രചന : സന്തോഷ് കുമാർ ✍

വിജനഭൂവിൽ നഗ്നപാദനായ്
ഏകാന്തനായ് മുന്നിൽ നടപ്പാതയിൽ
മുമ്പേ നടന്നവർതൻ കാൽപ്പാടുകൾ
അസ്തമയ സൂര്യൻതൻ അരുണരാശിയിൽ മുഖംതുടുത്തു.
പാഴ് ചെടികൾ.. ഇലപൊഴിക്കും ദ്രുമങ്ങൾ..
ചിതറിയ കരിങ്കൽക്കൂട്ടം
കൂട്ടം തിരിഞ്ഞ് കുഞ്ഞാടുകൾ..
ഭ്രമരഗീതത്താൽ ഇണയെ തിരഞ്ഞ്
വണ്ടുകൾ
ചില്ലയിലിരുന്നൊരു മുഖരം കൂട്ടരെ വിളിച്ചാർത്തു കരഞ്ഞു.
അകലെ പുരാതനക്ഷേത്രം ആകെ തകർന്നും…
അനാഥബിംബങ്ങളും അനവരതം കണ്ണീർവാർത്തു
മന്ദോഷ്ണ കാറ്റിനാൽ ധൂളിപറന്നു
കാഴ്ച്ചമറച്ചൊരു മാകന്ദശാഖി
ചോണനുറുമ്പിൻ കൂടാരമായ്‌
ദിനരശ്മികൾ മങ്ങി…രജനി വരവായി..
നീണ്ട വഴികളിൽ പിൻനടപ്പില്ലല്ലോ.
കൂട്ടായി നാട്ടുവെളിച്ചവും ഉള്ളിലെ കെടാവിളക്കും.
നിശാമോഹിനി മാടിവിളിപ്പൂ..സ്നേഹപരിരംഭണമേകി
വ്യത്യസ്ത ലോകങ്ങൾ… സാമ്യമകന്ന ഭൂമികകൾ
ചഞ്ചലം ദീപ്തമീ ഭൂമികേ.
നീയെത്ര മനോഹരി..

സന്തോഷ് കുമാർ 🖋️

By ivayana