രചന : ജിസ ജോസ്✍

ചിലപ്പോഴൊക്കെ
അവനെയൊന്നു
കാണണമെന്നു
കൊതിയാവും
ബസ്സിലെ മുടിഞ്ഞ
തിരക്കിൽ
സീറ്റുകിട്ടാതെ
തൂങ്ങിക്കിടന്നു
കൈ കടയുമ്പോൾ,
കുടയെടുക്കാൻ
മറന്ന ദിവസംമാത്രം
പെയ്യുന്ന
മഴയിൽ
നനഞ്ഞു കുതിരുമ്പോൾ,
അടുപ്പിൽ നിന്നിറക്കിയ
കുക്കറിൽ
കൈത്തണ്ടയുരഞ്ഞു
നീളത്തിൽ
നീറിക്കരുവാളിക്കുമ്പോൾ,
ആശിച്ചു വാങ്ങിയ
കുപ്പിപ്പാത്രം
കൈയ്യിൽ നിന്നൂർന്നു
ചിതറുമ്പോൾ,
ഒന്നു പോകണംന്നും
വിശേഷങ്ങളറിയണമെന്നും
തോന്നാൻ തുടങ്ങും.
ഓർക്കാപ്പുറത്തെ
മഴയത്തു
കുട ചൂടിച്ചുതന്നതും
പൊള്ളലുകളിൽ
ഉമ്മ വെച്ചു
തണുപ്പിച്ചിരുന്നതും
ഓർമ്മയിലെത്തുമ്പോൾ
പോയേ മതിയാവൂ
എന്നു വെപ്രാളപ്പെടും.
പിരിഞ്ഞിട്ടു
വർഷങ്ങളിത്രയായെങ്കിലും
മറന്നിട്ടില്ലെന്നും
കൊടുംവെയിലത്തു
പണിയെടുക്കുമ്പോൾ
ഓരോ രോമകൂപങ്ങളും
വിയർപ്പൊഴുക്കുന്ന പോലെ
അവൻ്റെ ഓർമ്മകൾ
ഉടലാസകലം
പൊട്ടിയൊഴുകുന്നുവെന്നും
തിരിച്ചറിയുന്ന
സമയത്ത്
ഒന്നുകണ്ടേ മതിയാവൂ
ഇല്ലെങ്കിലിപ്പോ
ചത്തുപോകുമെന്നാകും.
രാത്രി പതുങ്ങിപ്പതുങ്ങി
പൂച്ചക്കാലുകളിലങ്ങോട്ടേക്ക്
ഒരെത്തിനോട്ടം.
ഞാൻ ചെന്നത്
മറ്റാരറിഞ്ഞാലും
ഒരിക്കലുവനറിയരുത്.
അറിഞ്ഞാൽ ,
ഉപേക്ഷിക്കപ്പെട്ട
പ്രണയത്തിൻ്റെ
ഉച്ഛിഷ്ടം തിരഞ്ഞു
വന്നവളെന്നു
അവനെന്നോടു
സഹതപിച്ചേക്കാം.
അവിടെ എല്ലാം
ആഘോഷമയം
അവൻ്റെ മകൻ
ഡോക്ടറായിരിക്കുന്നു.
മകളുടെ കല്യാണനിശ്ചയം,
ചമഞ്ഞൊരുങ്ങിയ ഭാര്യ
പുത്തൻമാളികയുടെ
പാലുകാച്ചൽ
പുതിയ കാറുമായി
വാഹനപൂജ ..
വിദേശത്തേക്കു
വിനോദയാത്ര ….
അവിടത്തെ
ആനന്ദങ്ങളും
ആരവങ്ങളും കണ്ട്
എനിക്കു മനംമടുക്കും..
തടിച്ചുരുണ്ടു
കൂടുതൽ സുന്ദരനായ
അവനോടരിശം വരും..
അവൻ്റെ ചിരി
കെടുത്തിക്കളയാനെന്തു
വഴിയെന്നു പക മൂക്കും..
അവനെ ബ്ലോക്കുചെയ്തും
നശിച്ചുപോട്ടെയെന്നു
പ്രാകിയും
ഞാനാരുമറിയാതെ
തിരിച്ചുപോരും.

വാക്കനൽ

By ivayana