രചന : പ്രീദുരാജേഷ്✍
സ്നേഹത്തിന്റെ ഗന്ധമുള്ള അമ്മ. ചെല്ലക്കുട്ടി അമ്മാൾ. ഓടിത്തീർന്നു കൊണ്ടിരിക്കുന്ന ജീവിതത്തിൽ എന്നിലേക്കെത്തിപ്പെട്ടവരാണ് ചെല്ലക്കുട്ടി അമ്മാവും മുരുകൻ അപ്പാവും.
‘അമ്മുക്കുട്ടി’ എന്നുള്ള അമ്മയുടെ വിളിയുടെയും ‘കണ്ണേ’ എന്നുള്ള അപ്പായുടെ വിളിയുടെയും സ്നേഹവാത്സല്യങ്ങളിൽ എപ്പോഴും അലിഞ്ഞു പോകാറുണ്ട്.ഒരു കൊച്ചുകുട്ടിയായി മാറും പോലെ തോന്നാറുണ്ട്.
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ഒരു ചെറിയഗ്രാമത്തിൽ നിന്നും ഇടയ്ക്കിടെ തേടിയെത്തുന്ന വിളികൾ.സുഖാന്വേഷണങ്ങൾ.നന്നായി ഭക്ഷണം കഴിക്കണം. ആരോഗ്യം നോക്കണം. നന്നായിരിക്കണം. സംഭാഷണങ്ങൾ അങ്ങനെ പോകും.
കോവിഡ് പിടിപെട്ട കാലം,ചേർത്തു നിർത്തിയ മനുഷ്യരെ ഓർക്കുമ്പോൾ, മനസ്സിലേക്കോടിയെത്തുന്നവരിൽ രണ്ടുപേർ ഈ അച്ഛനമ്മമാരാണ്.
‘കാളിയമ്മൻ കോവിലിൽ അമ്മ വഴിപാട് നടത്തുന്നുണ്ട്. ഒന്നും വരില്ല. ‘
ഹൃദയത്തിൽ തട്ടിയ അമ്മയുടെ വാക്കുകൾ.
ഐസോലേഷൻ വാർഡിൽ തേടിയെത്തിയ വിളികളിൽ ഇരുവരുടെയും വിറയാർന്ന ശബ്ദം. ഗ്രാമവാസികളായ നിഷ്കളങ്കരായ മനുഷ്യർ, വാർത്തകളിൽ നിറഞ്ഞു നിന്ന ശവങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്ന ചിത്രം അവരുടെ മനസ്സുകളിൽ അത്രമാത്രം ഭീതി ജനിപ്പിച്ചിരുന്നു. കോവിഡ് ബാധിക്കുന്നവർ മരണപ്പെടും,ആ ധാരണ അവരെ വല്ലാതെ ഉലച്ചു.പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയായിരുന്നു അവരുടെ ചിന്തകളും ഭയപ്പാടുകളും.
കണ്ടനാൾ മുതൽ ചേച്ചിയെന്ന് പൂർണമായ അർത്ഥത്തിൽ ആത്മാർത്ഥമായി വിളിക്കുന്നവൻ, സന്തോഷവും സങ്കടവും ഓടിവന്നു പറയുന്നവൻ. ഭിന്നാഭിപ്രായങ്ങളിൽ പരസ്പരം തർക്കിക്കാറുണ്ട്. തർക്കങ്ങൾക്കൊടുവിൽ ‘പോട്ടെ ഡാ’ എന്നൊരു വാക്കിൽ മുത്തുകൾ പോലെ കണ്ണീർ അടർന്നു വീഴ്ന്ന്,കൂട്ടുകൂടാറുണ്ട്.സഹോദരങ്ങൾ ജനിക്കുന്നത് ഒരമ്മയുടെ വയറ്റിൽ മാത്രമല്ലെന്ന് പഠിപ്പിച്ചവരിലൊരാൾ.
‘തമ്പി’യെന്ന വാക്കിൽ അവന്റെ അപ്പയും അമ്മയും എന്റേതുമായി.
തഞ്ചാവൂരിൽ നിന്ന് അവധിക്കാലം ചെലവഴിക്കാൻ വന്ന അപ്പയും അമ്മയും സായാഹ്ന നടത്തങ്ങളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
കുട്ടിക്കാലത്ത് വിറക് വെട്ടാൻ പോയതു മുതൽ ജീവിതമൊരു കരയ്‌ക്കെത്തിയ്ക്കാൻ പല തൊഴിലുകൾ ചെയ്തതും വളരെക്കാലം ഊണും ഉറക്കവുമില്ലാതെ ബേക്കറിജീവനക്കാരനായതും വരെയുള്ള നിരവധി കഥകൾ,കേൾവികളിലൂടെ, നടത്തങ്ങളിലൂടെ കൂടുതൽ അവരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഓരോ അനുഭവങ്ങൾ പറയുമ്പോഴും അപ്പാ പറയും ‘ഇപ്പോ ഒടമ്പ് മുടിയലെ പാപ്പാ.സുമ്മാ വെട്ടിയാ ഒക്കാന്ത്‌ട്ട്ര്ക്ക്.’
അപ്പായുടെ വാക്കുകൾ എവിടെയോ കൊളുത്തി വലിയ്ക്കും. പോയകാലങ്ങളെ ഓർത്ത് അപ്പാ നൊമ്പരപ്പെടുമ്പോൾ, വല്ലാതെ സങ്കടം തോന്നും.അതിൽ നിന്നൊരു മാറ്റം. സാഹചര്യങ്ങളെ മാറ്റിമറിക്കാൻ,
അപ്പായ്ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ.അപ്പാ എം ജി ആർ ന്റെയും രജനീകാന്തിന്റെയും കടുത്ത ആരാധകനാണ്. എം ജി ആറിനെപ്പോലെ, പടയപ്പയിലെ രാജനീകാന്തിനെപ്പോലെ ഒരുനാൾ കോട്ടും സൂട്ടുമൊക്കെ ഇട്ട് കറുത്ത കണ്ണാടി വെച്ച് ഒരു ഫോട്ടോ എടുക്കണമെന്ന് അപ്പാ ആഗ്രഹം പറയും.പണ്ടു കണ്ട സിനിമകളെക്കുറിച്ചും നടീ നടന്മാരെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും ഗായകരെക്കുറിച്ചും തഞ്ചാവൂർ ഉൾ ഗ്രാമങ്ങളിലെ പഴയ നാടക സംഘങ്ങളെക്കുറിച്ചും വാചാലനാകും.
അമ്മയ്ക്ക് ദിണ്ടിഗലിൽ പഴനി ആണ്ടവനെയും തിരുപ്പതിസ്വാമിയെയും കാണാൻ കാൽനടയാത്ര പോകുന്ന ശീലമുണ്ട്.വർഷാ വർഷമുള്ള പതിവ് തെറ്റിക്കാതിരിക്കാൻ
അവധിക്കാലത്തിനു ശേഷം അവർ നാട്ടിലേക്ക് മടങ്ങി.
പിന്നീടുള്ള സായാഹ്നനടത്തങ്ങൾ പതിവുപോലെ തനിയെ ആയി.എങ്കിലും ആ വാത്സല്യത്തലോടലുകൾ ഒറ്റയ്ക്കുള്ള നടത്തങ്ങളെയും സുന്ദരമാക്കി.നമ്മളിലേക്കെത്തപ്പെടുന്ന വളരെ ചുരുക്കം ചില മനുഷ്യർ നമുക്കത്രയും പ്രിയപ്പെട്ടവരായി മാറുന്ന നിമിഷങ്ങൾ.
കുറച്ചു നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം അമ്മ വീണ്ടും വന്നു. വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ അമ്മയെ കാണാൻ ഞാനും കാത്തിരു ന്നു.പ്രതീക്ഷകൾ തെറ്റിയില്ല.ഒരു മാറ്റവുമില്ല.കണ്ടപ്പോഴേ ഓടിവന്നുള്ള കെട്ടിപ്പിടുത്തവും ഉമ്മകളും അമ്മുക്കുട്ടി എന്ന വിളിയും പരാതികളുടെ കെട്ടഴിച്ചു വിടലും. ക്ഷീണിച്ചു പോയെന്നുള്ള പരാതിയാണ് എപ്പോഴും മുന്നോക്കം നിൽക്കുന്നത്.
“അമ്മ വന്നല്ലോ? ഇനി കുറച്ചു ദിവസം ചെല്ലക്കുട്ടിഅമ്മാളിന്റെ ശാപ്പാട്.”
സ്നേഹം കലർത്തി അമ്മയുണ്ടാക്കുന്ന ഓരോ ഭക്ഷണത്തിന്റെയും ഒരു പങ്ക് മാറ്റി വെയ്ക്കും. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന സമയം,ഒന്നിച്ചു കഴിക്കാനായി ഒരു വിളിയുണ്ട്.
അമ്മ ഉണ്ടാക്കുന്ന തമിഴ്നാടൻ സാമ്പാറിനും ഇഡലിയ്ക്കും തക്കാളി ചട്നിയ്ക്കും ഉഴുന്ന് വടയ്ക്കും തൈര് സാദത്തിനും പുതിനയില ചട്നിയ്‌ക്കും രസത്തിനുമൊക്കെ പ്രത്യേകരുചിയാണ്.അമ്മയ്‌ക്കൊപ്പം അവിടുത്തെ അടുക്കളത്തിട്ടമേലിരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോൾ ഇടയ്ക്കിടെ അമ്മ ചോദിയ്ക്കും,
കണ്ണേ,ടേസ്റ്റ് എപ്പിടിയിര്ക്ക്?
സമൈ ടേസ്റ്റ് മ്മാ.സൂപ്പർ.
വലിയ വട്ടപ്പൊട്ടു തൊട്ട് മഞ്ഞളിന്റെ നിറം മങ്ങാത്ത അമ്മയുടെ മുഖത്തെ ചിരിയും സന്തോഷവും.
വയറ് നിറച്ചേ അമ്മ വിടാറുള്ളു.സ്നേഹത്താൽ മനസ്സും.
ഇത്തവണ വന്നപ്പോഴും എല്ലായ്‌പ്പോഴും പോലെ ബാഗിലൊരു പൊതി അമ്മ കരുതിയിരുന്നു. തഞ്ചാവൂരിലെ അമ്മയുടെ കുഞ്ഞുവീട്ടിൽ ഞാൻ കാണാത്തതായി ഒരാൾ കൂടിയുണ്ട്.രുചികൊണ്ടും ശബ്ദം കൊണ്ടും അറിയുന്നൊരാൾ. അമ്മയുടെ അമ്മ, ചിന്നമ്മ. ചിന്നപ്പാട്ടിയെന്നു ഞാൻ വിളിയ്ക്കും. വലിയ മൂക്കുത്തിയിട്ട് തമിഴ് നാടൻ ശൈലിയിൽ പുടവ കെട്ടി കൈനിറയെ കുപ്പിവളകളിട്ട് ,പഴമയുടെ രുചിക്കൂട്ടിൽ പാട്ടിയുടെ കൈകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ. ഇത്തവണയും അത് മുടങ്ങിയില്ല. സുഖമില്ലാതിരുന്നതിനാൽ ഒത്തിരി ഉണ്ടാക്കാൻ കഴിഞ്ഞില്ല എങ്കിലും പാട്ടി ഉണ്ടാക്കി കൊടുത്തു വിട്ടതാണെന്ന് പ്രത്യേകം പറഞ്ഞയച്ചു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് അപ്പാ ഇത്തവണ വന്നില്ല.
കാണണമെന്നാഗ്രഹിച്ചിട്ടും കാണാതെ പോകുന്ന മനുഷ്യർ,കേൾവി കൊണ്ടു മാത്രം പരിചയമുള്ള മനുഷ്യർ. നമുക്ക് ചുറ്റുമുള്ള ചുരുക്കം ചിലരെങ്കിലും നമ്മുടേതാകുന്നത് ഈ നിമിഷങ്ങളിലാണ്.