മൻസൂർ നൈന✍
കായൽപ്പട്ടണത്തേക്കുള്ള ഇപ്രാവശ്യത്തെ യാത്ര മറ്റൊരു ദൗത്യവുമായിട്ടായിരുന്നു. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിക്ക് വേണ്ടിയാണ് കായൽപ്പട്ടണമെന്ന ചരിത്ര ഭൂമികയിലേക്ക് ഒരിക്കൽ കൂടി യാത്ര പോയത് .
മാപ്പിള കലാ അക്കാഡമിഭാരവാഹികൾക്കൊപ്പം കായൽപ്പട്ടണത്തേക്കുള്ള യാത്രയിൽ ഒപ്പം കൂടാൻ പ്രശസ്ത ചരിത്രകാരനും മാപ്പിള കലാ അക്കാഡമി ചെയർമാനുമായ ഡോ. ഹുസൈൻ രണ്ടത്താണി എന്നോടു ആവശ്യപ്പെടുകയായിരുന്നു അതൊരു അംഗീകാരമായി തോന്നി .
സെക്രട്ടറി ബഷീർ ചുങ്കത്തറ , വൈ.പ്രസിഡന്റ് പുലിക്കോട്ടിൽ ഹൈദർ എന്നിവർക്കൊപ്പമായിരുന്നു യാത്ര .
ബഷീർ ചുങ്കത്തറ കെ.എസ്.ഇ.ബി. യിലെ റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയറാണ്. മാപ്പിളപ്പാട്ടുകളും , കത്തുപാട്ടുകളും
ധാരാളം രചിച്ച ,മാപ്പിള പാട്ടിന്റെ കുഞ്ചൻ നമ്പ്യാർ എന്ന അപരനാമത്തിൽ അറിയപ്പെട്ട പ്രശസ്ത മാപ്പിള സാഹിത്യകാരനായ സാക്ഷാൽ പുലിക്കോട്ടിൽ ഹൈദരുടെ
( 1879 – 1975 ) പേരക്കുട്ടിയാണ്( grand son) മറ്റൊരാൾ . ഇദ്ദേഹത്തിന്റെ പേരും പുലിക്കോട്ടിൽ ഹൈദർ എന്നു തന്നെയാണ്. നമ്മുടെ കക്ഷിയായ പുലിക്കോട്ടിൽ ഹൈദർ ഗാനരചയിതാവാണ്. ധാരാളം സിനിമകൾക്കും , ആൽബങ്ങൾക്കുമായി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കൊണ്ടോട്ടിയിലെ മാപ്പിള കലാ അക്കാഡമിയിൽ മാപ്പിള കലകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുന്നു. കായൽപ്പട്ടണത്തേക്കുള്ള യാത്ര അക്കാഡമിയുടെ വേറിട്ടൊരു കാൽവെയ്പ്പിനുള്ള തുടക്കമാണ് . മഅ്ബർ പ്രദേശമായ കായൽപ്പട്ടണവും കേരളക്കരയിലെ മലബാറും തമ്മിൽ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ആത്മബന്ധത്തിന്റെ കഥയും കൂടി ചരിത്രത്തിൽ നിന്നും പറയുവാനുണ്ട്. കായൽപ്പട്ടണത്ത് നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് കച്ചവടത്തിനായി കുടിയേറിയവരുടെ പിന്മുറക്കാരായവർ ധാരാളം ഇന്ന് കൊച്ചിയിലും , മലബാറിലുമായി ജീവിക്കുന്നു . മാത്രവുമല്ല
മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളസാഹിത്യ സൃഷ്ട്ടിയുടെ ഭാഗമായി കായപ്പട്ടണത്ത് കൂടി തന്റെ ജീവിതം ചിലവഴിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു . പ്രശസ്ത പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂമിന്റെ ( റ ) കുടുംബവും കായൽപ്പട്ടണത്ത് നിന്നും കൊച്ചിയിൽ എത്തിയവരാണ്.
കായൽപ്പട്ടണവും – മലബാറും തമ്മിലുള്ള കലാ – സാംസ്ക്കാരിക വിനിമയവും , സമന്വയവുമാണ് മാപ്പിള കലാ അക്കാഡമിയുടെ ലക്ഷ്യം . അതിനായി കായൽപ്പട്ടണത്തെ കറുപ്പുടയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Kayalpattinam Historical Research centre ഉം കൊണ്ടോട്ടിയിലുള്ള മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയും കൈകോർത്തു പിടിക്കുകയാണിവിടെ. അറബി – തമിഴും , അറബി – മലയാളവും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവും കൂടി ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു . കാരണം അറബി – തമിഴിലും , അറബി – മലയാളത്തിലുമായി പണ്ടു കാലത്ത് നിരവധി സാഹിത്യങ്ങളും ,
മഹാകാവ്യങ്ങളാണ് രചിക്കപ്പെട്ടിട്ടുള്ളത് .
ഇതിനിടയിൽ ചില കാര്യങ്ങൾ കൂടി പറയാമല്ലൊ . കായൽപ്പട്ടണത്തുള്ള സാഹിത്യകാരനും , ഗവേഷകനുമായ സാലൈ ബഷീറും മദ്രാസിലെ ഒരു സംഘം ഗവേഷകരും കൊണ്ടോട്ടിയിലെ മാപ്പിള കലാ അക്കാഡമി സന്ദർശിച്ചപ്പോൾ കായൽപ്പട്ടണവും – മലബാറും തമ്മിലുള്ള കലാ – സാംസ്കാരിക വിനിമയം
സംബന്ധിച്ച ചർച്ചകൾ ചെറിയ രീതിയിൽ തുടങ്ങി വെച്ചിരുന്നു . കൂടാതെ പത്രപ്രവർത്തകനായ നൗഷാദ് മങ്ങാടിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെച്ചു ചേർന്ന കൂടിച്ചേരലിൽ
മഅ്ബർ – മലബാർ സംഗമത്തെ കുറിച്ചൊരു ആലോചനകളുണ്ടായിരുന്നു . ഈ കൂടിയാലോചനകളിൽ കായൽപ്പട്ടണത്തുകാരായ സാലൈ ബഷീർ , മുഹമ്മദ് സുൽത്താൻ ബാഖവി , പിന്നെ കോഴിക്കോടു നിന്നു മുതിർന്ന പത്രപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി , സൈനുദ്ദീൻ മന്ദലാംകുന്ന് തുടങ്ങി ഈയുള്ളവനടക്കം നിരവധി പേർ അതിൽ പങ്കെടുത്തിരുന്നു .
ഇന്നിപ്പോൾ മാപ്പിള കലാ അക്കാഡമി ഇത് യാഥാർത്ഥ്യമാക്കുകയാണ് എന്നതിനാൽ ഏറെ സന്തോഷമുണ്ട് . കാരണം നൈന – മരയ്ക്കാർ ചരിത്രഗവേഷണത്തിനിടയിൽ കായൽപ്പട്ടണവുമായുള്ള കൊച്ചി – മലബാർ ബന്ധം വളരേ വിശദമായി തന്നെ പുറത്തെത്തിക്കുവാൻ കഴിഞ്ഞു എന്നതും അതിന്റെ തുടർച്ചയെന്നോണം തന്നെയാണ് ഇത്തരം ചർച്ചകൾക്ക് വഴിയൊരുങ്ങിയത് എന്നതിലും ഏറെ സന്തോഷമുണ്ട് . കാരണം 2019 ൽ തന്നെ നൈന – മരയ്ക്കാർ ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി ഞങ്ങൾ കായൽപ്പട്ടണത്ത് എത്തിയിരുന്നു .
‘ നൈന – മരയ്ക്കാർ ചിത്രം അറിയപ്പെടാത്ത ഏടുകൾ ‘ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കാനെത്തിയത് മാപ്പിള കലാ അക്കാഡമി ചെയർമാനായ
ഡോ. ഹുസൈൻ രണ്ടത്താണിയാണ് , ഉദ്ഘാടകൻ പ്രശസ്ത ചരിത്രകാരൻ ഡോ . കെ.കെ.എൻ. കുറുപ്പായിരുന്നു .
നൂറ്റാണ്ടുകൾക്ക് ശേഷം മഅ്ബർ – മലബാർ ബന്ധത്തെ അരക്കിട്ടുറപ്പിക്കുമ്പോൾ ചരിത്രത്തോടൊപ്പം ഇതിന്റെയെല്ലാം ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും തോന്നുന്നു .
Kayalpattinam varalatru aayvu maiyyam
(കായൽപ്പട്ടണം ചരിത്ര ഗവേഷണ കേന്ദ്രം )
Organizer: Mr. KAM Abubakar
Coordinators : Mr. Kayal Amanullah
Mr. KMA Ahmed Mohideen
യോഗത്തിൽ പങ്കെടുത്തവർ ….
ബഷീർ ചുങ്കത്തറ ( കൊണ്ടോട്ടി )
പുലിക്കോട്ടിൽ ഹൈദർ ( കൊണ്ടോട്ടി)
മൻസൂർ നൈന ( കൊച്ചി )
സാലൈ ബഷീർ ( കായൽപ്പട്ടണം )
കായൽ അമാനുള്ളാഹ് ( കായൽപ്പട്ടണം )
കെ.എം.എ. അഹമ്മദ് മുഹയുദ്ദീൻ ( കായൽപ്പട്ടണം )
എ.കെ. ശംസുദ്ദീൻ ( കായൽപ്പട്ടണം )
എസ്.ടി. അബൂബക്കർ ( കായൽപ്പട്ടണം )
എം.എം. അബ്ദുൽ അസീസ് ( കായൽപ്പട്ടണം )
ജെ.എം. അബ്ദുൾ റഹീം ഖാദിരി ( കായൽപ്പട്ടണം )