രചന : അനു സാറ✍

നിൻ മുടിയിഴകളിൽ നിന്നുതിർന്ന സുഗന്ധമിന്നെവിടേ ?
നിന്നാത്മാവുവെന്തെരിഞ്ഞൊരാ- പുകച്ചുരുളിനാൽ
നീറിയെരിയുന്നെൻ മിഴികൾ
നിൻ പുടവയോ ഹരിതമനോജ്ഞമായിരുന്നു
നിന്നലങ്കാരങ്ങളാൽ നീയോ
സുന്ദരരൂപിണിയായിരുന്നു
നിന്നുടയാടകളിലശുദ്ധി പടർന്നുവോ ?
ഹരിതമനോജ്ഞമാം നിൻചേലയോ കാർമേഘമിരുളും വാനമായോ?
നിന്നോമൽ പാദസരങ്ങൾ കളകളം കൊഞ്ചിപ്പാടിയില്ലേ
മണ്ണിൻ മാറിടങ്ങളിൽ മറഞ്ഞുവോ ഒഴുകിപ്പാഞ്ഞയാ വെള്ളിച്ചാലുകൾ
അകലുന്നുവോ നീയാ- നിത്യതയിലേക്കിന്ന്,
ആകറ്റിയോ നിന്നെയോർമ്മകളിൽ മാത്രമായ്
പിച്ചവച്ചു കളിയാടുവാൻ കുരുന്നുകൾക്കായ് ആരാമമിവിടെയില്ല
മാമുണ്ടു ചാഞ്ഞുറങ്ങുവാനോ
പൂമെത്തയുമില്ലിവിടെ
മണ്ണിന്റെഗന്ധംമരിച്ച പുതുമയുടെ പ്രഹസനങ്ങൾ മാത്രം
ഇനിയുമൊരു പുനർജന്മമേകുമോ നിനക്കായ്
നവതലമുറകൾ
ആ മടിയിൽ ഞാൻ തലചായ്ച്ചുറങ്ങീടുവാനായ്
ആ ശ്വാസത്തിൻ ഗന്ധമറിയുവാനായ്
നിൻതാരാട്ടു കേട്ടുറങ്ങീടുവാനായ്
നീയിനിയും പൂവണിഞ്ഞീടട്ടെ
നിൻ വദനം പുഞ്ചിരിയാൽ നിറഞ്ഞീടട്ടെ
നിന്നിൽചേർന്നലിയുവാനിനിയും
കൊതിയോടെ കാത്തിരിപ്പു
ഞാനിവിടെയെന്നും.

അനു സാറ

By ivayana