രചന : പോളി പായമ്മൽ✍
അവളൊരു തല തെറിച്ച പെണ്ണാണെന്ന് അവളുടെ അച്ഛൻ പറയാറുണ്ട് , കുരുത്തം കെട്ടവളെന്ന് അമ്മയും ആണും പെണ്ണുമല്ലായെന്ന് നാട്ടുക്കാരിൽ ചിലരും –
ഒരു പൊട്ട് കുത്തുകയോ പൗഡറിടുകയാ മുടി ചീകിയൊതുക്കുകയോ ചെയ്യാത്ത അവളെ കാണാൻ എന്നിട്ടും നല്ല ഭംഗിയുണ്ടായിരുന്നു –
സ്കൂളിൽ പോകുമ്പോഴല്ലാതെ പാവാടയും ജാക്കറ്റും അവൾ ധരിച്ചു കണ്ടിട്ടില്ല. വീട്ടിൽ ടീഷർട്ടും ട്രൗസറും അമ്പലത്തിൽ തൊഴാൻ പോവുമ്പോൾ ദാവണിയും –
ആൺകുട്ടികളുമായിട്ടാണ് അവൾക്ക് ചങ്ങാത്തം. എന്നാൽ പെൺകുട്ടികളുമായിട്ട് അകൽച്ചയൊന്നുമില്ല.
സ്കൂളിൽ പോകുന്നതും തിരിച്ചു വരുന്നതും കളിക്കുന്നതും ആൺകുട്ടികളോടൊപ്പം തന്നെ –
അടുക്കളയിൽ അമ്മയെ സഹായിക്കുകയോ വല്ലപ്പോഴുമൊന്നു മുറ്റം തൂത്തു വാരുകയോ എന്തിന് സ്വന്തം വസ്ത്രങ്ങൾ പോലും കഴുകുകയോ അവൾ ചെയ്യാറില്ല. എങ്കിലും അവളെ ആരും ശകാരിക്കില്ല. ഉപദേശിക്കില്ല.കാരണം അവൾ പഠിക്കാൻ മിടുക്കിയാണ് –
സൈക്കിൾ ചവിട്ടാൻ പഠിച്ചതിൽ പിന്നെ കടയിൽ പോകുന്ന പണി അച്ഛനിൽ നിന്ന് അവൾ ഏറ്റെടുത്തു. പുതിയ സൈക്കിൾ മാമൻ വാങ്ങി കൊടുത്തപ്പോൾ അത് നാലാളെ കാട്ടാൻ കറക്കവും തുടങ്ങി –
വഴിയിൽ വച്ചാരെങ്കിലും കളിയാക്കിയാൽ അവരുടെ മുഖത്ത് നോക്കി പോടാ പട്ടി യെന്നു പറയാൻ അവൾക്ക് ഒരു ലജ്ജയും തോന്നിയിട്ടില്ല. ചിലപ്പോൾ അത് അതിര് കടന്ന് പോടാ ഡേഷേ എന്ന് വരെ എത്തിച്ചേർന്നിട്ടുമുണ്ട് –
നിങ്ങടെ മോളെ മര്യാദക്ക് വളർത്തിയാൽ നിങ്ങക്കും കൊള്ളാം നിങ്ങടെ മോൾക്കും കൊള്ളാമെന്ന് ആരോ ചെന്ന് പരാതി പറഞ്ഞപ്പോൾ അച്ഛനോട് അവൾ ചോദിച്ചു, പെണ്ണുങ്ങൾ സൈക്കിൾ ചവിട്ടിയാൽ എന്താ കൊഴപ്പമെന്ന്. അച്ഛന്റെ മിണ്ടാട്ടം പിന്നെ മുട്ടിയതു മിച്ചം –
ചേച്ചിയെ വല്യ കാര്യമാണെങ്കിലും മിണ്ടാപ്പൂച്ചയായതോണ്ട് അവൾ മൈൻഡ് ചെയ്യാറില്ല. പിന്നെ മുത്തശ്ശിയാണ്. അയിനെ ഓരോന്നും പറഞ്ഞ് ചൊടിപ്പിക്കുന്നതാണ് അവളുടെ ഒരു നേരമ്പോക്ക്. മുത്തശ്ശിക്ക് അത് ഇഷ്ടവുമാണ് –
അച്ഛനെ പേടിയൊക്കെയുണ്ടെങ്കിലും അയാളുടെ കുടിയും വലിയും പിന്നെ അമ്മയെ വഴക്ക് പറയുന്നതും ചിലപ്പോ അകാരണമായ് തല്ലുന്നതും കണ്ടും കേട്ടും അവൾക്ക് വെറുപ്പും അകൽച്ചയും അച്ഛാ എന്നു വിളിക്കാൻ മടിയും ഉണ്ടാവാറുണ്ട് –
ഈയിടെയാണ് ആരും കാണാതെ അവൾ അവളുടെ മുട്ടറ്റം വരെയുള്ള മുടി മുറിച്ചു കളഞ്ഞത്. തന്നിഷ്ടക്കാരിയെന്ന് പറഞ്ഞ് അമ്മ ഒരുപാട് വഴക്കിട്ടു. വാല് മുറിച്ച പട്ടിയെ പോലെയായെന്ന് അച്ഛനും കളിയാക്കി. .കരാട്ടെ പഠിക്കാൻ പോവാനെന്നും പറഞ്ഞ് അവൾ അതൊക്കെ മറി കടന്നു –
കോളജിൽ പോയി തുടങ്ങിയപ്പോൾ ജീൻസും ടീഷർട്ടുമായ് വേഷം. ആദ്യമായിട്ട് ജീൻസിട്ട ഒരു പെണ്ണായിരുന്നു അവൾ. അതു കൊണ്ട് തന്നെ എല്ലാവരും അവളെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ . എന്താണ് മറുപടി പറയേണ്ടതെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.. എന്തു ധരിക്കണം എന്ത് ധരിക്കണ്ട എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് –
ചേച്ചിയുടെ കല്യാണം ഉറപ്പിച്ചപ്പോൾ അവൾ തുറന്നടിച്ചു, കാശ് നോക്കി ഒരു കോന്തനെ കൊണ്ടാണോ ചെച്ചിയെ കെട്ടിക്കുന്നതെന്ന് . അവൾ പറഞ്ഞത് ശരിയായിരുന്നുവെന്ന് സ്ത്രീധനം കുറഞ്ഞുപ്പോയെന്നതിന്റെ പേരിൽ ചേച്ചി വീട്ടിൽ വന്നു നിന്നപ്പോൾ എല്ലാവർക്കും ബോധ്യമായ് –
ബിരുദ പഠനം കഴിഞ്ഞ് ഒരു ജോലിക്കു വേണ്ടി അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു. ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലിക്ക് കയറിയത്. അധികം വൈകാതെ തന്നെ അവിടെ നിന്നും പടിയിറങ്ങി. തന്നോട് അപമര്യാദയായ് പെരുമാറിയ മാനേജരുടെ ചെകിട്ടത്ത് രണ്ടെണ്ണം പൊട്ടിച്ച്-
അവൾ ഒരു ധിക്കാരിയാണ്
അഹങ്കാരിയാണ് എന്നൊക്കെ അവൾ കേൾക്കേ ആളുകൾ പറയുന്നില്ലയെന്നേയുള്ളു.
അവൾക്ക് വിവാഹാലോചനകൾ വന്നതും ഒന്നും നടക്കാതെ പോയതും അവരുടെ നിശബ്ദമായ കുപ്രചാരണം കൊണ്ടാണെന്ന് ചിലർക്കൊക്കെ അറിയാവുന്നതാണ് –
വീട്ടുക്കാരുടെ താത്പര്യം നോക്കി ഏതെങ്കിലും ഒരുത്തനെ കെട്ടാൻ അവൾ ഒരുക്കമായിരുന്നില്ല.
ഒരു നാൾ എല്ലാവരുടെയും പ്രതീക്ഷകൾക്കുമപ്പുറത്ത് അവൾ ഒരാളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു. എതിർപ്പുകൾ കനത്തപ്പോൾ അവൾ തീർത്തു പറഞ്ഞു, എനിക്കെന്തെങ്കിലും ഓഹരി തരാനുണ്ടെങ്കിൽ തന്നാൽ ഞാൻ അയാളെയും കൂട്ടി ഇവിടെ നിന്നും ഇറങ്ങി എവിടെയെങ്കിലും പോയ് ജീവിക്കാമെന്ന് –
കുറെ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഞാൻ അവളെ കണ്ടത്.
എന്നാലും മാതാപിതാക്കളെ ധിക്കരിച്ച് നീ ചെയ്തത് ഒട്ടും ശരിയായില്ല ഒരു പെണ്ണിന് ചേർന്നതാണോ ഇതൊക്കെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിയാ മതി എന്റെ കാര്യം നോക്കാൻ എനിക്കറിയാ മെന്നായിരുന്നു –
ഹോ എന്തൊരു പെണ്ണാ ഇവള്
ഒരു തന്നിഷ്ടക്കാരി..!!