ഒന്നാം പക്കം!
പ്രണയത്തിന്റെ
മനോഹാരതീരത്ത്
മതിമറന്നിരിക്കവെ
ഒറ്റത്തുരുത്തിൽ
ചോരത്തുപ്പിച്ചുവന്ന
പകൽക്കിനാവിലെ പട്ടം
കണക്കെയവൾ
ദൂരെയ്ക്കകന്നുപോയി
രണ്ടാം പക്കം!
നിശബ്ദമായിരുന്നെങ്കിലും
ഉള്ളിലൊരുകടലിരമ്പുന്നു
മിഴികൾ പിടയ്ക്കുന്നു
തിരയടിച്ചുയരുന്നപോൽ
മനസ്സുഴറിപ്പിടഞ്ഞു
കണ്ണീർപ്പുഴയൊഴുകി
മൂന്നാം പക്കം!
ഓർമ്മകൾ
മിന്നിക്കത്തും
പ്രകാശബൾബുകളായി
ചിത്രവധം ചെയ്തിരുന്നു
ഒന്നായിരുന്നപകലുകൾ
കൈകോർത്തുനടന്ന
മണൽത്തീരങ്ങൾ
ഐസ് നുണഞ്ഞ
മൃദുചുംബനങ്ങൾ
ഇന്നെൻ്റെയുറക്കം
കെടുത്തിത്തെളിയുന്നു
നാലാം പക്കം!
ഉൾവിളിപോലവളുടെ
ചിത്രങ്ങളിൽ
വിരൽ ചൂണ്ടിയുറക്കെ
പരിതപിച്ചിരുന്നു
മറുപടികളില്ലാത്ത
മുഴക്കങ്ങൾമാത്രം
തളംകെട്ടി നിന്നാദിനവും
കൊഴിഞ്ഞുവീണു
അഞ്ചാം പക്കം!
സ്വപ്നങ്ങളുടെതേരിൽ
നിറമുള്ളകാഴ്ചകളൊക്കെയും
അവളുടെദാനമായിരുന്നു
പിടയ്ക്കുന്നു ഹൃദയം
തിരയുന്നുമിഴികൾ
ശൂന്യതയിലേക്ക്
വഴിക്കണ്ണെറിഞ്ഞു
കാത്തിരുന്നു
ആറാം പക്കം!
ചെമ്പിച്ചകുറ്റിത്താടിയിൽ
വിരലുകളാൽ
കുത്തിച്ചൊറിഞ്ഞു
നാലുച്ചുവരുകൾക്കുള്ളിൽ
തെക്കും വടക്കും
നടന്നുതളർന്നു
കഞ്ഞിവെള്ളം
കോരിക്കുടിച്ചിരുന്നു
വിഷാദത്തിൻ തേരുതെളിച്ചു
ഏഴാം പക്കം!
ചരടുപ്പൊട്ടിപ്പോയപട്ടം
പറന്നുപോയ
വഴികളിലൊക്കെയും
ശൂന്യത നിഴലിച്ചിരുന്നു
പ്രണയത്തിൻ്റെ നൊമ്പരക്കടൽ
നീന്തിക്കടക്കുവാനാകാതെ
അവനെഴുതിച്ചേർത്തവരികളിൽ
രക്തമൊഴുകിപ്പടർന്നൊരു
നൂലില്ലാപ്പട്ടമായിപ്പറന്നവനും
വിഷ്ണു പകൽക്കുറി