രചന : ബിനു. ആർ✍
സമത്വമെന്നവാക്കുച്ചരിക്കേണ്ടുംസമയം
നന്മയിൽ ഉൾക്കണ്ടുറങ്ങിയുണരാം
സമത്വം വേണമെന്ന തിരിച്ചറിവിൽ
സ്ത്രീ പുരുഷൻ എന്ന വർണ്ണങ്ങളിൽ
രണ്ടെന്നവേർതിരിവുകൾ, ഒന്നാക്കീടാം.
സ്ത്രീലിംഗപദവിന്യാസങ്ങൾ ലോകത്തിൻ
ഭാഷാസംഞ്ജയിൽ നിന്നും ഒഴിവാക്കീടാം
പുരുഷന്റെവാരിയെല്ലല്ല സ്ത്രീയെന്നുറക്കെ
മുഷ്ടിചുരുട്ടിവാനത്തിലെറിഞ്ഞു പാടിടാം.
മറന്നിടാം മാനവിക ലിംഗവ്യത്യാസങ്ങൾ
മറന്നീടാം മറയ്ക്കപ്പെട്ട നിലനില്പിൻ
ഹേതുക്കൾ ശാരീരികമാനസികദുർലഭത്വം
മറന്നീടാം അവനവളെന്ന വിഭിന്നം.
ചൊല്വിളികൾ കേട്ടുണരാമെന്നും പുലരിയിൽ
മനുഷ്യനെന്നൊറ്റപ്പദംമാത്രം കേളികൊട്ടട്ടെ
എങ്ങുംമുഴങ്ങട്ടെ കേളീരവങ്ങളുജ്ജ്വലമായി
വളർന്നീടട്ടെയാകാശം മുട്ടെ പ്രതിധ്വനികൾ.
ചുറ്റുവട്ടങ്ങളിലെല്ലാം നിറഞ്ഞുതൂവുന്നു,
പരമേശ്വരന്റെ പാതിമെയ്യെന്ന നിനവിൽ
സമസ്തമാം അർദ്ധനാരീശ്വരസങ്കല്പം
ശക്തിയെന്നവൾ നമിയ്ക്കപ്പെടുന്നു.
പ്രപഞ്ചശക്തിയാലെന്നപോൽ,നിറയും
മന്ത്രം ഈശനും അമ്മയ്ക്കും ഗുരുവിനും
തുല്ല്യതയാർന്നവളെന്നുചൊല്ലേണ്ടവർ
നന്മമരങ്ങൾ നൽചിന്തുകൾ ചന്തങ്ങൾ.
എത്രകേട്ടാലും സമരസപ്പെടാത്തവർ
സമത്വത്തിനെതിരായ് നെഞ്ചുതളർന്നുറഞ്ഞു
പറയുന്നു,സമത്വം സ്വാതന്ത്ര്യം പാരതന്ത്ര്യം
ആകാശഗോപുരം ചീട്ടുകൊട്ടാരം.
ഒരിക്കലും പരിസമാപ്തിയില്ലാതെ
കേഴുന്നു,അഭിനവമാനവശക്തി,
സ്ത്രീസമത്വമില്ലായെന്നഴലുന്നു
ലോകത്തിനുമുമ്പിൽ വർണ്ണങ്ങളിൽ.
വേർതിരിവുകണ്ടവർ,എതിർ അധീശത്വം
എല്ലാം തകരട്ടെയെന്നാർപ്പുവിളിക്കുന്നു,
സമത്വസുന്ദരമാം ഈലോകഗോളത്തിൽ
അവിശ്വാസങ്ങൾതൻമൂല്യത്തകർച്ചയിൽ!
സ്വാതന്ത്ര്യമെന്നവാക്ക് അവളെനോക്കി
വിടലച്ചിരിചിരിച്ചു കൊഞ്ഞനംകുത്തുന്നു
ശക്തിയുടെദൗർബ്ബല്യംതിരിച്ചറിഞ്ഞുകൊണ്ട്,
രാത്രിയിലെ ധൈര്യമില്ലായ്മയെ ചൂണ്ടിക്കൊണ്ട്.
അബലയാണെന്നു വിളിച്ചുകൂവുന്നൂ,
അവൾ,
അധീശത്തിന്നടിമകിടന്നുകൊണ്ട്..!
തിരിച്ചറിവുകൾവരേണമെന്നുല്ഘോഷിക്കുന്നു
വരേണ്യവർഗ്ഗങ്ങളിൽചിലർ, കൊതുകുപോൽ.
വാക്ധോരണികൾ മുഴക്കുന്നു,പലർ,ചിന്തിതർ
പുറത്തുവരൂ ;അടിമത്വത്തിൻ
കറുത്തമേലങ്കികൾക്കുള്ളിൽനിന്നും
സ്വാതന്ത്ര്യമെന്നധീഷ്ണതയെപുണർന്നുകൊണ്ട്,
എന്നേയ്ക്കും
സ്വതന്ത്രരാവാൻ,പുറത്തുവരൂ…
ഇനിയെങ്കിലും കത്തിജ്ജ്വലിക്കണം
വാനോളമുയരത്തിൽ,
പറന്നുയരണം വാനവില്ലിൽ മുത്തമിടാൻ
പ്രപഞ്ചത്തിൻഅവ്യക്തമായ
ശക്തിയായി താനെന്ന,നേർക്കാഴ്ചയിൽ.
വിശ്വാസമുൾച്ചേർന്നുകൊണ്ടുനിജപ്പെടാം
ഭൂമിയുടെ ഉരുണ്ടപാർശ്വങ്ങളിൽ
ലിഖിതമായ് ചേർക്കപ്പെടേണ്ടവളെന്ന
ശക്തമായ വികാരമുൾക്കൊണ്ടുകൊണ്ട്..!
ഞാനും നീയുമൊന്നെന്ന തത്വം
ഉദ്ബോധിപ്പിച്ചുകൊണ്ട്!
-0-