രചന : തോമസ് കാവാലം✍

ഇഷ്ടവസ്തുക്കളു,മിഷ്ടജനങ്ങളും
ദൃഷ്ടിയിൽനിന്നെല്ലാം മാഞ്ഞുപോകും
ഇഷ്ടവും സ്നേഹവും തുഷ്ടിയാനന്ദവും
വൃഷ്ടിപോലുള്ളിൽ കുളിർമ്മയേകും.

എന്തുണ്ടവനിയിൽ എക്കാലോം നില്‍പ്പത്
സന്തുഷ്ടിയെന്നതും നൈമിഷികം
ആയുസ്സു നിശ്ചിത,മാരോഗ്യമാകിലും
അൽപകാലത്തിൽ മറഞ്ഞു പോകും.

കൺമറഞ്ഞാലു,മാകണ്മണി നൽകുമേ
കരളിലോർമ്മതൻ കാൽച്ചിലമ്പ്
മൺവിളക്കാകിലും മിന്നാമിനുങ്ങിയും
മിന്നലുമേകുന്നു ശോഭയേറെ..

സ്വന്തമായ്ത്തീരുകിൽ സ്വന്തവും ബന്ധവും
സ്വന്തമായെത്രനാൾ വെച്ചുപോകും ?
സ്വന്തമാക്കുന്നതും സന്തോഷം നൽകുമ്പോൾ
സ്വാർത്ഥതയല്ലെന്നു ചിന്തിക്കാമോ?

ഇന്നത്തെസ്വന്തക്കാർ നാളത്തെ ബന്ധത്തിൽ
ഇന്നത്തെപ്പോലെയതാവുകില്ല
ഇന്നത്തെയിഷ്ടങ്ങൾ നാളെയനിഷ്ടമാം
എന്നെന്നുമൊന്നുപോലാകയില്ല.

ഒപ്പമുള്ളത്രനാ,ളൊപ്പത്തിനൊപ്പമായ്
ഒന്നിച്ചങ്ങനെ നാം പോയീടുകിൽ
വിശ്വസ്തതയോടെ വിശ്വാസമർപ്പിച്ചു
വിശ്വത്തിലാരെയും ചേർത്തുനിർത്താം.

വേർപാടവനിയിലേർപ്പാടായ് തീരുമ്പോൾ
വേറിട്ട വേദന തിന്ന വേണ്ട
കാർമേഘമാകിലും കാറ്റൊന്നടിക്കുകിൽ
കണ്ണീർ പൊഴിക്കാതിരിക്കയില്ല.

തിരയെത്രതീരത്തെ സ്വന്തമാക്കിലും
തീരത്തിൻ വേദനയാരുകണ്ടു?
ഉടയാടയെത്ര ഉടലിൽ ചേരിലും
ഉടലതിനത്ര സ്വന്തമാണോ?

തോമസ് കാവാലം

By ivayana