രചന : സനദ് എംപിഎം ✍

ഇന്നലെ, ഞങ്ങൾ കുറച്ചുപേർ ചാവക്കാട് കടപ്പുറത്ത് പോയി.
തിരക്കൊഴിഞ്ഞ ഒരിടത്തു ചെന്ന് ഞാൻ കടലിലേക്കു നോക്കിയിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അഞ്ഞൂർക്കാരൻ ദിലീഷ് അടുത്തുവന്ന് ഒന്നും മിണ്ടാതെയിരുന്നു, പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു : ‘ ജീവിച്ചിരിക്കുന്ന
ഓരോ നിമിഷവും നമ്മൾ പറ്റിക്കപ്പെടുകയാണല്ലേ, സനത്തേട്ടാ…?’.
ദിലീഷ് അവന്റെ ഒരു ദുഖാനുഭവം പറയാൻ തുടങ്ങി.


ഒരു ദിവസം രാവിലെ പണിക്കു തയ്യാറായി വന്ന് ജെട്ടിയിടാൻ എടുത്തു നോക്കിയപ്പോൾ അതിന്റെ മുൻവശത്തുതന്നെ വട്ടത്തിൽ എലി കരണ്ടിരിക്കുന്നു. വേറെ രണ്ടെണ്ണമുണ്ട്, പഴക്കംമൂലം അല്ലറചില്ലറ ദ്വാരങ്ങൾ ഉണ്ടെങ്കിലും ഉപയോഗിക്കാം. എന്നിരുന്നാലും, പുതിയ രണ്ടു ജെട്ടികൾ വാങ്ങണമെന്ന് ദിലീഷ് തീരുമാനമെടുത്തു. അന്ന് വൈകുന്നേരം വാർക്കപ്പണി കഴിഞ്ഞുവന്ന് അവൻ
കൂട്ടുകാരനായ സ്വരാജിന്റെ ബൈക്കുമായി കുന്നംകുളത്തേക്കു വിട്ടു.
എൺപത് സൈസ്…..’ചേട്ടന് ലൈറ്റ് കളർ പോരെ…?’..സെയിൽസ്‌ ഗേൾ
ചോദിച്ചു. കരിക്കട്ടയുടെ നിറമുള്ള കരിമാടിദിലീഷ് അത് സമ്മതിച്ചു .


ഒരു പാക്കിങ്ങിൽ മൂന്നു ജെട്ടികൾ – വില എൺപത് രൂപ. കുറച്ചുകൂടി മുന്തിയത് വേണം എന്നു പറഞ്ഞപ്പോൾ, ഒന്നിന് തൊണ്ണൂറ് രൂപ വിലവരുന്നത്‌ എടുത്തുകൊടുത്ത് സെയിൽസ് ഗേൾ അവനെത്തന്നെ നോക്കിനിന്നു. അടുത്ത കാലത്തൊന്നും, ഇത്രയേറെ വിലവരുന്ന ജെട്ടി താൻ ഉപയോഗിച്ചിട്ടില്ലല്ലോ എന്നോർത്ത ദിലീഷിന് അവളുടെ നൊട്ടമത്ര പിടിച്ചില്ല – ‘ഇത് മതി’.


ആശാൻ മോഹനേട്ടൻ കണക്ക് ശരിയാക്കി കൂലി തരുമ്പോൾ ഇതുപോലത്തെ രണ്ടെണ്ണംകൂടി വാങ്ങണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവൻ മടങ്ങി.
രാത്രി, ഓരോന്നും ചിന്തിച്ചുകൊണ്ട് കിടക്കുമ്പോൾ ജെട്ടിയുടെ വീതി കൂടിയ
ഇലാസ്ടിക്കിൽ വിരലൊന്നു തടവിനോക്കി . നല്ല സ്മൂത്ത്‌… കൊടുത്ത വില
തൊണ്ണൂറ് മുതലാവും…!. പിന്നെയും തടവിയപ്പോൾ ഒരു നൂലിന്റെ അഗ്രം
വിരലിൽ തടഞ്ഞു . അത് ചൂണ്ടുവിരലിൽ തിരുപ്പിടിച്ചുകൊണ്ട് പിന്നെയും
ചിന്തകളിൽ മുഴുകി.


രാവിലെ ഉണർന്ന് , ഉടുമുണ്ട് തിരയുമ്പോഴാണ്‌ അതു ശ്രദ്ധിച്ചത്‌ . ഇലാസ്ടിക്ക് അരയിൽ തന്നെയുണ്ട്. ജെട്ടിയുടെ ബാക്കി ഭാഗം കാലിലൂടെ ഊർന്നുവീണ്, പാദങ്ങളിൽ ഇരിക്കുന്നു. വിഷമത്തോടെ ദിലീഷ് ചൂണ്ടു വിരലിൽനിന്ന്‌ നൂലുണ്ട അഴിച്ചുകളഞ്ഞു. എന്തായാലും പെങ്ങളുടെ തയ്യൽ മെഷീൻ വീട്ടിലുണ്ടായത് ഭാഗ്യം. വട്ടത്തിൽ സ്ടിച്ച് ഓടിച്ച്, മേകല്ലനെപ്പോലെ തിരിച്ചെത്തിയപ്പോൾ
ജെട്ടിയുടെ അരവട്ടം, പിന്നെയും ബാക്കി …..!.


ഇത്രയും പറഞ്ഞ് കടപ്പുറത്ത് എഴുന്നേറ്റുനിന്ന ദിലീഷ്, തന്റെ മുണ്ട് അഴിച്ചുപിടിച്ച് സങ്കടത്തോടെ പറഞ്ഞു – ‘ഇത് നോക്കെന്റെ സനത്തേട്ടാ…’. ഞാൻ നോക്കിയപ്പോൾ, പാവാടക്കുള്ളതു പോലെ ഞൊറികളുള്ള ഒരു ജെട്ടി…..!!!.
കൂട്ടുകാരെ , ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ നിങ്ങളുടെ ഈ സ്നേഹിതൻ പാഴാക്കാറില്ല. അതും, വേണ്ട രീതിയിൽ വിനിയോഗിക്കുക തന്നെ ചെയ്യും. ചിരിച്ചു ചിരിച്ചെന്റെ നിയന്ത്രണം വിട്ടുപോയി. അവിടെ ചിലരൊക്കെ എന്നെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ, പുറത്തുവന്ന ചിരിയെല്ലാം പ്രയാസപ്പെട്ട് കടിച്ചമർത്തി ഞാൻ ദിലീഷിനെ നോക്കി. ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കഭാവത്തോടെ, സനത്തേട്ടനിത്, എന്തു പറ്റിയയെന്ന മട്ടിൽ വാ പൊളിച്ച് എന്നെത്തന്നെ നോക്കുകയാണ് ദിലീഷ്. അങ്ങനെയാ മുഖം കണ്ടപ്പോൾ വീണ്ടുമെന്റെ നിയന്ത്രണം പോയി. പിന്നെ, ആ കടപ്പുറത്ത് ഞാൻ ആരെയും ഗൗനിച്ചില്ല… ആരെയും കണ്ടതുമില്ല.


ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നമ്മൾ പറ്റിക്കപ്പെടുകയാണല്ലേ….?.

സനദ് എംപിഎം

By ivayana