നരകവാതിലിൽ
എന്നെനീ കാണുമ്പോൾ………

മൃതിക്കുമപ്പുറം
നിന്നുഞാൻ പാടുമീ
കവിതകേൾക്കുന്ന
മാത്രയിൽ സോദരി
വെറുതെ ഒന്നോർത്തു പോവുക
പണ്ടുനാം
ഒത്തുപങ്കിട്ട നിറനിലാപൊയ്കകൾ

മൊഴികൾ നട്ടുവളർത്തിയ
താഴ്വര
കാടുപൂത്തു മണംപരക്കുന്നുവോ
മിഴികൾ സ്നേഹ സന്ദേശമാടിയ
കരളിടങ്ങളിൽ കണ്ണീർകിനിഞ്ഞുവോ

ഉരുകിയുരുകി നീ
തീരുന്ന വേളയിൽ
ഊരുചുറ്റാൻ പുറപ്പെട്ടു പോയവൻ
കലിയൊടുങ്ങാതെ
നിൽപ്പുണ്ട് ദൂരെയാ
ക്ഷണികസൗന്ദര്യ കടലിന്നുമക്കരെ

ജീവിതമാകെ പിഴച്ചൊരാ
നാൾകളിൽ
മുറിപ്പെടാതെന്നെ
കാത്തതിൻ നന്ദിയായ്
നിന്ദകൊണ്ടു ഞാൻ
മൂടിയോ പ്രേമിതേ
ശിഷ്ടകാലങ്ങൾ മൃതിവിളിക്കുംവരെ

ആയിരംപറ നിലാവുകൊണ്ടല്ല
ജീവിതത്തിൻ പശിയെ അടക്കിടും
ജന്മപാപങ്ങൾ വാറ്റിക്കുടിച്ചു ഞാൻ വിണ്ടജീവിതപ്പാടം കടക്കുവോൻ

മറവിതീണ്ടിയ
ഓർമ്മതൻ ഉച്ചിയിൽ
സ്നേഹിതേ നിന്റെ ശാപംനിറയ്ക്കായ്ക
കണ്ണീരിൽ കഞ്ഞിവെച്ച് കുടിക്കായ്ക ലോകമേ
നിന്റെയവസാന ലക്ഷ്യം ഇതാരോ

സൗർഗ്ഗത്തിലേക്ക് നീ
പോകുമാ യാത്രയിൽ
നരകവാതിലിൽ
എന്നെ നീ കാൺകവേ
അന്നെങ്കിലും ഓർത്തു
പറയാതെ പോകൊലാ
നിന്നോട് ഞാൻ ചെയ്ത
കഠിനാപരാധങ്ങൾ

ഹൃദയം പൊള്ളുന്ന
വാക്കുകൾ കൊണ്ടുനീ
നോക്കിനാലെന്നെ ഭസ്മീകരിക്കുക
മൃതിയിലും മോക്ഷമില്ലാതെ പോകട്ടെ
എൻറെ ജന്മവും
വ്യഥകളും ധാർഷ്ട്യവും……II

By ivayana