രചന : ടി.എം. നവാസ് വളാഞ്ചേരി✍

1993 മാർച്ച് മാസം . സുഡാൻ ആഭ്യന്തരയുദ്ധം മൂലം കൊടും പട്ടിണിയിലമർന്നിരിക്കുന്നതിന്റെ നേർചിത്രം പ്രശസ്ത ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ്‌ കെവിൻ കാർട്ടർ “കഴുകനും കൊച്ചു കുട്ടിയും”
എന്ന തലക്കെട്ടോടെ ലോകത്തിനു മുന്നിലെത്തിച്ചപ്പോൾ ഏവരും നടുങ്ങി. പട്ടിണി മൂലം മരണത്തിലേക്ക് മുട്ടു കുത്തി നീങ്ങുന്ന ആ പിഞ്ചു പൈതലിന്റെ കുഞ്ഞുമേനിയെ ഭക്ഷിക്കാൻ കാത്തു നിൽക്കുന്ന കഴുകന്റെ ചിത്രം പകർത്തിയ കെവിനായിരുന്നു ആ വർഷത്തെ ഏറ്റവും നല്ല ഫോട്ടോഗ്രാഫർക്കുള്ള പുലിസ്റ്റർ പ്രൈസ്. അവാർഡിന്റെ തിളക്കത്തിൽ ഒരു ചാനൽ നടത്തിയ ഫോൺ ഇന്റർവ്യൂവിൽ ലേഖകൻ ഉന്നയിച്ച ചോദ്യം 33 വയസ്സുള്ള കെവിനെ എത്തിച്ചത്
ആത്മഹത്യയിലേക്കായിരുന്നു. ആ കുഞ്ഞിന് പിന്നീടെന്തു പറ്റി?എന്ത് കൊണ്ട് താങ്കൾ ആ കുഞ്ഞിനെ രക്ഷിച്ചില്ല?രണ്ട് ചോദ്യങ്ങളിൽ ഉത്തരം നൽകാൻ കഴിയാതെ മനമുരുകി മരണത്തിലേക്ക് നടന്ന് നീങ്ങി കെവിൻ.ഇന്നിന്റെ ലോകത്തും അഭിനവ കെവിൻമാർ ഓടിയെത്തുന്നു. കാമറകളുമായി ദുരന്ത ചിത്രങ്ങൾ പകർത്തി ദുരന്തങ്ങളെ ആഘോഷമാക്കാൻ .

കണ്ണുള്ള കഴുകരതോടിയെത്തിടുന്നു
കനിവില്ല ദയവില്ല കാമറ കണ്ണുമായ്
കൂട്ടമായെത്തുന്നു ക്രൂരരാം കശ്മലർ
കൂട്ടായ മനുജന്റെ കണ്ണീരു വിൽക്കുവാൻ
ഒട്ടുമെ കണ്ടില്ല നോവതും
കണ്ണീരും
കണ്ടതോ ഇര തേടും കഴുകന്റെ കണ്ണുകൾ
ചോര കിനിയാത്ത
കല്ലാകും
ഖൽബകം
നിലവിളി കേൾക്കാത്ത ബധിരരാം കൂട്ടങ്ങൾ
കണ്ടില്ല
പിടയുന്ന ജീവന്റെ കണ്ണവർ
ദൈന്യത മുറ്റിയ വിളിയവർ കേട്ടില്ല
കണ്ടതോ കീറിപ്പൊളിഞ്ഞുള്ള മേനിയെ
മുറിവതിൽ നിന്നും കിനിയുന്ന ചോരയെ
കണ്ണടയും വരെ കണ്ണു തുറക്കാതെ
കഴുകന്റെ കണ്ണുമായ്
ചിത്രം പകർത്തിയോർ
വൈറലാം ചിത്രം പകർത്തിടും നേരത്ത്
ഒട്ടും വിറച്ചില്ല കൈകളൊ തൊന്നുമെ
നേരറിവല്ലാത്തറിവത് നേടീട്ട്
കാണാതെ പോകുന്ന കണ്ണുമായ് വന്നിട്ട്
ഉൾവിളിയില്ലാതെ ഉൾകാഴ്ചയില്ലാതെ
വഴി തെറ്റിയോടുന്ന മനുജരോടൊതുവാൻ
നേർവാക്ക് മൊഴിയുവാൻ ആളുണ്ടോ കൂട്ടരെ ?
നേർപാത കാട്ടുവാൻ ആരുണ്ട് മനുജരെ ?

ടി.എം. നവാസ്

By ivayana