രചന : കൃഷ്ണമോഹൻ കെ പി ✍
ഹരിനാമസംഗീത, ധ്വനി കേട്ടുണർന്നു ഞാൻ
ഹരിഹരപുത്രൻ്റെയങ്കണത്തിൽ,
ശ്രീലകത്തുള്ളൊരു, ശ്രീമതി തന്നുടെ
ശ്രീകര ധ്യാനത്തെക്കാണുവാനായ്
ഗണനായകനാകും, ഗണപതി തന്നോടു
ഗുണങ്ങളെയേകുവാൻ പ്രാർത്ഥിയ്ക്കുവാൻ
നശ്വരമാകും നിമിഷങ്ങൾ തന്നിലേ
മത്സരമൊട്ടൊന്നു മാറിടട്ടേ
അജ്ഞാതരൂപത്തിൻ, ആകാരമായുള്ള
ഇജ്ജഗത്തിൻ്റെയാ, ഈഷലിന്മേൽ
ഉത്തുംഗ രാഗപരാഗം ചൊരിഞ്ഞവൻ
ഊർജത്തെ മെല്ലെപ്പകർത്തിടട്ടേ
എത്ര നാംകാംക്ഷിച്ചിരുന്നാലുമോർമ്മയിൽ
ഏഷണി തന്നുടെ രശ്മിയേറ്റാൽ
ഐഹികസ്വപ്നങ്ങൾ, പാടേ കരിഞ്ഞു പോം
ഒക്കെയും നഷ്ടമായ് വന്നു ചേരും
ഓർക്കുക വേണ്ടഹോ, പിന്നാമ്പുറങ്ങളെ
ഔചിത്യമോടെ നടന്നു നീങ്ങാം
അംബുധി തന്നിലെ, വെൺ തിരമാല പോൽ
അന്തക്കരണത്തെ ശുദ്ധമാക്കി
“ക”യിൽ തുടങ്ങുന്ന,
വ്യജ്ഞനപുഷ്പങ്ങൾ
ജ്ഞാനത്തിൻ സൗരഭം തൂകി നില്ക്കാൻ
കാരണകാരി പ്രപഞ്ചത്തിൻ കർണ്ണത്തിൽ
കർമ്മങ്ങൾ ചൊൽവൂ അവിഘ്നമസ്തു:🙏