങളിൽ നിന്നുതിരുന്ന ജലമുകുളങ്ങൾപ്പോലെ അടർന്നടർന്ന് ഒരിക്കലും വറ്റാതെ മരണത്തിന്റെ തണുപ്പിലേക്ക് ലയിച്ചില്ലാതാകും വരെ ഹൃദയത്തിലൊട്ടിക്കിടക്കും.
ബാല്യകാലത്തെ പകലുകളിൽ, പാടത്തെ അരിവാൾമുറിവിന്റെ മൂർച്ചകളിലൂടെ ഓടിത്തളർന്ന്, വേരില്ലാത്ത സ്വപ്നങ്ങളിലേക്ക് നീർക്കുത്തിടുന്നതിനു തൊട്ടുമുമ്പേ തിരതല്ലിവരുന്നൊരു വിങ്ങലുണ്ട്. ചേർത്തുപിടിക്കലിന്റെ വിരലറ്റങ്ങൾ തിരഞ്ഞുതിരഞ്ഞ് സ്വന്തം കാലിനിടയിലേക്ക് കൈകൾ തിരുകിക്കയറ്റുന്ന ആ നിമിഷം. നിഷേധിക്കപ്പെടുന്ന സ്നേഹസ്പർശത്തിന്റെ ശൂന്യത. ഇടനെഞ്ചിലൊരു തീപ്പൊള്ളലിന്റെ വന്യത. അലങ്കാരങ്ങളില്ലാത്ത വാക്കുകളുടെ ബലക്ഷയം. ഒറ്റക്കടുക്കനിട്ടൊരു ഭൂതത്തിന്റെ വായയിലെ ചോരത്തുള്ളികൾ കൺപീലിയെ നനച്ച് ചുണ്ടിലുമ്മവയ്ക്കും. ഒറ്റയായിപ്പോയ മരുഭൂമിയിലെ ഒട്ടകത്തെപ്പോലെ മണലിൽ കാലമർന്ന് നടക്കാൻ മറക്കും.
അയലത്തെ ചുമരിൽ തട്ടിത്തെറിക്കുന്ന തെറിവറ്റുകളിലെ പശിമയിലും, വീഴുമ്പോൾ ഉറക്കെ വിളിക്കാവുന്ന പേരറ്റങ്ങളുടെ ആത്മബലമുണ്ടല്ലോ എന്ന വ്യഥ; പിന്നെയും പിന്നെയും തിരയുന്ന വിരലറ്റങ്ങളിൽ സൂചിമുനകൊള്ളുന്ന നോവുപടർത്തും.
മുറിയൻ പുതപ്പിൻറെ നീളത്തിനുള്ളിലേക്ക് ചുരുണ്ടുചുരുണ്ടില്ലാതാവുന്ന ആത്മനൊമ്പരങ്ങളുടെ സങ്കീർത്തനം.
കൊടുംവേനലിലും ചൂടറിയാതെ കുളിരുന്ന നെഞ്ചകം.
ഇല്ലാതെ പോയ ചേർത്തുപിടിക്കലിന്റെ ഉരുക്കങ്ങൾക്ക് , വ്യഥചൂടിനിൽക്കുന്ന വേപ്പുമരം പോലെ കയ്ച്ചിറങ്ങുന്ന ഉമിനീരു തുപ്പിക്കളയുമ്പോൾ ഇന്നും വായിക്കാനാവാതെ പോവുന്ന ചില പേരുകളുണ്ട്; അച്ഛനെന്നോ അമ്മയെന്നോ വ്യാഖ്യാനിക്കപ്പെടുന്ന ചില്ലലമാരകൾ.
നഷ്ടബോധത്തിന്റെ മുറിവുകൾക്കു കിട്ടുന്ന മരണാനന്തര ബഹുമതിയാണ് ജീവിതം.

സജി കല്യാണി

By ivayana