മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന് ക്ഷണിക്കപ്പെട്ട അതിഥികൾ ഹർഷാരവത്തോടെ അവർക്ക് പിന്തുണയേകി. ഡബ്ല്യൂ.എം.സി (WMC) ന്യൂയോർക്ക് പ്രോവിന്സിന്റെ ഓണാഘോഷവും ചുമതലക്കാരുടെ സ്ഥാനാരോഹണവും പുതുതായി ചുമതലയേറ്റ ഗ്ലോബൽ ഭാഹരവാഹികളെ ആദരിക്കുന്ന ചടങ്ങും വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ വർണ്ണാഭമായി എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു.
കേരളത്തിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം ജനപ്രതിനിധി കേരളത്തിന്റെ പ്രിയങ്കരിയായ രമ്യാ ഹരിദാസ് മുഖ്യാതിഥി ആയിരുന്നു. WMC ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയൺ പ്രസിഡൻറ് ജിനേഷ് തമ്പി, ഗ്ലോബൽ ഐ.ഓ.സി. കമ്മറ്റി ചെയർമാൻ മാത്യുക്കുട്ടി ഈശോ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗങ്ങളായ ലിൻഡ ലീ, ശേഖർ കൃഷ്ണൻ, വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക ചെയർമാൻ ഗുരുജി ദിലീപിജി മഹാരാജ് ന്യൂയോർക്ക് ഗവർണറുടെ ഉപദേഷ്ടാവ് സിബു നായർ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങുകൾക്ക് കൊഴുപ്പേകി.
ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയുടെയും മാവേലിയുടെയും അകമ്പടിയോടെ എം.പി. രമ്യാ ഹരിദാസിനെയും മറ്റു വിശിഷ്ട വ്യക്തികളെയും ഏവരും ചേർന്ന് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തനതായ ശൈലിയിൽ പാട്ടും പ്രസംഗവുമായി എം.പി. രമ്യാ ഹരിദാസ് ഓണാശംസകൾ നേർന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ന്യൂയോർക്ക് സിറ്റി കൗൺസിലറും മലയാളിയുമായ ശേഖർ കൃഷ്ണൻ, കൗൺസിൽ അംഗം ലിൻഡാ ലീ, ഗവർണറുടെ ഉപദേഷ്ടാവ് മലയാളിയായ സിബു നായർ എന്നിവർ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. ഗുരുജി ദിലീപ് മഹാരാജ് ഓണ സന്ദേശം നൽകി. വർണ്ണശബളമായ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും അപർണ്ണാ ഷിബുവിൻറെ ശ്രുതിശുദ്ധമായ ഓണപ്പാട്ടുകളും എല്ലാം ചേർന്നപ്പോൾ പങ്കെടുത്ത എല്ലാവർക്കും ഗൃഹാതുരത്വവും നാട്ടിലെ ഓണാഘോഷങ്ങളുടെ മധുരസ്മരണകളും അയവിറക്കുവാനുള്ള അവസരമായി മാറി. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ, അഡ്മിൻ വൈസ് പ്രസിഡൻറ് ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയണൽ പ്രസിഡൻറ് ജിനേഷ് തമ്പി, ഗ്ലോബൽ ഐ.ഓ.സി. കമ്മറ്റി ചെയർമാൻ മാത്യുക്കുട്ടി ഈശോ എന്നിവരെ യോഗത്തിൽ പൊന്നാട അണിയിച്ചും സ്പെഷ്യൽ സൈറ്റേഷൻ നൽകിയും ആദരിച്ചു.
സത്യവാചകം ചൊല്ലി പുതുതായി സ്ഥാനമേറ്റെടുത്ത WMC ന്യൂയോർക്ക് പ്രോവിൻസ് ചുമതലക്കാർ: വർഗ്ഗീസ് പി.എബ്രഹാം (രാജു) (ചെയർമാൻ), സിസിലി ജോയ്, ഈപ്പൻ ജോർജ് (വൈസ് ചെയർമാൻമാർ), ബിജു ചാക്കോ (പ്രസിഡൻറ്), സജി തോമസ്, ഏലിയാമ്മ അപ്പുക്കുട്ടൻ, അബ്രഹാം സി. തോമസ് (വൈസ് പ്രസിഡന്റുമാർ), സക്കറിയാ മത്തായി (സെക്രട്ടറി), ബിജോയ് ജോയി (ജോയിൻറ് സെക്രട്ടറി), ജെയിൻ ജോർജ് (ട്രഷറർ), അജിത് കുമാർ (ജോയിൻറ് ട്രഷറർ), മാത്യുക്കുട്ടി ഈശോ (ഉപദേശക സമിതി ചെയർമാൻ), പോൾ ചുള്ളിയിൽ, ജെയ്‌സൺ ജോസഫ് (ഉപദേശക സമിതി അംഗങ്ങൾ), ഡോ. നിഷാ പിള്ള (വിമൻസ് ഫോറം ചെയർ), ഗ്രേസ് അലക്സാണ്ടർ (വിമൻസ് ഫോറം സെക്രട്ടറി), തോമസ് മാത്യു, ഷാജി എണ്ണശ്ശേരിൽ (മീഡിയ കോർഡിനേറ്റേഴ്‌സ് പി.ആർ.ഓ), കോശി ഓ. തോമസ് (ഇലക്ഷൻ കമ്മീഷണർ), ജിമ്മി സ്കറിയാ (യൂത്ത് ഫോറം സെക്രട്ടറി), ഹേമചന്ദ്രൻ പെരിയാൽ (ബിസിനസ്സ് ഫോറം ചെയർമാൻ), സാനു മാത്യു, മേരി ഫിലിപ്പ്, മുരളി രാഘവൻ, സോണി അലക്സ്, സന്തോഷ് ചെല്ലപ്പൻ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ).