രചന : മൻസൂർ നൈന -✍

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലൊ ഗുജറാത്തിൽ നിന്നും കൊച്ചിയിലേക്ക് കടന്നുവന്നവരാൽ സ്ഥാപിക്കപ്പെട്ടതാണ് മട്ടാഞ്ചേരിയിലെ ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ എന്ന ഗുജറാത്തി സ്ക്കൂൾ …

ഗുജറാത്തിലെ കച്ച് പ്രദേശത്ത് നിന്നും എത്തിയവരാണ് കൊച്ചിയിലുള്ള ഗുജറാത്തികളിൽ ഏറെയും. ഇവരിൽ ഹിന്ദുക്കളുണ്ട് , ജൈനന്മാരുണ്ട് , മുസ്ലിംകളുണ്ട് . ഇവരെയെല്ലാം കച്ചീക്കാർ എന്നാണ് പൊതുവെ വിളിക്കുക . അതുപോലെ ഹാലായി എന്നൊരു വിഭാഗമുണ്ട് ഇവരും ഈ മൂന്നു മതവിഭാഗങ്ങളിലുമുണ്ട്. ഗുജറാത്തിൽ നിന്നും കൊച്ചിയിൽ എത്തിയവരിൽ ഏറെയും ബനിയ സമുദായക്കാരായ വ്യവസായികളാണ്.
ഗുജറാത്തിൽ നിന്നും കൊച്ചിയിലെത്തിയ ഗുജറാത്ത് വംശജരെ കുറിച്ച് എഴുതി വായിക്കാത്തവർക്കായി ഇതോടൊപ്പം ചേർക്കുന്നു.
‘ഫോർട്ടുക്കൊച്ചിയും – മട്ടാഞ്ചേരിയും ചരിത്രമുറങ്ങാത്ത ഇരട്ട നഗരങ്ങൾ ‘ എന്ന പുസ്തകത്തിലൂടെ ഈ ചരിത്രം നിങ്ങൾക്ക് വായിക്കാം….
കൊച്ചിയിലൊരു കൊച്ചു ഗുജറാത്ത്….

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ , ലാലാ ലജ്പത് റായ്, സർദാർ വല്ലഭായ് പട്ടേൽ ,പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ , മൊറാർജി ദേശായി തുടങ്ങിയ ചരിത്ര പുരുഷന്മാരുടെ സാന്നിദ്ധ്യത്താൽ ചരിത്ര താളുകളിൽ ഇടം പിടിച്ച ഈ സ്ക്കൂൾ ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു . ഏഴാം തരം വരെ ഞാനും , ഇളയ സഹോദരനും , എന്റെ മകനും ഈ സ്ക്കൂളിൽ തന്നെയാണ് പഠിച്ചത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു .


1883 -ൽ അന്നത്തെ കൊച്ചിയിലെ ഗുജറാത്തി സമൂഹത്തിലെ വ്യവസായികളും പ്രശസ്തരുമായവർ ചേർന്നു ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ എന്ന ഒരു കൂട്ടായ്മക്ക് തുടക്കമിട്ടു. സമൂഹത്തിലുള്ള ദുർബലരും രോഗികളുമായവരെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. 1969 ൽ ഇന്നത്തെ അതിന്റെ ഭരണഘടന അംഗീകരിക്കപ്പെട്ടു.


പൊതുതെരഞ്ഞെടുപ്പിലൂടെയാണ് മഹാജൻ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക. പതിനെട്ടു വയസ്സ് പൂർത്തിയാവുന്ന ഇവരുടെ സമൂഹത്തിലെ ഏതൊരാളും മഹാജന്റെ വോട്ടർമാരാണ്. 15 അംഗ കമ്മിറ്റിയായിരിക്കും ഉണ്ടാവുക. രാജസ്ഥാനിലെ മാർവാർ (ജോധ്പൂര്), ബിക്കാനീര്, ശേഖാവതി തുടങ്ങിയിടങ്ങളിൽ നിന്നുള്ള വ്യാപാരി സമൂഹമായ മാർവാരികളും ( മാർവാഡികൾ ) കൂടി ഈ മഹാജന്റെ ഭാഗമാണ് .
1904 ജൂൺ 25-ന് മഹാജൻ ഗേൾസ് സ്കൂൾ സ്ഥാപിച്ചതോടെയാണ് കൊച്ചിയിൽ ഗുജറാത്തി മഹാജൻ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെച്ചത് . നാലാം ഫോറം വരെ ആരംഭിച്ച ഈ സ്ക്കൂൾ ഒരു വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത് .


പെൺകുട്ടികൾക്ക് ഗുജറാത്തി ഭാഷയിലാണ് തുടക്കത്തിൽ സ്കൂൾ പൊതുവിദ്യാഭ്യാസം നൽകിയത് . അക്കാലത്ത് ശുചിത്വം , പാചകം , തുന്നൽ, പാട്ട് തുടങ്ങിയവ കൂടി പഠിപ്പിക്കും. ഈ വിഷയങ്ങളും വിദ്യാഭ്യാസത്തോടൊപ്പം നൽകി . സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്ത് ചർക്ക കൂടി പഠിപ്പിച്ചിരുന്നതായി പറയപ്പെടുന്നുണ്ട് .
പിന്നീട് ആൺകുട്ടികൾക്ക് കൂടി സ്ക്കൂളിൽ പ്രവേശനം നൽകി. സൗജന്യ വിദ്യഭ്യാസമാണ് നൽകിയിരുന്നത് . അക്കാലത്ത് വിദ്യാഭ്യാസത്തിനായി ശിശുക്കൾക്ക് “ശിശു മന്ദിർ” എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു .


സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടത്തിന്റെ ആവശ്യകത അനിവാര്യമായിത്തീർന്നു, ഈ ആവശ്യം നിറവേറ്റുന്നതിനായി 1919 ഫെബ്രുവരി 15 ന് അടിയന്തര യോഗം വിളിച്ചു ചേർത്തു . സ്ക്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനു ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ യോഗം തീരുമാനിച്ചു . യോഗം കഴിഞ്ഞു ആറ് മാസം പൂർത്തിയായപ്പോൾ അതായത് 1919 ഓഗസ്റ്റ് 27- അന്ന് കൊച്ചിയുടെ ദിവാൻ Sri . Bahadur Vijaya Ragavacharya
പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.


രണ്ടു വർഷത്തിനുശേഷം 1921 ഒക്‌ടോബർ 26-ന് ഒരു വൈകുന്നേരം ഗുജറാത്തി യു.പി. സ്‌ക്കുൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മട്ടാഞ്ചേരി സാക്ഷ്യം വഹിച്ചു . ഉദ്ഘാടന വേളയിൽ സ്ക്കൂൾ പരിസരം ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമായി. കൊച്ചിയിലെ ഉന്നതരുടെ വലിയൊരു സംഘം തന്നെ ഉദ്ഘാടനത്തിനു സന്നിഹിതരായിരുന്നു . കൊച്ചിയുടെ Sri . Diwan Bahadur Vijaya Ragavacharya ഉദ്ഘാടനം നിർവ്വഹിച്ചു. അന്നത്തെ ബ്രിട്ടീഷ് പോലീസ് കമ്മീഷണറായിരുന്ന
Mr ..H.M.W. Brown ചടങ്ങിനെത്തിയിരുന്നു . ഹൈക്കോടതിയിലെ ജഡ്ജിമാർ , അഭിഭാഷകർ തുടങ്ങി നിരവധി പ്രശസ്തർ അന്ന് ആ ചടങ്ങിൽ പങ്കെടുത്തു. ദിവാൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഗുജറാത്തി സമൂഹത്തിന്റെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചു , കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച അപൂർവ ഇരട്ട ഭാഗ്യമാണെന്ന് പറഞ്ഞു , കാരണം അദ്ദേഹം തന്നെയായിരുന്നു ഇതെ സ്ക്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടതും .


കൊച്ചിയിലുണ്ടായിരുന്ന ഗുജറാത്തി സമൂഹത്തിലെ അന്നത്തെ പൂർവ്വികരുടെ വിദ്യാഭ്യാസത്തോടുള്ള താത്പര്യവും അതിനായുള്ള പരിശ്രമവും എടുത്തു പറയാതിരിക്കാനാവില്ല . കാരണം ഇതു പോലുള്ള പൊതു കെട്ടിടങ്ങൾ നിർമ്മിക്കാനും അത് പ്രയോജന –
പ്പെടുത്തുവാനും സാധാരണയായി വർഷങ്ങളേറെ എടുക്കുന്ന സമയത്ത് ഈ സ്ക്കൂളിനായി തറക്കല്ലിട്ടു 2 വർഷത്തിനുള്ളിൽ തന്നെ അതിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു .


ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ
Sri .Popatlal Govindji Sangani യായിരുന്നു . ശ്രീ. കൊച്ചിൻ ഗുജറാത്തി മഹാജൻ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ പ്രസിഡന്റ് Sri . Ramji Kuverji Pathak എന്ന വ്യക്തിയുമായിരുന്നു .
രബിന്ദ്രനാഥ ടാഗോറിന്റെ സന്ദർശനം ….
രബീന്ദ്രനാഥ ടാഗോർ 1922 നവംബർ 17 ന് എറണാകുളം മഹാരാജാസ് കോളജ്, തൃപ്പൂണിത്തുറ ഹിൽപാലസ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ക്കൂളിലുമെത്തി . അവിടെ നിന്നു രാത്രി തന്നെ ആലുവയിലേക്കു പുറപ്പെട്ടു. അദ്വൈതാശ്രമവും , യുസി കോളജും സന്ദർശിച്ച ശേഷം പിറ്റേന്നു ഷൊർണൂർ വഴി ബെംഗളൂരുവിലേക്കു പോയി.
അദ്ദേഹം സ്ക്കൂൾ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി സ്ക്കൂൾ ലൈബ്രറിക്ക് ടാഗോർ ലൈബ്രറി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.


മഹാത്മാ ഗാന്ധിയുടെ സന്ദർശനം…
വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകാൻ 1925 മാർച്ചിൽ കേരളത്തിൽ എത്തിയപ്പോഴാണ് മഹാത്മാഗാന്ധി മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ക്കൂൾ സന്ദർശിക്കുന്നത് .അന്ന് വൈകിട്ട് ഫോർട്ടുക്കൊച്ചി അമരാവതിയിൽ വെച്ചു നടന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു . 1970 -76 കാലത്ത് കൊച്ചിൻ ഗുജറാത്തി മഹാജന്റെ
സെക്രട്ടറിയായിരുന്ന
Shri . Mulraj Bhai N.Ved ന്റെ പിതാവ്
Sri. Narandas ആണ് ഗാന്ധിജിയുടെ പ്രസംഗത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് .


1956 -ൽ ബാബുഭായ് ജയറാം ആഷർ ആയിരുന്നു സ്ക്കൂൾ മാനേജർ . സ്‌കൂളിനെ എയ്ഡഡ് സ്‌കൂളാക്കി മാറ്റുന്നതിനായി അദ്ദേഹം വളരേയധികം പരിശ്രമിച്ചു . ആ ശ്രമം വിജയം കണ്ടു 1957 – 58 വർഷം ഈ വിദ്യാലയം എയ്ഡഡ് സ്കൂളായി മാറി. എയ്ഡഡ് സ്ക്കൂളായതിന് ശേഷം Sri Bhaskaran Nair സാറായിരുന്നു ആദ്യ പ്രധാനാധ്യാപകൻ . 1962- ൽ അപ്പർ പ്രൈമറി വിഭാഗത്തിൽ ഒരു ക്ലാസ്സ് ഇംഗ്ലീഷ് മീഡിയത്തിനായി സർക്കാർ അനുവദിച്ചു.
ഹൈസ്ക്കൂൾ ആരംഭിക്കുന്നു…..
ഇതിനിടെ ഇത് ഹൈസ്ക്കൂൾ ആക്കുന്നതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞിരുന്നു . 1961 ഏപ്രിൽ 28 ന് ഹൈസ്ക്കൂൾ കെട്ടിടത്തിനായി
Sri . Kakubhai C. Bhammer തറക്കല്ലിട്ടു . 2 വർഷത്തിനകം കെട്ടിടം പണി പൂർത്തിയാക്കി 1963 ജനുവരി 26 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന
Sri .R. Shankar ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . ഇവിടെ 8 – 10 വരെ അൺ എയ്ഡഡാണ് .


( കോൺഗ്രസ്സുകാരനായ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി , കേരളത്തിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രി എന്ന ബഹുമതി അവകാശപ്പെടാവുന്ന R. Shankar എന്ന Raman Shankar 1962 സെപ്തംബർ 26 മുതൽ 1964 സെപ്തംബർ 10 വരെ
715 ദിവസം മാത്രമാണ് മുഖ്യമന്ത്രിയായിരുന്നത്
അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ് ) .
മൊറാർജിഭായി ദേശായി ഉദ്ഘാടകനാവുന്നു …..
സ്‌കൂൾ പുരോഗമിക്കുന്നതിനനുസരിച്ച് വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും വിദ്യാർത്ഥികളെ താമസിപ്പിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനും സ്കൂൾ കെട്ടിടം വിപുലീകരിക്കണമെന്ന ആവശ്യം ഉയർന്നു. Sri . Kantilal Raychand Mehta
1963 ഒക്‌ടോബർ 3-ന് വിശാലമായ ഒരു കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തു. അന്നത്തെ ഇന്ത്യയുടെ ധനമന്ത്രി
1966 സെപ്തംബർ 25-ന് Sri .Morarjibhai Desai കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .
ശ്രീ . K. Bhaskaran Nair ആയിരുന്നു ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോൾ സ്കൂളിലെ പ്രധാനാധ്യാപകൻ . 1962 മുതൽ 1982 മാർച്ച് 31 വരെ
20 വർഷക്കാലത്തോളം ഈ സ്ഥാപനത്തിൽ അദ്ദേഹം പ്രധാനാധ്യാപകനായിരുന്നു. ഇത്രയും നാൾ ഈ പദവിയിൽ ഇരുന്ന ഒരേയൊരു പ്രധാനാധ്യാപകൻ എന്ന ബഹുമതി ഇദ്ദേഹത്തിനാണ്.


ഞാൻ ഇവിടെ ഏഴാം തരം വരെ പഠിക്കുമ്പോഴും Sri. Bhaskaran Nair സാറായിരുന്നു പ്രധാനാധ്യാപകൻ . ഇന്ന് അദ്ദേഹത്തിന്റെ മകൾ Smt . Bindu B . Nair ആണ് ഇവിടുത്തെ ഇപ്പോഴത്തെ പ്രധാനാധ്യാപിക . അതു പോലെ ഞങ്ങളൊക്കെ പഠിക്കുമ്പോൾ ഈ സ്ക്കൂളിലെ പ്യൂണായിരുന്ന ഗോപാലൻ ചേട്ടന്റെ ( Gopal Rao ) മകൻ Dinesh Rao പിന്നീട് ഇവിടുത്തെ പ്യൂണായി മാറി. ഇതൊക്കെ സ്ക്കൂളിന്റെ ചരിത്രത്തിലെ മനോഹരമായ ചില കാഴ്ച്ചകളാണ് .


ഗുജറാത്തി കോളേജ് …….
1998 ഡിസംബർ 4 ന് Sri . Jayasingh V. Mariwala കോളേജ് കെട്ടിട്ടത്തിനായി തറക്കല്ലിട്ടു. 2000 മാർച്ച് 12 ന് Sri. Kantilal Pranlal Patel കേളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . 2002 ൽ എം.ജി. യൂണിവേഴിസിറ്റിയുടെ അഫിലിയേഷൻ ലഭിച്ചതോടെ Seth Ram Bahadur Singh ഗുജറാത്തി കോളേജ് അതിന്റെ പ്രവർത്തനമാരംഭിച്ചു . ജ്യൂടൗണിലെ പ്രമുഖ വ്യവസായി Sri. Ram Bahadur Takur എന്ന വ്യക്തിയാണ് ഈ കോളേജിനായി വലിയൊരു സംഭാവന നൽകിയത്.


സ്ക്കൂളിന്റെ തന്നെ പ്രായമുള്ള ആൽമരം …..
സ്ക്കൂളിന് മുന്നിൽ നിൽക്കുന്ന 100 വയസ്സു കഴിഞ്ഞ ആൽമരത്തിന് എന്തൊക്കെ ചരിത്രം പറയാനുണ്ടാവും. എത്രയോ തലമുറകൾ എത്രയോ പേർ അവരുടെ ബാല്യകാലം ഈ ആൽമരത്തിന് ചുറ്റും കളിച്ചു തീർത്തിരിക്കുന്നു . ഇന്ന് പ്രായമേറെ പിന്നിട്ട ശേഷം ജീവിത പ്രാരാബ്ദങ്ങളുമായി കുതിച്ചും കിതച്ചും മുന്നോട്ടു പോകുമ്പോൾ ഒരിക്കൽ കൂടി ഈ ആൽമരത്തിനരികെ ഒന്നു വന്നിരുന്നു തങ്ങളുടെ ബാല്യകാലത്തെ ഓർമ്മകളിലേക്ക് പോകാൻ ആഗ്രഹിക്കാത്തവർ ആരുണ്ടാവും.
ശതാബ്ദി ആഘോഷം….


കൊച്ചിൻ ഗുജറാത്തി മഹാജന്റെ പ്രസിഡന്റായി Sri .Kishor Shamji Kuruwa യും , സെക്രട്ടറിയായി Sri. Chetan D. Shah യും ഇരിക്കുമ്പോഴാണ് 2019 – ൽ സ്ക്കൂളിന്റെ നൂറാം വാർഷികം അതി വിപുലമായി തന്നെ ആഘോഷിച്ചത്
ഒരു സ്‌കൂൾ യാത്രയുടെ നൂറാം വാർഷികം ആഘോഷിക്കുന്നത് ഏതൊരു സ്ഥാപനത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലാണ് . ദിവസങ്ങൾ നീണ്ടു നിന്ന ഒരുക്കങ്ങളായിരുന്നുവത് . പ്രശസ്തൻ നടൻ മമ്മൂട്ടിയാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് അതിഥിയായെത്തിയത്. ശതാബ്ദി ആഘോഷം വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു .
മഹാജൻ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും , സ്ക്കൂൾ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും … ഒന്നിച്ചു നിന്നപ്പോൾ ശതാബ്ദി ആഘോഷം വർണ്ണങ്ങളാൽ മനോഹരമായി.
എനിക്കുണ്ട് ഓർമ്മകളേറെ……
” O saathi re. tere bina bhi kya jeena
Tere bina bhi kya jeena
Phoolon mein, kaliyon mein
Sapnon ki galiyon mein
Tere bina kuchh kahin na…..”
ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഈ ഗാനം പാടി പഠിപ്പിച്ചത് ഇന്നും ഓർമ്മയിൽ തിളങ്ങുന്നു . അന്ന് ഒരു പിരീഡ് മ്യൂസിക് പീരീഡാണ് . മധുരമൂറുന്ന ശബ്ദത്തിൽ അന്നു ഞങ്ങളെ പാടി പഠിപ്പിച്ചിരുന്ന സംഗീത അധ്യാപിക മറ്റാരുമല്ല തമിഴ് – മലയാള ചലചിത്ര ലോകത്ത് നിരവധി ഹിറ്റു ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക ജെൻസിയായിരുന്നു .


ഒപ്പം ശ്രീ . വേണുഗോപാലൻ ,
ശ്രീ. മാധവൻ നായർ , ശ്രീമതി . പാർവ്വതി , ശ്രമതി . ഫിലോമിന , ശ്രീ . തോമസ് ,
ശ്രീ . ചക്രപാണി തുടങ്ങിയ അധ്യാപകരെയും അവരുടെ ക്ലാസ്സുകളും ഇന്നും ഓർമ്മയിലുണ്ട് …..
ഹോം വർക്ക് ചെയ്തു വരാത്തതിന് ക്ലാസ്സിന് പുറത്തു നിർത്തിയതും , അധ്യാപകരുടെ ചൂരൽ പ്രയോഗവും എങ്ങനെയാ മറക്കുക.
ഇനിയൊരിക്കലും തിരിച്ചു വരാത്ത സ്ക്കൂൾ പഠന കാലം . ഒന്നിച്ചിരുന്നു ഒരു ബെഞ്ചിലിരുന്നു ഒരുമിച്ചു പഠിച്ചവർ , ഒരേ ചോറ്റുപാത്രത്തിൽ നിന്നു പങ്കിട്ടു കഴിച്ചവർ , ഒരുമിച്ചൊരു വൈകുന്നേരം മഴ നനഞ്ഞു സ്ക്കൂളിൽ നിന്നു വീട്ടിലേക്ക് ഓടിയത് …. അഭ്രപാളിയിലെന്ന പോൽ ഓർമ്മകളുടെ ഗാലറിയൽ ഇന്നുമുണ്ട് .
ഇപ്പോൾ……


ഗുജറാത്തി LP – UP സ്ക്കൂളിന്റെയും, ഗുജറാത്തി കോളേജിന്റെയും മാനേജർ Sri . Chetan D. Shah ,
ഹൈസ്ക്കൂൾ മാനേജർ – Sri . Rajesh Agarwal എന്നിവരാണ് .
LP – UP സ്ക്കൂൾ പ്രധാനാധ്യാപിക –
Smt . Bindu B. Nair , ഹൈസ്ക്കൂൾ പ്രധാനാധ്യാപിക Smt. Mary Nima Remalo എന്നിവരാണ് .
ഇന്ന് ശ്രീ കൊച്ചിൻ ഗുജറാത്തി മഹാജൻ ഇവർ നയിക്കുന്നു ……
Jitendra Kumar Jain (President)
Paresh S . Shah (Vice president)
Nikhil Asher ( Secretary )
Raju V. Shah ( Treasurer )
ശ്രീ. കൊച്ചിൻ ഗുജറാത്തി സ്കൂളിന്റെ ചരിത്രം സമ്പന്നവും
വൈവിധ്യപൂർണ്ണവുമാണ് , ഇന്ന് നാം കാണുന്ന സ്കൂളിനെ വാർത്തെടുക്കുന്നതിനായി നിരവധി വർഷങ്ങളിലൂടെ സങ്കീർണ്ണമായി നെയ്തെടുത്തതാണ് .
മൂല്യവത്തായ ചരിത്രവും ആകർഷകമായ വളർച്ചയും വിദ്യാർത്ഥികൾ നേടിയെടുത്ത ഉയരങ്ങളും വരും തലമുറയ്ക്കു പ്രചോദനമാണ്………

മൻസൂർ നൈന

By ivayana