രചന : സുരേഷ് പൊൻകുന്നം ✍

വരുന്നുണ്ടന്തിയാകുമ്പോൾ പകൽ
പലവഴിക്കും പിരിഞ്ഞുപോയവർ..
പകലിന്റെയുപ്പുമുഷ്ണവും അഴുക്കും
മെഴുക്കുമുരച്ച് നാറ്റം കളഞ്ഞ്
പുണരുവാൻ പുകയ്ക്കുവാൻ
വരുന്നുണ്ടന്തിയാകുമ്പോൾ…
പകലുരിഞ്ഞു പോയ മാനമത്
മറക്കാൻ: ഒളിക്കാൻ
ഇടമില്ലാത്തവർ വരുന്നു
സത്രത്തിലൊരു തുടം റം തേടി…
പകൽ നിരത്തിൽ കുഴഞ്ഞു വീണവർ
അധമരശ്ലീല തെരുവ് ഗായകർ
വരിയുടക്കപ്പെട്ട ജീവിതം
മുലമുറിഞ്ഞവളച്ചോരയാലിന്ന്
മദനകവിത മഹാകാവ്യമാക്കിയോൾ
ഇവിടെ സത്രത്തിലിന്നു ഞാനെത്തുന്നു
അവളെവിടെപ്പോയി പണ്ടെന്റെ രാവുകൾ
തിരിയണച്ചെന്നെ തീക്കുണ്ഡമാക്കിയോൾ…
രതിയിലന്നു ഞാൻ തിരയാത്ത
കവനമൊന്നുമേ ബാക്കിയില്ലല്ലോ..
കഥകഴിഞ്ഞെന്നോ ആരോ
കടിച്ചു കീറിത്തിന്നെന്നോ ഹാ…
പുഴുവരിച്ചു തീർന്നോ പറക നീ വേഗം
മുനിഞ്ഞ് കത്തും വിളക്കുമായ്
വിറ വിറച്ചിരിക്കും കറുത്ത കാവൽക്കാരാ..
കറുത്ത കാവൽക്കാരാ..പണ്ട്
കഥ പറഞ്ഞ് നീ കടല തന്ന്
ചുണ്ടിലൊഴിച്ച ചാരായ മണമിന്നുമുണ്ട്
അവളെ നീ കണ്ടോ…ഒടുക്കമെങ്ങാനും
നടുക്കമില്ലെന്റെ മനസ്സിന്ന് പാകം
ദുരന്തങ്ങൾ കാണുവാൻ കേൾക്കാൻ
അടുക്കലായെല്ലോയെന്റെയൊടുക്കവും
ചുച്ചുച്ചുച്ചുവതേ.. ആ പഴമ്പല്ലി തന്നെ
ഉച്ചത്തിൽ ചൊല്ലുന്നു സത്യം കടുപ്പം
അവളവളൊടുങ്ങിപ്പോയേ..ആ..
ഉടല് കീറിയഴുതയാറിലൊഴുകിപ്പോയേ..
ഇളകിയാടിത്തൂങ്ങും പഴേ ഫ്രെയ്മിൽ
നരച്ച താടിയുള്ള ചടച്ച ദൈവത്തെ മാറ്റി
ചിരിച്ച് വില്ല് കുലയ്ക്കും
പുതിയ ദൈവമോ രാമാ രഘുരാമ രാമ..
കറുത്ത കാവൽക്കാരാ നീയു-
മറിഞ്ഞ് കൊണ്ട് തന്നെ രാമ രാമക്കളി
കറുത്ത കാവൽക്കാരാ ഞങ്ങൾ
കഴുവേറികൾ
വരുന്നുണ്ടന്തിയാകുമ്പോൾ
പലവഴിക്കും പിരിഞ്ഞുപോയവർ..
ഇലപോലെ പാറി പല നാട്ടിലൂടലഞ്ഞ്
പതയും പതവും വന്നവർ
ഒരു തുണ്ട് തുണിയിൽ മറയാത്ത
നാണമുരിഞ്ഞ് ചുരമാന്തി മാന്തി
പൊളിഞ്ഞ യോനീമുഖവുമായ്,
ഒടുങ്ങാത്ത നീറ്റലിൽ പിടഞ്ഞും
കരഞ്ഞും പുഴുത്ത നാ പോലെ
ഏറുകൊണ്ടേറുകൊണ്ട് കിതച്ചു
പോയവർ വരുന്നുണ്ടന്തിയാകുമ്പോൾ
പലവഴിക്കും പിരിഞ്ഞുപോയവർ..
ഇടങ്കയ്യിൽ കഞ്ചാവ് വലം വിരലാൽ
ഞെരുടിത്തെറുത്തേറ്റമൂക്കോടെ
പുകയൂതിയൂതി ചുമച്ചും കിതച്ചും
പുലരുവോളം പുലയാട്ടുമായി
കൊടിച്ചിത്തെരുവിലെ കൂത്തച്ചികൾ
വരുന്നുണ്ടന്തിയാകുമ്പോൾ
വരുന്നുണ്ടന്തിയാകുമ്പോൾ,
ചോറ്റില നക്കി നടന്ന ചാവുകൾ
ഒരുചുരുൾപ്പുക കാത്തുടം റം
ഒരു ചുണ്ടുകോട്ടി പുച്ഛച്ചിരി
അത് മാത്രം മതി ചാവുകൾക്ക്
അരനേരമെങ്കിലും ശാന്തി
ലഭിക്കുവാൻ…
കഥയുണ്ടോ കാവൽക്കാരാ
നിൻ കയ്യിലിരുൾ മൂടുമീ സത്രത്തിൽ
ഇരതേടിയെത്തുന്ന
നരിച്ചീറുകൾ പോൽ ഞങ്ങൾ
അറിയുന്നുവോ നീ
ഇരുട്ടാണിനി ഞങ്ങൾ മോന്തിക്കുടിക്കുക
ഇറുകെ കണ്ണടക്കുന്നു ഞങ്ങൾ
വിഷം തിന്ന് തിന്ന് പകലുമിരവും
പരസ്പരം കുത്തിക്കുടലെടുത്തും
വടിവാളിനാൽ വെട്ടിത്തലയറുത്തും
ഇരുട്ടാണിനി വാഴ്‌വ്
ഇരുട്ടിലേക്കുള്ള യാത്രയ്ക്ക് കൂട്ട്
സനാതനം തല പെരുത്ത് പെരുത്ത്…
ഒടുക്കം കൂട്ട മരണ മണിമുഴക്കങ്ങൾ
ഹാ..സത്ര സൂക്ഷിപ്പ്കാരാ
അറിയുന്നുവോ നീയിതുവല്ലതും..
ഗതിയറ്റ് പോയ സത്രത്തിൽ
മതിയറ്റ് പോയവർ ഞങ്ങൾ..

സുരേഷ് പൊൻകുന്നം

By ivayana