കാലം 1980. ഞാൻ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക് സ്കൂളിൽ പഠിക്കുന്ന സമയം. ഒരു ആദ്യ വെള്ളിയാഴ്ച ഉച്ചക്ക് സ്കൂൾ വിട്ട സമയം ഉച്ചക്കുള്ള ചോറുണ്ട്, പെങ്ങളുടെ കൂടെ അവളുടെ നീലപ്പാവാട തുമ്പിൽ പിടിച്ചു മാതാവിന്റെ അക്കരപ്പള്ളിക്ക് അപ്പുറത്തുള്ള റീത്ത ചേടത്തിയുടെ കടയിൽ കുടുക്ക മേടിക്കാൻ പോയ സമയത്താണ് ഞാൻ ആദ്യമായി ഏലമ്മയെ കാണുന്നത്.
അക്കര പള്ളിയിൽ കയറി ഉച്ചകഴിഞ്ഞു ലീലാമ്മ ടീച്ചർ കേട്ടെഴുത്തു ഇടുമ്പോൾ എല്ലാം അറിയാവുന്നതായിരിക്കണേ മാതാവേ എന്ന് പ്രാർത്ഥിച്ചു അൾത്താരയുടെ വലതു വശത്തുള്ള കെടാവിളക്കിൽ നിന്നു അല്പം എണ്ണയെടുത്തു നെറ്റിയിൽ തേച്ചു വാങ്ങാൻ പോകുന്ന കുടുക്കയുടെ വലുപ്പംമനസ്സിൽ കണ്ട്, അത് വീട്ടിൽ ആരും കാണ്ടുപിടിക്കാത്ത സ്ഥലത്ത് കുഴിച്ചിടുന്ന ചിന്തയിൽ മുഴുകി തുള്ളി ചാടി പെങ്ങളുടെ പിറകെ നടക്കുമ്പോൾ പെട്ടന്ന് അവൾ നിന്നു..
അവളെന്നെ പതുക്കെ പിച്ചിയിട്ടു പറഞ്ഞു. എടാ അവിടെ കടയുടെ മുൻപിൽ ഏലമ്മ നിൽപ്പുണ്ട്.. നമുക്കിവിടെ നിൽക്കാം അവർ പോകട്ടെ..
അവരുണ്ടേൽ നമുക്കെന്താ.. ഞാൻ ചോദിച്ചു
അവൾ പേടിയോടെ പറഞ്ഞു അവർ വലിയ ഗുണ്ടിയാ… അന്നാദ്യമായാണ് ഞാൻ ഗുണ്ടി എന്ന വാക്ക് കേൾക്കുന്നത്. പെങ്ങൾ പേടിച്ചു ഏലമ്മയെ നോക്കുന്നത് കണ്ടപ്പോൾ ഞാനും നോക്കി.
നീല ഫുൾകൈ ഷർട്ട് ആണ് അവർ ഇട്ടിരിക്കുന്നതു. കൈ ചുരുട്ടി കയറ്റിയ നിലയിൽ. തവിട്ടു നിറമുള്ള കൈലി മടക്കി കുത്തിയിരിക്കുന്നു. അടിയിൽ ഇട്ടിരിക്കുന്ന കള്ളിനിക്കർ കാണാം. വലതു കൈ കൊണ്ട് ബീഡി ചുണ്ടിൽ നിന്നും എടുക്കുകയും വായിലൂടെയും മൂക്കിലൂടെയും പുക കട്ടക്ക് പുറത്തേക്കു ഊതുകയും ചെയ്യുന്നു. വീട്ടിൽ തേങ്ങ ഇടാൻ വരുന്ന തങ്കപ്പൻ ചേട്ടൻ മാത്രമാണ് ഇതിനു മുൻപ് ഇങ്ങനെ ബീഡി വലിച്ചു പുകവിടുന്നത് ഞാൻ കണ്ടിട്ടുള്ളത്.
റീത്ത ചേടത്തിയുടെ കടയുടെ ഇളം തിണ്ണയിൽ കാല് കയറ്റി വച്ചു പുകവലിച്ചു കഴിഞ്ഞു നെഞ്ചു വിരിച്ചു ഏലമ്മ കാഞ്ഞിരപ്പള്ളി പേട്ടകവലയിലേക്ക് നടന്നു പോയി.
അവർ പോയതും വേഗം കടയിൽ കയറി കുടുക്ക വാങ്ങി ഉച്ചകഴിഞ്ഞുള്ള ബെല്ലടിക്കുന്നതിന് മുൻപ് സ്കൂളിലേക്ക് നടക്കുമ്പോൾ ഞാൻ പെങ്ങളോട് ചോദിച്ചു.
നമ്മളെന്തിനാ അയാളെ ഇങ്ങനെ പേടിക്കുന്നെ..
അവൾ എനിക്ക് ഒരു പിച്ചും കൂടി തന്നിട്ട് പറഞ്ഞു..
എടാ ചെറുക്കാ അത് ഒരു ആണല്ല പെണ്ണാ.. അതല്ലേ ഞാൻ പറഞ്ഞത് വലിയ ഗുണ്ടി ആണെന്ന് അവർ എല്ലാരേയും തല്ലും കത്തികൊണ്ട് കുത്തും കള്ളുകുടിച്ചു ചീത്ത പറയും… മഹാ റൗഡിയായ ഗുണ്ടിയാ.. എല്ലാർക്കും അവരെ പേടിയാ..
സ്കൂളിൽ തിരിച്ചെത്തിയിട്ട് ഞാൻ ഏലമ്മയെ കണ്ട കാര്യം കൂട്ടുകാരോട് പറഞ്ഞപ്പോൾ എല്ലാവരും പേടിയോടെ കേട്ടിരുന്നു. ചിലർക്കൊക്കെ അതിനു മുൻപ് ഏലമ്മയെ കുറിച്ച് കേട്ടറിവ് ഉണ്ടായിരുന്നു. എന്തായാലും അന്ന് ഞാൻ കേട്ടെഴുത്തു മുഴുവൻ തെറ്റിച്ചു.. ലീലാമ്മ ടീച്ചറുടെ കയ്യിൽ നിന്നും നല്ല കിഴുക്കും വാങ്ങിച്ചു. അതെങ്ങനെ വാങ്ങാതിരിക്കും മനസ്സിൽ നിറയെ ഗുണ്ടിയയായ ഏലമ്മയല്ലേ…
അതിനു ശേഷം ഞാൻ പലപ്പോഴും ഏലമ്മയെ കണ്ടു. കാഞ്ഞിരപ്പള്ളിയിൽ ഉന്തു വണ്ടിയിൽ പച്ചക്കറി വിൽക്കുന്നത്, പുൽപേൾ തുണി കടയുടെ അടുത്തുള്ള അരിക്കടയിൽ അരിച്ചാക്ക് ചുമക്കുന്നത്.. നാടാരുടെ കയറു കടയിൽ വലിയ കയറിന്റെ ചുമട് എടുക്കുന്നത്, പേട്ടകവലയിലെ ഹോട്ടൽ സീബ്ലൂ വിനു മുൻപിൽ നിന്നു ചായ കുടിക്കുന്നതും ബീഡി വലിക്കുന്നതും, ചന്തയുടെ പുറകിലെ ഉണക്കമീൻ കടകളുടെ വശത്തിരുന്നു ആണുങ്ങളുമായി കള്ള് കുടിക്കുന്നത്.
ഇറച്ചി കടയുടെ മുന്നിൽ ആണുങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുന്നത്, പപ്പടക്കാരിയുടെ കടത്തിണ്ണയിൽ കള്ള് കുടിച്ചു ബോധമില്ലാതെ കിടക്കുന്നതു.. അങ്ങനെ പല പല സ്ഥലങ്ങളിൽ…
ഏലമ്മ കാഞ്ഞിരപ്പള്ളിയുടെ ഒരു സ്പന്ദനം തന്നെയായിരുന്നു.. പകലെന്നോ രാത്രിയെന്നോ ഭേദം ഇല്ലാതെ അവർ കാഞ്ഞിരപ്പള്ളിയിൽ യഥേഷ്ടം നടന്നു.. അവർ തെരുവിൽ കൂടി മുണ്ട് മടക്കിക്കുത്തി ബീഡിവലിച്ചു ആണുങ്ങളുമായി ചേർന്ന് കള്ളുകുടിച്ചു, തല്ലു പിടിച്ചു നടന്നു.
അവർക്ക് യഥേഷ്ടം മുടി ഉണ്ടായിരുന്നു. അവർ അത് മുറിച്ചു കളയാതെ ഉച്ചിയിൽ വലിയ കുടുമപോലെ കെട്ടി വച്ചിരുന്നു.
അതുപോലെ അവർക്കു വലിയ മുലകൾ ഉണ്ടെന്നു എന്നോട് പറഞ്ഞത് 7 ബി യിലെ റോബിച്ചനാണ്. അവൻ കണ്ടത്രേ ഒരിക്കൽ ഏലമ്മ അക്കരപ്പള്ളിയുടെ താഴെയുള്ള മീനച്ചിലാറിലെ കുളിക്കടവിൽ അവർ ആണുങ്ങളെപ്പോലെ തോർത്തുടുത്തു കുളിക്കുന്നത്. അവർ കുളിക്കുമ്പോൾ ആരും നോക്കാറില്ലത്രേ.. റോബിച്ചൻ മേമയുടെ കൂടെ പള്ളിയിൽ പോയപ്പോൾ അബദ്ധത്തിൽ അവരുടെ വലിയ മുല കണ്ടതാണത്രേ…
ഏലമ്മ എവിടെയാണ് താമസിക്കുന്നതെന്നോ അവർക്കു മറ്റാരെങ്കിലും ബന്ധുക്കൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
അവരെ വഴിയിൽ വച്ചെങ്ങാനും ഞങ്ങൾ പിള്ളേർ കണ്ടാൽ തലകുനിച്ചു നിശബ്ദമായി നടന്നു പോകും. റോബിച്ചൻ പറഞ്ഞത് സത്യമാണോ എന്നറിയാൻ അവരെ കാണുമ്പോൾ അവരുടെ മുലകളിലേക്ക് നോക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭയം എന്നെ അതിനു അനുവടിച്ചിരുന്നില്ല. മുണ്ട് മടക്കിക്കുത്തി റൗഡിയെ പോലെ നടക്കുന്ന അവരുടെ ജാതിയും എനിക്കറിയില്ലായിരുന്നു. എന്നാൽ പച്ചക്കറി ഉന്തു വണ്ടിയിൽ നിറച്ചു കാഞ്ഞിരപ്പള്ളി മൈക്കാ മുസ്ലിം പള്ളിയുടെ മുന്നിൽ കൂടി അവർ പോകുമ്പോൾ, പള്ളിക്കു മുൻപിൽ എത്തുമ്പോൾ തലകുനിച്ചു, മുണ്ട് മടക്കു താഴ്ത്തി അവർ നടക്കുന്നത് ഞാൻ പലവുരു കണ്ടിരിക്കുന്നു. തന്നെയുമല്ല സംസ്‌കൃതം പഠിക്കാൻ മതപാഠശാലയിലേക്കു ഞാൻ കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിന്റെ പിന്നിലുള്ള വഴിയിലൂടെ ഗണപതിയാർ കോവിലിലേക്ക് നടക്കുമ്പോൾ, കോവിലിന്റെ മുകളിലുള്ള കാടുപിടിച്ച പഴയ കല്മണ്ഡപത്തിനരികിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ഏലമ്മയെ ഞാൻ കണ്ടിട്ടുണ്ട്… അപ്പോൾ അവർ മുടി അഴിച്ചിട്ടിരിക്കും… അപ്പോൾ മാത്രം..
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് എന്ന് തോന്നുന്നു. ഏലമ്മ ആരെയോ കുത്തിക്കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ അവർ ജയിലിലായി..
അവരുടെ വയസും എനിക്കറിയില്ലായിരുന്നു. അവരെ കണ്ടാൽ അങ്ങനെ ഒരു വയസ്സ് പറയാൻ പ്രയാസം ആയിരുന്നു. ഒരു ആണത്തം തോന്നും വിധത്തിൽ നടക്കുന്നതിനാൽ ആവാം.
എന്റെ അവസാന വർഷം ബിരുദ പരീക്ഷയുടെ അവസാന ദിവസം ആണ് ഞാൻ അവരെ അവസാനമായി കണ്ടത്. പരീക്ഷക്ക് നല്ല മാർക്ക് ലഭിക്കാൻ അക്കരയമ്മയോട് പ്രാർത്ഥിച്ചു മടങ്ങുന്ന സമയം. വൈകുന്നേരം ആറുമണി കഴിഞ്ഞു. ചെറിയ മഴയുണ്ട്.. ഞാൻ പള്ളി മുറ്റത്തെ നീളൻ കൽ പടികൾ ഇറങ്ങി, മീനച്ചിലാറിനു കുറുകെയുള്ള പള്ളിവക ചെറിയ പാലം കടന്നു പോകവേ താഴെ മെഴുകുതിരികൾ മഴയിൽ കെട്ടുപോയ മെഴുകു മണം പൊങ്ങുന്ന കാറ്റിൽ താഴത്തെ കാൽകുരിശിന് മുന്നിൽ മുട്ടുകുത്തി ഏലമ്മ…
അരക്കൊപ്പമുള്ള അഴിഞ്ഞ നനഞ്ഞ മുടി.. മഞ്ഞ കളർ ഫുൾ കൈ ഷർട്ട്.. വെളുത്ത മുണ്ട്… ആ മഴയിൽ നേരിയ വെളിച്ചത്തിൽ മെഴുകുതിരികൾ അണഞ്ഞ ഗന്ധത്തിൽ ആദ്യമായും അവസാനമായും ഏലമ്മയെ ഞാൻ ഒരു സ്ത്രീയായി കണ്ടു… ആ മഴയിൽ പരിസരം മറന്നു അവർ പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി…
അതിനു ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞാണെന്നു തോന്നുന്നു. ഒരു തുലാമഴയിൽ മീനച്ചിലാറിന്റെ മാറിലൂടെ ഏലമ്മയുടെ മൃത ശരീരം ഒഴുകി നടന്നു… അത് കാഞ്ഞിരപ്പള്ളി വിട്ടുപോകാതെ തീരത്തു തന്നെ അടിഞ്ഞു…
ഏലമ്മ ആത്മഹത്യ ചെയ്തതാണെന്നും അതല്ല ആരോ കൊന്നു മീനച്ചിലാറ്റിൽ തള്ളിയതാണെന്നും പറയപ്പെടുന്നു… പിന്നെ കുറേ ഏറെ നിറം പിടിപ്പിച്ച കഥകളോ, നുണകളോ ഒക്കെ….
എന്തു തന്നെയായാലും ഒരു ഉരുക്കു വനിത ആയിരുന്നു ഏലമ്മ എനിക്കെന്നും… ആരോടും തോൽക്കാതെ, ആരെയും ഭയക്കാതെ, ആരെയും ആശ്രയിക്കാതെ ജീവിച്ചു മരിച്ചവൾ… അതേ ഏലമ്മ കാഞ്ഞിരപ്പള്ളിയുടെ സ്പന്ദനം തന്നെയായിരുന്നു…. അണഞ്ഞ മെഴുകുതിരിയുടെ അറിയാത്ത ഗന്ധം പോലെ…..
(സുനു വിജയൻ ) Bild :Mohan