രചന : പ്രൊഫ. പി എ വർഗീസ് ✍
ജീവിത കദനക്കടലിന്നരികെ
കാതരമിഴിയാലലഞ്ഞു നടക്കേ
പുണ്യ പരാഗ പരിമള ഗന്ധം;
പ്രശോഭിതമായൊരു താമരപോലവൻ
സവിധമണഞ്ഞു വാരിപ്പുണർന്നു
കണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു.
പോകാം നമുക്കൊരുമിച്ചങ്ങാ-
യമ്പലമുറ്റത്തരയാൽ തണലിൽ
കാറ്റ് വിതക്കും ഗാനം കേൾക്കാൻ
തൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;
തിരുവാതിരയിലാടിപ്പാടാൻ’
അമ്പലമണികൾ കൊട്ടിയടിക്കാം
ദീപാരാധനഗാനം മൂളാം.
കാട്ടിൽ പോകാം കാകളി കേൾക്കാം
കാറ്റോടൊത്തൊരു ശ്ലോകം ചൊല്ലാം
കായൽക്കരയിൽ തെന്നിപ്പോകും
തൂമണമേന്തും കാറ്റിൽ നീന്താം
തരുണീമണികൾ ഞാറു നടുന്നതും
കൊയ്ത്തും മെതിയും കണ്ടു നടക്കാം
കണ്ണിൽ നിൻതിരി കത്തിയിരിക്കെ
രാത്രികളെല്ലാം പകലുകളാകും.
പോകാം നമുക്കൊരുമിച്ചങ്ങ-
ത്തോണിയിലേറി തിരകൾ മുറിച്ചു
പാൽമണിമുത്തുകൾ വാരിയെറിഞ്ഞു
പവിഴപ്പുറ്റുകൾ തേടിത്തേടി
കാറ്റിൻ ഗീതികൾ പാടിപ്പാടി;
അലയാഴിയാടിത്തകർക്കുന്ന കാണൂ
വന്നീക്കടലിന്നെക്കിളിയാക്കൂ
തിരകളിലേറി കെട്ടിപ്പുണരാം
ആനന്ദത്താൽപീലിവിടർത്താം.