രചന : ബോബി വേവുകാറ്റ് ✍

മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??
അതും നിങ്ങളെ സദാസമയവും ചുറ്റിപ്പറ്റി നിന്നുരുന്ന സ്നേഹങ്ങളെക്കുറിച്ച്, സ്നേഹിതരെക്കുറിച്ച്,
ഇനിയും നിങ്ങളെ മറന്നുപോകാത്തവരെക്കുറിച്ച്, ഇന്നും നിങ്ങളെയോർത്തു നെഞ്ച് പൊള്ളുന്നവരെക്കുറിച്ച്……
കപടമായ വാക്കുകളിൽ മെനെഞ്ഞെടുത്ത ക്ഷമാപണം കൊണ്ടും നിങ്ങളെ എത്തിപ്പിടിക്കാൻ പറ്റാത്തവിധം തെന്നിമാറിക്കൊണ്ടും നിങ്ങൾ എത്രയെത്ര മനുഷ്യരെ സാവധാനത്തിൽ ഒഴിവാക്കിയിട്ടുണ്ട്…..???
ഓർമ്മയുണ്ടോ……??
എങ്ങിനെ ഓർക്കാനാണ്…..!!
മികച്ച അംഗീകാരങ്ങൾ ലഭിക്കുമ്പോൾ, മെഴുകുതിരി വെട്ടത്തിൽ കുലീനമായ തീന്മേശയ്ക്ക് ചുറ്റുമിരിക്കുമ്പോൾ, അലങ്കാരദീപങ്ങൾ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോൾ, ആഹ്ലാദരാവുകളിൽ വീഞ്ഞ് തലയ്ക്കു പിടിക്കുമ്പോൾ ഒക്കെയും നിങ്ങൾ എങ്ങിനെ ഓർക്കാനാണ്…..
ഒരുകപ്പ് ചായയിൽ സായാഹ്നസന്തോഷങ്ങൾ പങ്കിട്ടിരുന്ന, ഒരു ചോക്ലേറ്റ് തുണ്ടിന്റെ മാധുര്യത്തിൽ കണ്ടുമുട്ടലുകൾ ആഘോഷിച്ചിരുന്ന, ഒരു ഓർഡിനൻറി ബസിന്റെ സീറ്റ്‌ പങ്കിട്ട് ജാലകകാഴ്ചകൾ കണ്ടിരുന്ന, ഒരു ഊഷ്മളമായ ആലിംഗനത്തിൽ അന്നത്തെ വിയർപ്പിന്റെ ചൂരും മടുപ്പും ചവർപ്പും കൊണ്ടിട്ടിരുന്ന തൊട്ടികൾ ആയ മനുഷ്യരെയൊക്കെ എങ്ങിനെയോർക്കാനാണ് നിങ്ങൾ……
ഒരുമിച്ചു നടന്ന പാതയോരങ്ങൾ, ആകാംഷയോടെ കാത്തുനിന്ന കാത്തിരിപ്പ് ബെഞ്ചുകൾ, കൊതിയോടെ തലചായ്ക്കാൻ വെമ്പിയിരുന്ന ചുമലുകൾ, പ്രഭാതം മുതൽ പ്രദോഷം വരെ നിന്നെ പിന്തുടർന്നിരുന്ന വാക്കുകൾ, ചിരികൾ, സന്ദേശങ്ങൾ, വിളികൾ എല്ലാം നിങ്ങൾ സൗകര്യപൂർവ്വം മറന്നിട്ടില്ലേ…………
മറന്നിട്ടില്ലാത്തവരെ ഞാനിവിടെ ഒന്നേ രണ്ടേ മൂന്ന് എന്നെണ്ണി മാറ്റിനിർത്തുന്നു………..
മറന്നവർ നിങ്ങൾ ആയിരമാകാം പതിനായിരമാകാം എന്നും ഞാൻ പ്രതീക്ഷിക്കുന്നു……..
അവരെ മരിച്ചവരെപ്പോലെ നിങ്ങൾ മനസ്സിൽ അടക്കിയിട്ടുണ്ടെങ്കിൽ എന്നെങ്കിലും ഒരുനാൾ അവർ ഉയിർത്തെഴുന്നേറ്റ് വരും നിങ്ങളുടെ നെഞ്ചിലേക്ക്. അത് എന്നാണെന്നോ ഏത് മണിക്കൂറിലാണെന്നോ നിങ്ങൾക്ക് കണക്ക് കൂട്ടാൻ പറ്റില്ല. ഒരു ഉറപ്പ് മാത്രം പറയാം.
നിന്റെ മനസ്സ് ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്ന നിമിഷത്തിലാണ് അതെന്ന് മാത്രം ഇവിടെ പറഞ്ഞു വയ്ക്കുന്നു……….

ബോബി

By ivayana