രചന : എം പി ശ്രീകുമാർ ✍
ഇന്നത്തെ രാവിൻ ചിറകിലേറി
എന്തിത്ര നേരം നീ വന്നതില്ല
കൂടണഞ്ഞല്ലൊ കിളികളെല്ലാം
കൂവുന്ന കോഴിയുറക്കമായി
പാർവ്വണചന്ദ്രൻ ചിരിച്ചു നിന്നു
പാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽ
പാലാഴിപോലെ നിലാവു നിന്നു
പാരിൽ മധുരം പരന്നപോലെ !
ചന്ദനക്കാറ്റൊന്നു വീശി മുന്നെ
ചമ്പകപ്പൂമണമെത്തി പിന്നെ
ചന്ദ്രനുദിച്ച പോലെത്തിടുന്ന
രാഗസ്വരൂപനെ കണ്ടതില്ല
കതിർമഴ പെയ്യുന്ന നേരമായി
കവിത പോലുള്ളം നിറഞ്ഞു പോയ്
ചന്തത്തിൽ കാറ്റിൻ രഥത്തിലെന്റെ
ഗന്ധർവ്വനൊന്നു വന്നെത്തിയെങ്കിൽ.