രചന : വർഗീസ് വഴിത്തല✍

അകലെയായ് കാണും സ്മൃതികുടീരങ്ങളിൽ
അഭിശപ്ത ജീവിതം ജീർണ്ണിച്ച ഗന്ധം
കനപ്പെട്ട ഭാരം ചുമക്കുന്നതെന്തിനീ
ദുഷിച്ച ബന്ധത്തിന്റെ
മാറാപ്പഴിക്കാം
വിട ചൊല്ലി നിൽക്കും സഹയാത്രികേ
നമുക്കൊരുമിച്ചു പിരിയാ-
മിരുവഴികൾ തേടാം
നോവിൻ കണങ്ങൾ പൊഴിച്ചിട്ട
വീഥിയിൽ
ഇനിയെത്ര ദൂരം തനിച്ചെങ്ങു പോണം..
കാലമൊരു കൈപ്പിഴ തിരുത്തുന്നതാകാം
ദിശതെറ്റി നാം തമ്മിലൊരുമിച്ചതാകാം
നിഴലുകൾ അന്യോന്യ-
മകലുന്ന പോലെ
പിൻനോട്ടമില്ലാതെ തിരികെ
നടക്കാം
വിടരുന്ന ചിരിയും തുടിക്കുന്ന കണ്ണുമായ്
വഴിവക്കിലാരോ കാത്തു നിൽക്കുന്നുവോ
ഇനിയെന്റെ പ്രാണൻ നിനക്കായ്‌ പകുക്കാം
മരവിച്ച സ്വപ്നങ്ങളിനിയും
പുതുക്കാം
മുറിവേറ്റ ഹൃദയങ്ങളിനിയും കൊരുക്കാം
കനവിന്റെ ചില്ലയിൽ കളിവീടൊരുക്കാം
കരളുരുക്കത്തിന്റെയീറൻ
തുടയ്ക്കാം
പൂമരച്ചോട്ടിൽ പുണർന്നിരിക്കാം

വർഗീസ് വഴിത്തല

By ivayana