രചന : ജസീന നാലകത്ത്✍
മരണശേഷം സ്വർഗത്തിലെത്തിയ അവൾ അയാളെ തിരഞ്ഞുകൊണ്ടിരുന്നു. അവളെക്കാൾ മുമ്പ് അയാൾ സ്വർഗത്തിലെത്തിയിരുന്നു. രോഗിയായിക്കിടന്നപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അയാൾ അവൾക്കൊരു വാക്ക് കൊടുത്തു. ഈ ജന്മത്തിൽ നമുക്കൊന്നിക്കാൻ കഴിയില്ല, അടുത്ത ജന്മമത്തിൽ നീ എന്റേത് മാത്രമായിരിക്കുമെന്ന്.. അവളാ വാക്ക് വിശ്വസിച്ചുകൊണ്ട് തേങ്ങലോടെ പടിയിറങ്ങി. കുറച്ച് നാളുകൾക്ക് ശേഷം അയാൾ മരണപ്പെട്ടു. അവൾക്ക് ഒത്തിരി വിവാഹാലോചനകൾ വന്നു. അവളതെല്ലാം വേണ്ടെന്ന് വെച്ചു. വർഷങ്ങൾക്ക് ശേഷം അവളും രോഗബാധിതയായി മരണത്തിന് കീഴടങ്ങി..
തന്റെ കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്ന ചിന്തയോടെ സ്വർഗത്തിൽ അയാളെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ അവൾ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ഭർത്താവും രണ്ട് കുട്ടികളുടെ അമ്മയുമാണവർ. വീട്ടു വിശേഷങ്ങളും മരണ കാരണവുമെല്ലാം തിരക്കുന്നതിനിടയിൽ അവർ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അവൾ ആ വീട്ടിലെത്തി. ആ സ്ത്രീയുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കണ്ട് അവൾ ഞെട്ടിത്തരിച്ചു. തന്നെ അടുത്ത ജന്മത്തിൽ കാത്തിരിക്കുമെന്ന് പറഞ്ഞ അതേ മനുഷ്യൻ. അയാളെ വിശ്വസിച്ച അവളൊരു പമ്പര വിഡ്ഢി. അയാൾ കാത്തിരിക്കുമെന്ന് പറഞ്ഞപ്പോൾ സ്വർഗത്തിൽ വെച്ച് കാണുന്ന ആദ്യത്തെ പെണ്ണിനെ കെട്ടി കുട്ടികളുമായാണ് കാത്തിരിക്കുകയെന്നത് ആ പാവത്തിന് അറിയില്ലായിരുന്നു. വാക്കുകളിലൂടെ ആരെയും വിശ്വസിക്കരുത്, അവരുടെ പ്രവൃത്തിയിലൂടെയാവണം വിശ്വാസം വളർത്തിയെടുക്കാൻ എന്ന യാഥാർഥ്യം മനസ്സിലാക്കി ഇത് സ്വർഗ്ഗമോ നരകമോ എന്ന അന്ധാളിപ്പോടെ ഭ്രാന്തിയായി അവളതിലെ നിലവിളിച്ചു കൊണ്ടോടിക്കൊണ്ടിരുന്നു…