രചന : ജയരാജ്‌ പുതുമഠം.✍

ചോദ്യങ്ങളുറങ്ങുന്ന
ഉത്തരങ്ങളുടെ ചെപ്പടിവിദ്യയുമായ്
ജനാധിപത്യ പൂമരങ്ങളിൽ
കാലത്തിന്റെ വവ്വാലുകൾ
ശീർഷാസനത്തിൽ
അവിവേകത്തിന്റെ
വൈറസുകൾ തുപ്പുന്നു

നിരാലംബമായ
ആവാസപീഠങ്ങളിൽ
നിരന്തരം മുഴങ്ങുന്ന
പീഡനങ്ങളുടെ
ആർത്തഗീതങ്ങളിൽ
അധികാരികളുടെ മുൾചെടികൾ
ലാളിക്കപ്പെടുകയാണിപ്പോഴും

സമൂഹവ്യസനങ്ങൾ ആവിയായി
ആകാശ ഗഹനതയിൽ
മതിവരുവോളം ഇണചേർന്നിട്ടും
നിനവുകളിൽ നനവേൽക്കാത്ത
വരണ്ടഭൂമിക

ഞെരിയുന്ന ജനതയിൽ
അധർമ്മത്തിന്റെ രാക്ഷസീയ
താണ്ഡവമാണഖിലവും
അനുസരിക്കുകയേ തരമുള്ളൂ
ജീവജ്വാലകൾ തീർക്കും ജീവവായു
തടവറ പൂകരുതല്ലോ!

സമൃദ്ധമായ ഒറ്റപ്പെടലുകളിൽ
ചിന്തകളുടെ പാടത്ത്
സങ്കൽപ്പനങ്ങളുടെ വിത്ത്‌പാകി
കാത്തിരിക്കുന്നു പ്രജകൾ.

ജയരാജ്‌ പുതുമഠം

By ivayana