രചന : ഖുതുബ് ബത്തേരി ✍

മുറുക്കിപ്പിടിച്ചതൊക്കെയും
വീണുപോവേണ്ടതാണ്.
ഉള്ളിലടക്കിപ്പിടിച്ചതും
കൈയെത്തും ദൂരെ
നഷ്ടമായതുമെല്ലാം
വിധിയുടെ
കണക്കുപുസ്തകത്തിൽ
അടയാളപ്പെടുത്തി
കടന്നുപോകേണ്ടതുമാണ്.!
എല്ലാമാറിയുന്ന
ഒരുവന്റെ ഇച്ഛകൾക്കപ്പുറമല്ല
നാം തേടിയതും
നമ്മെ തേടിയെത്തിയതും
കൈവന്നതും
കൈവിട്ടുപോയതൊന്നും.!
ഒരിക്കലിവിടം
വിട്ടേച്ചുപോകുന്നയീ
ജീവിതംപോലും
കരുണയും കാരുണ്യവും
അത്രമേലാനുഗ്രഹവും
ദുനിയാവിന്റെ ഇമ്പത്തെക്കാൾ
ആഖിറത്തോടുള്ള
മുഹബ്ബത്തിലധിഷ്ഠിതവുമാണ്.!
ദുനിയാവിങ്ങനെ
നമ്മുടെയുള്ളിനെ
മതിഭ്രമിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ
ആഖിറത്തിലേക്കുള്ള
ദൂരമേറയാവും,
ഇന്നിന്റെ
മായികവലയത്തിനുള്ളിൽ
പെട്ടുപോകുമ്പോൾ
നാളെയുടെ
ചോദ്യങ്ങൾക്കുത്തരം
കിട്ടാതെ നാം ഉയറിഉലയും.!
സഹനസമരങ്ങളുടെ ആഴങ്ങളിലിറങ്ങിയിട്ടും
പാപങ്ങളെല്ലാം
പൊറുക്കപ്പെട്ടിട്ടും
നാഥന്റെ ഏറ്റവുമടുത്തുള്ള
ഇഷ്‌ക്കുള്ളയടിമയായിട്ടും
അന്തിയാമങ്ങളിൽ
നയനങ്ങളിൽ
മൺതരികൾകുതിരുമാറു
അവനിലേക്ക്
സദയമെത്താൻ
തിടുക്കംകൊണ്ട
പുണ്യറസൂലിന്റെ
ഓർമ്മകളിലാണ് നമ്മളിപ്പോൾ.!
💚💚

ഖുതുബ് ബത്തേരി

By ivayana