ഈറൻ മണക്കുന്ന ഓർമ്മകളുടെയും. കർക്കിടകത്തിലെ കറുത്തവാവിനാണ് മണ്മറഞ്ഞവരുടെ ഭൂമി സന്ദർശനം .
അവർക്കു വേണ്ടി തയ്യാറാക്കിയ ഭക്ഷണം അടച്ചിട്ട മുറിക്കുള്ളിൽ നിവേദിച്ചിരുന്ന വീതുവെയ്പെന്ന ആചാരം അമ്മ മുറതെറ്റാതെ പാലിച്ചുപോന്നിരുന്നു . വല്യേട്ടന് , പുട്ടും കടലയും നിര്ബന്ധമാ , കൊച്ചേട്ടന് വെള്ളപ്പം മതി , അച്ഛന് അവിയൽ ഇഷ്ടമായിരുന്നു , തങ്കമണിക്കു മധുരം ഇല്ലാതെ പറ്റില്ല എന്നൊക്കെ പറഞ്ഞു അമ്മ ഉച്ച കഴിഞ്ഞു ശുദ്ധവും വൃത്തിയും നോക്കി ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു പാകം ചെയ്യുമായിരുന്നു .
‘അമ്മ നാലാം തരത്തിൽ പഠിക്കുമ്പോഴാണ് അമ്മമ്മ മരിക്കുന്നത് . അമ്മയുടെ ഇഷ്ടാനിഷങ്ങൾ അറിയാനിട കിട്ടാഞ്ഞത് കൊണ്ടാകാം അമ്മയ്ക്ക് എല്ലാം ഇഷ്ടമായിരിക്കും എന്നാണു അമ്മ പറഞ്ഞിരുന്നത് . കൊച്ചേട്ടനും വല്യേട്ടനും ബീഡിയും തീപ്പെട്ടിയും, മുത്തച്ഛനും അമ്മയുടെ അനിയത്തിയായിരുന്ന തങ്കമണിക്കും മുറുക്കാനും നിർബന്ധമായും ഒരുക്കും .

അച്ഛൻ ജാപ്പാണം പുകയിലയില്ലാതെ മുറുക്കില്ല എന്നമ്മ കട്ടായം പറയും .
കൊച്ചേട്ടന് ഒരു കുപ്പി കള്ള് പ്രത്യേകമായി ചെത്തുകാരോട് പറഞ്ഞു അച്ഛനും അമ്മയും കാണണ്ട എന്ന് പറഞ്ഞു അതൊരു തോർത്ത് മുണ്ടു കൊണ്ട് മൂടിവെയ്ക്കും
.കള്ളപ്പവും നിറയെ തേങ്ങ ചിരകി ഉണ്ടാക്കിയ പുട്ടും ചോറും ഓരോന്നിനും പാകത്തിന് കൂട്ടാനുകളും നിരക്കും. മീനും ഇറച്ചിയും അന്ന് പതിവില്ല .
അന്ന് ഉണ്ടാക്കുന്നതിന്റെ ഉപ്പും പാകവും ഒന്നും നോക്കാൻ പാടില്ല . അങ്ങനെ ചെയ്‌താൽ അശുദ്ധമാകും . അത് കൊണ്ട് തന്നെ അമ്മ മനക്കണക്ക് കൂട്ടിയും കുറച്ചും കുറെയേറെ പ്രയോഗങ്ങൾ നടത്തും .
പൊതുവെ അമ്മയുടെ വെയ്പ് പ്രസിദ്ധമായിരുന്നു . അന്നത്തെ ദിവസം പതിവിനെക്കാൾ മികച്ചതാകും എന്നുറപ്പാണ് .
ഇഷ്ടമുള്ള കുറേപ്പേർ വിരുന്നു വരുന്നതിന്റെ ലഹരിയിലാകും അമ്മ അന്ന് മുഴുവൻ .പകൽ വീടെല്ലാം തൂത്തുവാരി തുടച്ചു വൃത്തിയാക്കിയിടും . മുഷിഞ്ഞ തുണികൾ ഒന്ന് പോലുമില്ലാതെ അലക്കിയിടും .

സന്ധ്യ കഴിയുംതോറും ഞങ്ങൾ പേടിച്ചു തുടങ്ങും . സന്ധ്യ കഴിഞ്ഞാൽ ഇറയത്തു നിന്ന് മുറ്റത്തേക്ക് മൂത്രമൊഴിക്കാനോ തുപ്പാനോ ഒന്നും പാടില്ല . അവരുടെയെങ്ങാനും മേത്തു വീണാൽ ശാപം കിട്ടുമത്രേ ..
ദേ കൊച്ചേട്ടമ്മാൻ നിക്കണൂ, നമ്മുടെ മോളിപ്പൂച്ച എന്താ ഇങ്ങനെ വല്ലാണ്ട് നോക്കണേ എന്നൊക്കെ പറഞ്ഞു ചേട്ടന്മാർ ഞങ്ങളെ കൂടുതൽ പേടിപ്പിച്ചിരുന്നു . സന്ധ്യയ്ക്കു അടുക്കളയിൽ തിരക്കിട്ടു പാചകത്തിന്റെ അവസാന ഘട്ടങ്ങളിലേക്കു കടക്കുന്ന അമ്മയെ അടുക്കള ജനാലയിൽ പമ്മി നിന്നുകൊണ്ട് ബാബുച്ചേട്ടൻ വല്യേട്ടമ്മാവന്റെ ശബ്ദത്തിൽ “ശാരദേ ..” എന്ന് നീട്ടി വിളിക്കും .

അത് ബാബു ചേട്ടനാണെന്നു സ്‌ഥിര പരിചയം കൊണ്ടറിയാമായിരുന്നുവെങ്കിലും വല്യേട്ടമ്മാൻ അവിടെയുണ്ടെന്ന ഉറച്ച വിശ്വസിക്കുന്ന പോലെ ‘അമ്മ പറയും “ഇപ്പൊ തയാറാകും വല്യേട്ടാ.. എന്നെ ചീത്ത പറയരുത് ..വല്യേട്ടൻ ഉണ്ടാക്കുന്ന രുചിയൊന്നും ഒന്നിനും വന്നിട്ടില്ല ..ഈ കടല വറുത്തരച്ചതിനു ഉപ്പും എരിവും പാകമാണോന്ന് വല്യേട്ടൻ തന്നെ ഒന്ന് നോക്കി പറയൂ ..” എന്നും പറഞ്ഞു അമ്മ കയിലിൽ കോരിയ കൂട്ടാൻ ജനാലിലൂടെ പുറത്തേയ്ക്കു നീട്ടുമ്പോൾ ഞാനും ഒരു വയസ്സിനു മൂത്ത ചേട്ടനും കിലുകിലാ വിറച്ചു കൊണ്ട് അമ്മയുടെ മുണ്ടിൽ പിടിച്ചു വലിക്കും .’വല്യേട്ടമ്മാമനാടാ ..നിങ്ങളെ എന്തിഷ്ടമായിരുന്നു വല്യേട്ടന് ..പേടിക്കണ്ട ..” എന്നമ്മ പറയുമ്പോൾ ഞങ്ങളുടെ പേടി കൂടുകയേ ഒള്ളൂ .

വല്യേട്ടമ്മാൻ മികച്ച പാചകക്കാരനായിരുന്നു . അമ്മയെ ഇടയ്ക്കിടെ വീട്ടിൽ വന്നു സഹായിക്കാനും ആ പഴയ പട്ടാളക്കാരൻ കൂടിയിരുന്നു .
ആ രാത്രികളിൽ കേൾക്കുന്ന പട്ടികുരയ്ക്കും പൂച്ചയുടെ കരച്ചിലിലുമൊക്കെ വേണ്ടാത്ത എന്തൊക്കെയോ സൂചനകൾ പതിയിരുപ്പുണ്ടെന്നു തോന്നുമായിരുന്നു .
പട്ടി കുരയ്ക്കുമ്പോൾ ‘അമ്മ മിണ്ടല്ലേ , ആരോ വരുന്നുണ്ട് എന്ന് ഞങ്ങളോട് പിറുപിറുക്കുകയും ” തയ്യാറാവുന്നെ ഒള്ളൂട്ടോ .. ആരായാലും ക്ഷമയോടെ കാക്കണേ ..ഞാനൊരാളല്ലേ ഒള്ളൂ ..” എന്ന് അദൃശ്യനായ ആരോടോ ബഹുമാനത്തോടെ ശബ്ദമുയർത്തി പറയുകയും ചെയ്യും .

ചന്ദനത്തിന്റെ മണം വരുന്നില്ലേ ? നല്ലോണം ശ്വാസം വലിച്ചു നോക്കൂ ..നിങ്ങടെ മുത്തശ്ശൻ പുറത്തു വന്നിട്ടുണ്ട്. അച്ഛന് ചന്ദനത്തിന്റെ മണമായിരുന്നു .എന്നൊക്കെ പറഞ്ഞു അമ്മ മുത്തശ്ശനിലേക്കു ഞങ്ങളെ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇല്ലാത്ത ആ ചന്ദന മണം അറിഞ്ഞ പോലെ ഞങ്ങൾ പിന്നോട്ട് വലിയും
ചന്ദനനിറവും ചന്ദനത്തൈലവും ചന്ദനസോപ്പും അമ്മയ്ക്ക് ഏറെ പ്രിയങ്കരമായിരുന്നു . അമ്മയ്ക്കേറെ ഇഷ്ടമുള്ള ഓർമ്മകൾക്ക് എപ്പോഴും ചന്ദനമണമായിരുന്നു. ചന്ദനത്തിനു ചെന്ദനം എന്നാണു ‘അമ്മ പറഞ്ഞിരുന്നത് .
ഓരോരുത്തർക്കും വെവ്വേറെ വാഴയിലയിൽ വീതുവെച്ചു വെച്ച് മുറിയടച്ചു ഒരു മണിക്കൂർ കഴിഞ്ഞു കാരണവന്മാരുടെ ഉച്ചിഷ്ടം ആണ് ഞങ്ങൾക്ക് വിളമ്പിയിരുന്നത് .
നിലവിളക്കു കൊളുത്തുകയോ പൂജാ ദ്രവ്യങ്ങൾ ഒരുക്കുകയോ പതിവില്ലാത്തത് അതൊരു സാത്വിക പൂജ അല്ലാത്തത് കൊണ്ടായിരുന്നിരിക്കാം .

ആ ഒരു മണിക്കൂർ ഞാനും ചേട്ടനും നിലത്ത് കാലു നീട്ടിയിരിക്കുന്ന അമ്മയുടെ മടിയിൽ തലവെച്ചു കണ്ണടച്ച് കിടക്കും .
ഇടയ്ക്കിടെ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടയ്ക്കുകയും മൂക്ക് പിഴിയുകയും ചെയ്തു കൊണ്ട് അമ്മ വല്യേട്ടന്റെയും കൊച്ചേട്ടന്റെയും തങ്കമണിയുടെയും കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ അയവിറക്കും .
ഒരു മണിക്കൂർ കഴിഞ്ഞു അറ തുറന്നു അകത്തുകടക്കുമ്പോൾ അമ്മയ്ക്കും ഭയമുള്ളതു പോലെ തോന്നിയിരുന്നു .
എന്റെ അച്ഛാ. അമ്മെ , വല്യേട്ടാ , കൊച്ചേട്ടാ , തങ്കമണീ…. പത്തു വയസ്സ് മുതൽ അടുക്കളയിലെ വെയ്പ് തുടങ്ങിയതാണ് . ഇത്രയൊക്കെയേ എന്നെ കൊണ്ട് കഴിയൂ .. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പൊറുക്കണെ..കുഞ്ഞുങ്ങളെ കാത്തോണേ ..എന്ന് കണ്ണടച്ച് നെഞ്ചത്ത് കൈവെച്ചു പ്രാർത്ഥിച്ചിട്ടാണ് അമ്മ നിവേദ്യം തിരിച്ചെടുക്കുക .അന്നത്തെ സന്ധ്യ മുതലുള്ള സമയം ഞാനും ചേട്ടനും അത്രമാത്രം ഭയാശങ്കകളോടെയാണ് കഴിച്ചുകൂട്ടുക .
കർക്കിടകരാവുകൾ മഴ നനഞ്ഞു കാറ്റൂതി വരുന്ന ഒരു രാക്ഷസിയെപോലെ പേടിപ്പെടുത്തുന്നതായിരുന്നു .
അന്നൊക്കെ കടലിലെ കർക്കിടകക്കോള് ഞങ്ങളുടെ മുറ്റത്തെന്ന പോലെ കേൾക്കാൻ ആകുമായിരുന്നു .

ആജാനുബാഹുവായിരുന്ന കൊച്ചേട്ടമ്മാന്റേതു വലിയ പാദങ്ങളായിരുന്നു .
വല്യേട്ടമ്മാൻ ആണി രോഗം കാരണമായി രണ്ടു കാലിന്റെയും പെരുവിരൽ വിരൽ നിലത്തു അമർത്താതെയാണ് നടന്നിരുന്നത് .
പിറ്റേന്ന് വെളിച്ചമാകുമ്പോൾ ഞാനും ചേട്ടനും മുറ്റത്തും പറമ്പിലും വലിയകാൽപ്പാടുകളും പെരുവിരൽ പതിയാത്ത പാടുകളും കണ്ടെത്താൻ മത്സരിക്കുമായിരുന്നു .
പിന്നീട് മുതിർന്നപ്പോൾ ചേട്ടന്മാരുടെയൊപ്പം ഞങ്ങളും അമ്മയെ പറ്റിക്കാനും ഭയപ്പെടുത്താനും കൂടിയിട്ടുണ്ട് . പൊതുവെ ഒരു വിധത്തിലുള്ള ആചാരങ്ങളും പാലിക്കാതെ പോന്നിരുന്ന എന്റെ വീട്ടിൽ കർക്കിടമാസത്തിലെ രാമായണം വായനയും വീത് വെയ്പ്പും മുടങ്ങാതെ പാലിച്ചു പോന്നിരുന്നു . മിക്കവാറും ആചാരാനുഷ്ഠാനങ്ങളും അന്ധ വിശ്വാസത്തിന്റെ ഭാഗമാണെന്നു പറഞ്ഞു വിലക്കിയിരുന്ന അച്ഛൻ ഈ രണ്ടുകാര്യങ്ങളിലും അമ്മയോടൊപ്പം കൂടുമായിരുന്നു.

By ivayana