രചന : റുക്‌സാന ഷമീർ ✍
പണ്ട് ഒരു രാജ്യത്ത്
ഒരു രാജാവുണ്ടായിരുന്നു.
അദ്ദേഹം പ്രജകളുടെ പരാതിയും പട്ടിണിയും മാറി പ്രജകളുടെ ക്ഷേമത്തിനായി ഓരോ വീടുകളിലും ഓരോ നോട്ടടിയന്ത്രം കൊടുക്കാൻ ഉത്തരവിട്ടു.
എല്ലാ വീടുകളിലും നോട്ടടിയന്ത്രം എത്തി. എല്ലാവർക്കും സന്തോഷമായി. ആവശ്യമുള്ളതെല്ലാം സാധ്യമാവാൻ നോട്ടടിയന്ത്രം കൂട്ടായി .
പലചരക്കു കടകളിലും തുണിക്കടകളിലും ഇറച്ചിക്കടയിലും മറ്റു കടകളിലുമെല്ലാം ആളുകൾ തിങ്ങി നിറഞ്ഞു ….
കടകളിൽ നിന്നും സാധനങ്ങൾ വിറ്റു തീർന്ന് കടകൾ പെട്ടെന്ന് കാലിയാകാൻ തുടങ്ങി.
വ്യാപാരികൾ രാജാവിന്റെയടുക്കൽ ആവലാതികൾ ബോധിപ്പിച്ചു. കൂടുതൽ സാധനങ്ങൾ കപ്പൽ മാർഗ്ഗം എത്തിക്കാൻ രാജാവ് ഉത്തരവിട്ടു
നാളുകൾ കൊഴിയവേ ….
ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും അപ്പപ്പോഴുള്ള ആഗ്രഹത്തിനനുസരിച്ച് സമൃദ്ധിയായി കഴിച്ച് അവിടുത്തെ ആളുകളെല്ലാം പെട്ടെന്ന് പെട്ടെന്ന് രോഗികളാകാൻ തുടങ്ങി….
ഇഷ്ടമുള്ള മധുര പലഹാരങ്ങൾ കഴിച്ച് ഒരു പാട് ആളുകൾ ഷുഗർ രോഗികളായി .മാംസാഹാരം അളവില്ലാതെ ഭക്ഷിച്ച് കൊളസ്ട്രോളും അങ്ങനെ പലവിധ അസുഖങ്ങൾ അവരെ തളർത്തിക്കളഞ്ഞു.
എല്ലാവരും രോഗികളായിത്തീരാൻ തുടങ്ങിയപ്പോൾ ഓരോരുത്തരായി രാജാവിന്റെയടുക്കൽ ആവലാതികൾ ബോധിപ്പിക്കാനെത്തി.
രാജാവ് നാലുദിക്കിൽ നിന്നും നാട്ടുവൈദ്യൻമാരെ കൊണ്ടുവരാൻ ഉത്തരവിട്ടു. ചികിത്സ പുരോഗമിച്ചു.
കൂടുതൽ ആളുകൾ രോഗികളാകാൻ തുടങ്ങിയപ്പോൾ രാജാവിന് അങ്കലാപ്പായി …
അയൽ രാജ്യത്ത് സമർത്ഥനായ ഒരു നാട്ടുവൈദ്യനുണ്ടെന്ന് മന്ത്രി രാജാവിന്റെ ചെവിയിൽ മന്ത്രിച്ചു. ആ നാട്ടുവൈദ്യനെ ഉടൻ എത്തിക്കാൻ രാജാവ് ഉത്തരവിട്ടു.
അന്ന് സന്ധ്യയാകുമ്പോഴേക്കും നാട്ടു വൈദ്യൻ എത്തി. ആ നാട്ടുവൈദ്യൻ ആ രാജ്യത്തെ ജനങ്ങളുടെ ജീവിത രീതി നിരീക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് എല്ലാ വീടുകളിലെയും നോട്ടടിയന്ത്രത്തെ കുറിച്ച് അറിഞ്ഞത്.
പിറ്റേന്ന് …..
ബുദ്ധിമാനായ നാട്ടുവൈദ്യൻ നാട്ടു സഭയിൽ പറഞ്ഞു ….
രാജാവേ …..അങ്ങ് പ്രജകളോട് കരുണയും ഉത്തരവാദിത്വവുമുള്ള രാജാവ് തന്നെ ….
പക്ഷെ അങ്ങ് അവിവേകം കാണിച്ചിരിക്കുന്നതു മൂലം രാജ്യം രോഗ ഭീതിയിലാണ്.
ആരവിടെ ….എന്ത് അവിവേകമാണ് നോം കാണിച്ചത് രാജാവ് ക്ഷുഭിതനായി
പ്രജകളുടെ ക്ഷേമത്തിനായി അങ്ങ് എല്ലാ വീടുകളിലും വിതരണം ചെയ്ത നോട്ടടിയന്ത്രം തന്നെയാണ് ഇവിടെ പ്രശ്നക്കാരനായിരിക്കുന്നത്
എന്ത് …..? പരോപകാരിയായ നോട്ടടിയന്ത്രമോ പ്രശ്നക്കാരൻ ….താങ്കൾ എന്ത് അസംബന്ധമാണ് പറയുന്നത് രാജാവിന് കലികയറി
അങ്ങ് ക്ഷുഭിതനാകേണ്ട. അങ്ങയുടെ പ്രജകൾക്ക് അത്യാവശ്യങ്ങൾ അനാവശ്യങ്ങളായി … ധാരാളിത്തം കുമിഞ്ഞുകൂടി.
നോട്ടടിയന്ത്രം എല്ലാം സമൃദ്ധിയാക്കിയപ്പോൾ അളവിൽ
കവിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ വാരിവലിച്ചു ഭക്ഷിച്ചാണ് എല്ലാവരും രോഗിയായത്…..
നാട്ടുവൈദ്യൻ പറഞ്ഞ കാര്യങ്ങൾ ശരിയാവുമെന്ന് രാജാവ് ചിന്തിക്കാൻ തുടങ്ങി …. അൽപ്പ സമയത്തേക്ക് രാജാവ് മൗനിയായി
സംശയമുണ്ടെങ്കിൽ എല്ലാ വീടുകളിലെയും നോട്ടടിയന്ത്രം കൊട്ടാരത്തിലെത്തിക്കാൻ ഉത്തരവിടു രാജാവേ …. പ്രജകളിലെ രോഗമുക്തി അപ്പോൾ കാണാനാവും
ഞാൻ പറയുന്നത് തെറ്റാണെങ്കിൽ നോട്ടടിയന്ത്രം തിരികെ ഏൽപ്പിക്കാം
എല്ലാ വീടുകളിലെയും നോട്ടടിയന്ത്രം കൊട്ടാരത്തിലെത്തിക്കാൻ രാജാവ് ഉത്തരവിട്ടു.
മനസില്ലാമനസോടെയാണെങ്കിലും എല്ലാവർക്കും നോട്ടടിയന്ത്രം വിട്ടുകൊടുക്കേണ്ടി വന്നു ….
സ്വയം പ്രയത്നിച്ച് ജോലി ചെയ്ത് പണമുണ്ടാക്കി അവശ്യ ഭക്ഷണം മാത്രം കഴിച്ച രാജാവിന്റെ പ്രജകൾ രോഗമുക്തരാകാൻ തുടങ്ങി. പഴയതു പോലെ ഉത്സാഹഭരിതരായി ….
രാജാവിന് സന്തോഷമായി ….
സമർത്ഥനായ നാട്ടുവൈദ്യന് സ്വർണ്ണക്കിഴി രാജാവ് സമ്മാനമായി നൽകിയപ്പോൾ നാട്ടുവൈദ്യൻ രാജാവിനെ വണങ്ങിക്കൊണ്ടു പറഞ്ഞു ….
രാജാവേ ഈ സമ്മാനത്തിന് അർഹമായതൊന്നും ഞാൻ ചെയ്തിട്ടില്ല
ഈ രാജ്യത്തിന് ഹാനികരമായത് നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്…..
കൈകൂപ്പി വണങ്ങിക്കൊണ്ട് നാട്ടുവൈദ്യൻ നാട്ടിലേക്കു പോകാനായി രാജാവിനോടു യാത്ര പറഞ്ഞു.
അങ്ങ് ഇവിടെ കൊട്ടാരത്തിലെ നാട്ടുവൈദ്യനായി തുടരണം. അങ്ങയെ ഈ നാടിന് ആവശ്യമാണെന്ന് രാജാവ് അഭ്യർത്ഥിച്ചു ….
നാട്ടുവൈദ്യൻ ആ നാടിന്റെ നന്മയുള്ള നാട്ടുവൈദ്യനായി ….
ആ നാട്ടിൽ സന്തോഷം കളിയാടി
അമിതമായാൽ അമൃതും വിഷമെന്ന് പഴമൊഴി ഇവിടെ അന്വർത്ഥമാവുകയാണ്
സ്വയ പ്രയത്നം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന മിതമായ സമ്പത്താണ് ആവശ്യത്തിന് ഉപകരിക്കുന്നത്
അനാവശ്യം എപ്പോഴും മനുഷ്യനെ മന്ദഗതിയിലും രോഗത്തിലും എത്തിക്കും ….